വിഴിഞ്ഞം: എന്തിന്റെ പേരിലായാലും വിഴിഞ്ഞം തുറമുഖ പദ്ധതിയെ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് എതിരെ മുല്ലൂര്‍ കലുങ്ക് ജംഗ്ഷനില്‍ പ്രാദേശിക ജനകീയ കൂട്ടായ്മ നടത്തുന്ന 15-ാം ദിവസത്തെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാട് ആഗ്രഹിച്ചതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. പിന്നാക്കം നിന്നുപോകുന്ന നമ്മുടെ നാട്ടിലെ വികസന സ്വപ്നങ്ങള്‍ക്ക് ആവേശവും ഊര്‍ജവും പകരുന്നതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. അന്താരാഷ്ട്ര തുറമുഖ പദ്ധതി വേണ്ടെന്നുളളത് ആരുടെ ഭാഗത്തായാലും അത് അനുവദിക്കില്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും നടത്തിപ്പിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും തുറമുഖത്തിന്റെ കാര്യത്തില്‍ ഏകാഭിപ്രായമാണ്. തമിഴ്നാട്ടിലെ കൂടംകുളത്തും പദ്ധതിക്കെതിരെ കേരളത്തിലെ ജനങ്ങള്‍ സമരം നടത്തി. എന്നാല്‍ അവിടെ നിന്നും കേരളത്തിനും വൈദ്യുതി ലഭിക്കുന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി മാറികൊടുത്തവരുടെ ആവശ്യങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു സ്ഥലവും വീടും വിട്ടുകൊടുത്തവര്‍ക്ക് ആവശ്യമായ പരിഹാരം കണ്ടിട്ടുണ്ട്. വലിയ തൊഴില്‍ സാധ്യതയാണ് തുറമുഖത്തിലൂടെ വരാന്‍ പോകുന്നത്. അതിനെ തട്ടിതെറിപ്പിക്കാന്‍ ഇടയാക്കുന്ന സമരങ്ങളെ ഒറ്റക്കെട്ടായി നിര്‍ഭയം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു.വി.എസ്., ജില്ലാ സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, രക്ഷാധികാരി പരശുവയ്ക്കല്‍ മോഹന്‍കുമാര്‍, പ്രാദേശീക ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ വെങ്ങാനൂര്‍ ഗോപകുമാര്‍, മോഹനചന്ദ്രന് നായര്‍, മുക്കോല സന്തോഷ്, സഞ്ചുലാല്‍, സതികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: