തിരുവനന്തപുരം: കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ 1.17 ലക്ഷം രൂപ കാണാനില്ല. പ്രതിദിന കളക്ഷനിലെ തുകയാണ് കാണാതായിരിക്കുന്നത്. ഡീസൽ ബില്ല് നൽകാൻ വിട്ടുപോയതെന്നാണ് ജീവനക്കാരുടെ വിശദീകരണം. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്.
യുണിറ്റ് ഓഫീസറുടെ പരാതിയിൽ, ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആൻ്റ് ക്യാഷ് ഡിപ്പാർട്ട്മെൻറിൽ നടത്തിയ പരിശോധയിൽ ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിപതിനെട്ട് രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി തിരുവനന്തപുരം യൂണിറ്റിന് ദിവസം 35 മുതൽ 50 ലക്ഷം രൂപ വരെയാണ് വരുമാനം. ഈ ആഴ്ചയിലെ തുടക്കത്തിലെ കണക്കുകൾ പരിശോധിച്ചു വന്നപ്പോഴാണ് നാലു ദിവസം മുൻപ് പ്രതിദിന കളക്ഷൻ തുകയും ബാങ്കിൽ അടക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം കണ്ടത്.
ടിക്കറ്റ് വരുമാനത്തിൽ നിന്നുള്ള പണത്തിൽ ടോൾ പിരിവ്, ഡീസലടിക്കാനുള്ള പണം എന്നിവ മാറ്റിവെച്ച് ബാക്കി തുക ബാങ്കിലടക്കണം. എന്നാൽ വൗച്ചർ ബില്ലുമായി ഒത്തുനോക്കിയപ്പോഴാണ് ഒരു ലക്ഷത്തിലധികം രൂപ കാണാനില്ലെന്ന് കണ്ടെത്തിയത്. യൂണിറ്റ് ഓഫീസർ ചീഫ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്ത് പരാതി നൽകിയിട്ടുണ്ട്.
ഡീസൽ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസർവേഷൻ ടിക്കറ്റുകൾ മാത്രമായി സർവീസ് നടത്തിയ ബസുകളിൽ ഡീസൽ അടിച്ചതിന്റെ ബില്ല് നൽകാൻ വിട്ടുപോയതാണ് പൊരുത്തക്കേടിന് കാരണമെന്നാണ് ജീവനക്കാരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: