നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ചും, അതുവഴി സമ്പദ്വ്യവസ്ഥ ശക്തിപ്പെടുന്നതിനെയും ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്നതിനെക്കുറിച്ചുമുള്ള അന്താരാഷ്ട്ര നാണയനിധിയായ ഐഎംഎഫിന്റെ പ്രശംസ അപ്രതീക്ഷിതമല്ല. മോദിസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തുന്നതിനെക്കുറിച്ച് അറിയുന്ന ആര്‍ക്കും മറിച്ച് അഭിപ്രായമുണ്ടാവില്ല. ഇന്ത്യയിലെ കാര്യങ്ങള്‍ ആകര്‍ഷണീയമാണെന്നും, ജനങ്ങളെ സഹായിക്കാനുള്ള പദ്ധതികള്‍ കുറഞ്ഞ വരുമാനക്കാരിലേക്ക് നേരിട്ടെത്തുന്നത് അതിശയകരമായ രീതിയിലാണെന്നും ഐഎംഎഫ് മേധാവികള്‍ പറഞ്ഞിരിക്കുന്നു. ഇന്ത്യാ രാജ്യത്തിന്റെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുന്ന മോദിസര്‍ക്കാരിന്റെ ഡയറക്ട് ട്രാന്സാക്ഷന് പദ്ധതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഐഎംഎഫ് മേധാവികള്‍. പുത്തന്‍ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തെ സ്ത്രീകളെയും കര്‍ഷകരെയും മുതിര്‍ന്ന പൗരന്മാരെയും സഹായിക്കുന്ന പദ്ധതികളില്‍ മതിപ്പ് രേഖപ്പെടുത്തിയ ഐഎംഎഫ്, ആധാര്‍ ഉപയോഗം ഇന്ത്യയുടെ സവിശേഷതയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തത് കേന്ദ്രസര്‍ക്കാരിനുള്ള ബഹുമതിയാണ്. സഹായം ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ അത് എത്തിക്കുക എന്ന സങ്കീര്‍ണമായ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് ഇതിന് ഉദാഹരണമാണെന്നും ഐഎംഎഫ് മേധാവികള്‍ പറഞ്ഞിരിക്കുന്നു.
കള്ളപ്പണവും കണക്കില്‍പ്പെടാത്ത പണവും അഴിമതിയും ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനത്തിന്റെ പേരില്‍ ഇപ്പോഴും കോലാഹലമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ചിലര്‍. സുപ്രീംകോടതിയെപ്പോലും ഇക്കൂട്ടര്‍ ഇതിനുവേണ്ടി ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും, രാജ്യത്ത് ജനക്ഷേമ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നത് പ്രചോദനം നല്‍കുന്നതാണെന്നും ഐഎംഎഫ് വിലയിരുത്തുന്നത്. കള്ളപ്പണത്തിന്റെ ഗുണഭോക്താക്കളായിരുന്നവരാണ് നോട്ടുനിരോധനത്തെക്കുറിച്ച് ഇപ്പോഴും അമര്‍ഷം കൊണ്ടുനടക്കുന്നത്. ഈയൊരു കാര്യം മാത്രമാണ് മോദിസര്‍ക്കാര്‍ നടപ്പാക്കിയതെന്നാണ് ഇവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നുക. യഥാര്‍ത്ഥത്തില്‍ സാമ്പത്തികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് എട്ടുവര്‍ഷംകൊണ്ട് മോദിസര്‍ക്കാര്‍ വരുത്തിയത്. ഇത് വെറും അവകാശവാദം മാത്രമല്ല, ആര്‍ക്കും അനുഭവിച്ചറിയാവുന്നതാണ്. രാജ്യത്തെ നികുതി നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള ജിഎസ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നു. രാജ്യത്തെ എല്ലാ നിലയ്ക്കും സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വിജയകരമായി മുന്നേറുകയാണ്. പല മേഖലകളിലും അത്ഭുതകരമായ ചലനങ്ങളാണ് ഇതുണ്ടാക്കുന്നത്. കൊച്ചി കപ്പല്‍ശാല രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സ്വന്തം നിലയ്ക്ക് വിമാനവാഹിനിക്കപ്പല്‍ നിര്‍മിച്ചത് തിളങ്ങുന്ന ഉദാഹരണങ്ങളിലൊന്നുമാത്രം.
സേവനമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന് അഥവാ നിപ് വന്‍വിജയമാണ്. ദുര്‍ബല ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് രൂപംകൊടുത്ത അടല്‍ പെന്ഷന് യോജന നേരത്തെ എല്ലാവര്ക്കും വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ആദായനികുതി കൊടുക്കുന്നവരെ ഇതില്‍നിന്ന് ഒഴിവാക്കി. രാജ്യത്തെ പാവപ്പെട്ട എല്ലാവര്ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കൊണ്ടുവന്ന ജന്‍ധന്‍ യോജന ചരിത്രപരമായ വിജയമാണ് കൈവരിച്ചത്. വലിയ സാമ്പത്തിക ശാക്തീകരണത്തിന് ഇത് വഴിവച്ചു. ഏഴ് വര്‍ഷത്തിനിടെ നാല്പത്തിയഞ്ച് കോടി ആളുകളാണ് പുതുതായി ബാങ്ക് അക്കൗണ്ട് തുറന്നത്. സൗജന്യമായി രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കും. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഉജ്വല്‍ യോജന വഴി പതിനാല് കോടി വനിതകള്‍ക്കാണ് പാചകവാതക കണക്ഷന് ലഭിച്ചത്. പാവപ്പെട്ട കര്‍ഷകരെ സഹായിക്കാന്‍ ആവിഷ്കരിച്ച പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ചുതന്നെ പതിനൊന്ന് കോടിയിലേറെപ്പേര്‍ക്കാണ് സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണമെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയതുപോലെ മുന്‍സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് നിഷേധിച്ച നേട്ടങ്ങളാണ് ഇവയെല്ലാം. സാമ്പത്തികരംഗത്തെ മുന്നേറ്റം തുടരുകതന്നെയാണ്. ഇതിന്റെ സ്വാഭാവിക പ്രതികരണമാണ് ഐഎംഎഫില്നിന്നുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: