ഡോ. എസ്.ഡി.സിങ്
സീനിയര്‍ കണ്‍സള്‍ട്ടന്റ്, സൈക്യാട്രി
സുധീന്ദ്ര മെഡിക്കല്‍ മിഷന്, കൊച്ചി
അരനൂറ്റാണ്ട് മുമ്പ് മുംബൈയില്‍ രാമന് രാഘവന് എന്നൊരു സീരിയല്‍ കില്ലര്‍ അറസ്റ്റിലായി. തെരുവില്‍ ഉറങ്ങിക്കിടന്നിരുന്ന നാല്പതോളം സാധുക്കളെ തലയ്ക്കടിച്ചു കൊന്ന കേസിലാണ് അയാള്‍ പിടിയിലായത്. അന്നു ഞാന്‍ മുംബൈയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ ഇയാളെ മനോനില പരിശോധനയ്ക്കു കൊണ്ടുവന്നു. കൊലപാതകത്തിന്റെ മോട്ടീവ് ഇയാള്‍ ഞങ്ങളുടെ പ്രൊഫസറോടു വെളിപ്പെടുത്തി. നൂറു പേരെ തലയ്ക്കടിച്ചു കൊന്നാല്‍ ഉടലോടെ സ്വര്‍ഗത്തില്‍ പോകാം എന്ന് എവിടെനിന്നോ ഒരു വിശ്വാസം അയാളില്‍ കുടിയേറിയിരുന്നു. ആ ലക്ഷ്യം നിറവേറാനായാണ് അയാള്‍ കൃത്യം നടത്തിയിരുന്നത്. തന്റെ കുറ്റകൃത്യത്തിന്റെ ഗൗരവത്തെപ്പറ്റി അയാള്‍ക്ക് വലിയ ബോധ്യം ഇല്ലായിരുന്നു. ഇയാളെ നമുക്ക് ഒരു സൈക്കോപ്പാത്ത് എന്നു വിളിക്കാന്‍ കഴിയില്ല. സീരിയല്‍ കില്ലര്‍ മാത്രമാണയാള്‍. ഡില്യൂഷന് ഡിസോഡര്‍ അഥവാ വിഭ്രമവൈകല്യം എന്ന മനോരോഗത്തിന് അടിമയാണ് എന്നു പറയാം.
എന്നാല്‍ നരബലി നടത്തിയ മുഹമ്മദ് ഷാഫിയിലേക്കു വരുമ്പോള്‍ കഥ മാറുന്നു. ഇയാള്‍ക്ക് കുറ്റകൃത്യത്തിന്റെ വരുംവരായ്കകളെപ്പറ്റി ഉറച്ച ബോധ്യമുണ്ട്. കൃത്യമായി ആസൂത്രണം ചെയ്യാനും അത് നിയമവ്യവസ്ഥയില്‍നിന്നു മറച്ചു പിടിക്കാനും അയാള്‍ക്ക് അറിയാം. ഓരോ കുറ്റകൃത്യത്തില്‍നിന്നും അയാള്‍ സുഖം നുകരുന്നുമുണ്ട്. കുറ്റകൃത്യമാണ് എന്ന ഉത്തമബോധ്യത്തോടെയാണ് ഇയാള്‍ അതു ചെയ്യുന്നത്. രാമന് രാഘവന്റേത് മനോരോഗമാണെങ്കില്‍ മുഹമ്മദ് ഷാഫിയുടേതു മനോവൈകല്യമാണ്. ആദ്യത്തേതിനു ഏറെക്കുറെ ഫലപ്രദമായ ചികിത്സ ഉണ്ട്. രണ്ടാമത്തേത് വളരെ ചെറിയ പ്രായത്തില്‍ (15 വയസിനു മുമ്പ്) കണ്ടെത്തിയാല്‍ മാത്രമേ ചികിത്സിച്ചിട്ടു കാര്യമുള്ളൂ. അതും പൂര്‍ണഫലം പ്രതീക്ഷിക്കേണ്ട.
എല്ലാവിധത്തിലുമുള്ള സാമൂഹിക വിരുദ്ധ ചിന്തകളും ആശയങ്ങളും പ്രവര്‍ത്തികളും ഉള്ളയാളും എന്നാല്‍ സാധാരണ ജീവിതത്തില്‍ അതു സമര്‍ഥമായി മറച്ചുപിടിക്കുന്നവരുമാണു സൈക്കോപ്പാത്തുകള്‍. സ്ഥിരം കുറ്റവാളികള്‍ മുതല്‍ ഉന്നതഭരണാധികാരികള്‍ വരെ സൈക്കോപ്പാത്തുകളായുണ്ട്. ഡോക്ടര്‍മാരുടെയും പോലീസുകാരുടെയും ഇടയില്‍പ്പോലും ഇവരുണ്ട്. അധ്യാപകര്‍ക്കിടയിലും. വളരെ അടുത്ത് ഇടപഴകുന്നവര്‍ക്കു മാത്രമേ ഇവരുടെ ഈ സ്വഭാവം തിരിച്ചറിയാന്‍ കഴിയൂ. ടൈയും കെട്ടി സ്യൂട്ടും ഇട്ടു വലിയ മാന്യന്മാരായി പുറമേക്കു തോന്നിപ്പിക്കുന്ന സൈക്കോപ്പാത്തുകളുമുണ്ട്. അസാധാരണമായ രീതിയില്‍ കഴിവുള്ളവരുമായിരിക്കും സാധാരണ നിലയലില്‍ ഇവര്‍. ഷാഫിയിലും ഇതു കാണാം. ഹോട്ടല്‍ പണി, ലോറി ഡ്രൈവിങ്, മെക്കാനിക്ക്… തുടങ്ങി പല മേഖലകളില്‍ വിദഗ്ധനാണ് അയാള്‍. ഇവരുടെ സ്വഭാവവൈകൃതം തിരിച്ചറിയുന്നവരെ പാട്ടിലാക്കാനുള്ള സിദ്ധിവിശേഷവും ഇവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ജീവിതപങ്കാളിയും മക്കളുമൊക്കെ പലപ്പോഴും ഇവരെ ന്യായീകരിച്ചുകൊണ്ടിരിക്കും. ഷാഫിയുടെ ഭാര്യ അയാളെ ന്യായീകരിക്കുന്നതു ശ്രദ്ധിക്കുക.
ആരോഗ്യം, അധികാരം, സ്വാധീനം, പണം എന്നിവ ആര്ജിക്കുന്നതിനുസരിച്ച് ഇവരുടെ കുറ്റകൃത്യത്തിന്റെ തോത് ഏറിവരും. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികളോടും ലൈംഗികതയോടും ഇവര്‍ക്കു പതിവില്‍ക്കവിഞ്ഞ അഭിനിവേശം ഉണ്ടാവും. ലൈംഗികവൈകൃതങ്ങളും ഇവര്‍ക്കുണ്ടാവും. സുഖങ്ങളെ ഉന്മാദാവസ്ഥയില് ആസ്വദിക്കുന്നവരാണിവര്‍. ഈ ഉന്മാദം തേടലിനിടയില്‍ മറ്റുള്ളവരുടെ വികാരങ്ങളെ ഇവര്‍ മാനിക്കാറില്ല. എന്നാല്‍, ലൈംഗികസുഖാന്വേഷികളല്ലാത്ത സൈക്കോപ്പാത്തുകളും ചുരുക്കമായി ഉണ്ട്.
സമൂഹത്തിലെ ഏറ്റവും അപകടകാരികളായ കുറ്റവാളികളാണ് സൈക്കോപ്പാത്തുകള്‍. ഏറ്റവും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കുറ്റവാസനയാണ് ഇവരുടേത്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്കു വളരുന്നതിനിടെ കുറ്റകൃത്യത്തിന്റെ തീക്ഷ്ണത ഏറുകയും ചെയ്യും. ഷാഫി ഇതിനോടകം പത്ത് കേസില്‍ പ്രതിയാണ്. പൈശാചികമായ ഒരു കുറ്റകൃത്യത്തിനുശേഷം അടുത്തത് ഏതാനും മാസത്തിനകംതന്നെ അയാള്‍ നടത്തി. ഈ രണ്ട് കൃത്യത്തിലും പങ്കാളിയായ ഭഗവല്‍ സിങ്ങിനെ കൊല്ലാനും അയാള്‍ ആസൂത്രണം ചെയ്തു. രണ്ട് സൈക്കോപ്പാത്തുകള്‍ തമ്മില്‍ ചേര്‍ന്നാല്‍ പിന്നെ കുറ്റകൃത്യത്തിന്റെ വേഗവും വീര്യവും ഏറും. ഇതും ഈ കേസില്‍ കാണാന്‍ കഴിയും. ലൈലയുമായി ചേര്‍ന്നു കഴിഞ്ഞപ്പോള്‍ ഇയാളുടെ ആക്ഷന്റെ സ്വഭാവം മാറിയതു ശ്രദ്ധിക്കുക.
ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍വരെ ഈ സ്വഭാവവൈകല്യം ഏറിയും കുറഞ്ഞും കാണാം എന്നു പഠനങ്ങള്‍ പറയുന്നു. പുരുഷന്മാരിലാണ് ഇതു പൂര്‍ണാര്‍ഥത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളില്‍ ഇത് ‘എക്സ്പ്ലോസീവ് ബോര്‍ഡര്‍ലൈന്‍ പേഴ്സനാലിറ്റി ഡിസോഡര്‍’ ആയി കാണപ്പെടും. ഇപ്പോഴത്തെ നരബലിക്കേസിനെപ്പറ്റി അറിഞ്ഞതുവച്ചു വിലയിരുത്തിയാല്‍ മുഹമ്മദ് ഷാഫി തികഞ്ഞ സൈക്കോപ്പാത്തും ലൈല ഇടത്തരം സൈക്കോപ്പാത്തുമാണ്. ഭഗവല്‍ സിങ്ങിലും സൈക്കോപ്പാത്തിന്റെ അംശങ്ങള്‍ ഉണ്ട്. വിലകൂടിയ വസ്ത്രം ധരിച്ചതുകൊണ്ടോ ഉന്നത ജോലി ചെയ്യുന്നതുകൊണ്ടോ ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ടോ ആകര്‍ഷകമായി സംസാരിക്കുന്നതുകൊണ്ടോ ഒരാള്‍ സൈക്കോപ്പാത്ത് ആകാതിരിക്കുന്നില്ല. നമുക്കു മുന്നില്‍ എത്തുന്നവരുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയേ ഇത്തരക്കാരെ തിരിച്ചറിയാന്‍ കഴിയൂ. സൈക്കോപ്പാത്തുകള്‍ പൊതുവേ മാനസികരോഗ ചികിത്സയില്‍നിന്നു വഴുതിപ്പോവാന്‍ മിടുക്കുകാണിക്കുന്നവരും ആയിരിക്കും. അതുകൊണ്ട് സാധാരണ നിലയില്‍ ഇവരെ ചികിത്സയ്ക്കു കിട്ടാന്‍ പ്രയാസമാണ്.
ജനിതകഘടകങ്ങളാണ് ഒരു സൈക്കോപ്പാത്തിന്റെ സൃഷ്ടിയിലെ നിര്‍ണായക ഘടകം. മുഹമ്മദ് ഷാഫിയുടെ ഫാമിലി ട്രീ പരിശോധിച്ചാല്‍ ഇതേ സ്വഭാവമുള്ള പൂര്‍വികരെ കണ്ടെത്താന്‍ കഴിയും. കൗമാരത്തില്‍ ഉണ്ടാകുന്ന കയ്പേറിയതും ഉന്മാദമുണ്ടാക്കുന്നതും ഞെട്ടല്‍ ഉണ്ടാക്കുന്നതുമായ അനുഭവങ്ങള്‍ക്കും സൈക്കോപ്പാത്തിനെ മെനഞ്ഞെടുക്കുന്നതില്‍ പങ്കുണ്ട്.
ഇത്തരം സ്വഭാവം കാണിക്കുന്ന കുട്ടികളെ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും തിരിച്ചറിയാന്‍ കഴിയും. പക്ഷേ, ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. മാതാപിതാക്കള്‍ ഇതു പലപ്പോഴും ഒളിച്ചുവയ്ക്കാനാണ് ശ്രമിക്കുക. ജൂവനൈല്‍ ഹോമില്‍ എത്തപ്പെടുന്ന കുട്ടികളില്‍ സൈക്കോപ്പാത്തുകളെ കണ്ടെത്തി ചികിത്സ നടത്തിയാല്‍ നമുക്കു കുറെയൊക്കെ നിയന്ത്രിക്കാന്‍ കഴിയും.
സൈക്കോപ്പാത്തുകള്‍ ആവര്‍ത്തിച്ചു കുറ്റം ചെയ്തുകൊണ്ടിരിക്കും എന്നതാണു നമ്മുടെ വ്യവസ്ഥയുടെ കുഴപ്പം. പോലീസിനും കോടതിക്കും കേസ് അന്വേഷിക്കാനും തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കുവാനും മാത്രമേ കഴിയുന്നുള്ളൂ. സൈക്കോപ്പാത്തിന്റെ സ്വഭാവം കാണിക്കുന്ന പ്രതികളെ അതനുസരിച്ച് മാനസികചികിത്സയിലേക്കു പ്രവേശിപ്പിക്കാന്‍ ദൗര്‍ഭാഗ്യവശാല്‍ നമുക്ക് സംവിധാനമില്ല. അതുകൊണ്ട് ഓരോ ശിക്ഷകഴിഞ്ഞ് ഇറങ്ങുമ്പോഴും അവര്‍ കൂടുതല്‍ രൂക്ഷമായ കുറ്റം ചെയ്ത് വീണ്ടും നിയമസംവിധാനത്തിനു മുന്നില്‍ എത്തുന്നു. ജീവിതാന്ത്യംവരെ ഇവര്‍ക്കു കുറ്റം ചെയ്യാതിരിക്കാന്‍ കഴിയില്ല. കുറ്റകൃത്യങ്ങളുടെ ഇടവേളകളില്‍ ഇവര്‍ ഒന്നു പതുങ്ങിയതായി തോന്നും. പക്ഷേ, അടുത്ത കുറ്റകൃത്യത്തിന്റെ പ്ലാനിങ്ങില്‍ ആയിരിക്കും ഇവര്‍. ഷാഫിയുടെ കാര്യത്തിലും നമുക്കിതു കാണാം. സൈക്കോപ്പാത്തുകളുടെ അടിവേരറുക്കുന്ന മട്ടില്‍ നിയമം ഉണ്ടാക്കാന്‍ ഇനിയും വൈകിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: