ബെംഗളൂരു : ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതിനുള്ള വിലക്ക് തുടരുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവില്‍ നിരോധനം തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
സുപ്രീംകോടതിയില്‍ നിന്ന് മികച്ച ഉത്തരവ് പ്രതീക്ഷിക്കുന്നു. ആധുനിക സമൂഹത്തിന് ചേര്‍ന്ന ഉത്തരവ് വിശാല ബെഞ്ചില്‍ നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ണാടക സര്‍ക്കാര്‍ പ്രതികരിച്ചു. ഹിജാബില്‍ നിന്നുള്ള മോചനമാണ് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. ഇത് കോടതി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ സമൂഹിക മാധ്യമങ്ങളിലും നിരീക്ഷണം ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
2021 ഡിസംബര്‍ 27ന് ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ കയറാന്‍ ശ്രമിക്കുകയും അധ്യാപകന് അത് തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളോട് കോളേജിലെ പ്രത്യേക മുറിയില്‍ വച്ച് അഴിച്ചു മാറ്റിയ ശേഷം ക്ലാസില്‍ ഇരുത്താമെന്ന് അറിയിക്കുകയും ഈ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയുമായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് കര്‍ണ്ണാടക ഹൈക്കോടതി നിരോധനത്തിനെ ശരിവെയ്ക്കുകയും ചെയ്തിരുന്നു. ഹിജാബ് മതവിശ്വാസത്തിന്റെ അഭിവാജ്യ ഘടകമല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രണ്ടംഗ ഡിവിഷന് ബെഞ്ച് വിഭിന്ന വിധി പ്രസ്താവിച്ചതോടെ തീരുമാനം വിശാല ബെഞ്ചിന് വിട്ടു. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇനി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില്‍ ഭിന്നവിധി പ്രഖ്യാപിച്ചത്. കര്‍ണാടക ഹൈക്കോടതി വിധിയെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചപ്പോള്‍ ജസ്റ്റിസ് സുധാന്‍സു ധൂലിയ എതിര്‍ത്തുകൊണ്ടുള്ള വിധിയാണ് പ്രസ്താവിച്ചത്. ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: