കൊച്ചി : പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് യുവതിയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പോലീസ് കേസ് എടുക്കുകയും കോണ്‍ഗ്രസ്സിനുള്ളില്‍ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായ ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധര്‍ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേര് ജനിച്ചു മരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവര്ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദി. എന്നായിരുന്നു എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണം ശക്തമായതോടെ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് നേതാക്കളും കൈവിട്ടു. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളെ കാണാന്‍ എംഎല്‍എ ശ്രമിച്ചെങ്കിലും ആരും അതിനു തയ്യാറായില്ലെന്നാണ് അറിയുന്നത്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ ശക്തമായ നടപടിവേണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അഭിപ്രായപ്പെട്ടത്. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ സമാന്തരമായ പാര്‍ട്ടി അന്വേഷണമുണ്ടാവില്ലെന്നും സതീശന് അറിയിച്ചു.
എന്നാല്‍ എംഎല്‍എയുടെ രണ്ട് ഫോണുകളും നിലവില്‍ സ്വിച്ച് ഓഫാണ്. ഓഫീസിലും വീട്ടിലും ഇല്ല എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണെന്നാണ് വിവരം. നിലവില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് എംഎല്‍എയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. എംഎല്‍എയെ അറസ്റ്റ് ചെയ്യാനും പോലീസ് നീക്കം തുടങ്ങി. കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ശനിയാഴ്ച്ചയാണ് എംഎല്‍എയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കുന്നത്.
അതിനിടെ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നല്കിയ പരാതിയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് ഇന്ന് എംഎല്‍എ യുടെ ഭാര്യയില്‍ നിന്ന് മൊഴിയെടുക്കും. യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്നാണ് എംഎല്‍എയുടെ ഭാര്യയുടെ പരാതി. ഈ ഫോണ്‍ ഉപയോഗിച്ച് എംഎല്‍എയ്ക്ക് എതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: