ഹൈദരാബാദ്: പ്രതിസന്ധിഘട്ടത്തില്‍ പരസ്പരം സഹായിക്കുന്നതിന് അന്താരാഷ്ട്രസമൂഹത്തിന്റെ വ്യവസ്ഥാപിതസമീപനം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നവീകരണമനോഭാവമുള്ള യുവത്വമാര്‍ന്ന രാഷ്ട്രമാണ് ഇന്ത്യയെന്നും ‘ആരും മാറ്റിനിര്‍ത്തപ്പെടുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കുന്നു’വെന്നും ഐക്യരാഷ്ട്രസഭയുടെ ലോക ജിയോസ്പേഷ്യല്‍ അന്താരാഷ്ട്രസമ്മേളനത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി പറഞ്ഞു
‘ഇന്ത്യയില്‍, സാങ്കേതികവിദ്യ ഒഴിവാക്കലിനുള്ള കാരണമല്ല. ഏവരെയും ഉള്‍ക്കൊള്ളിക്കുന്നതിനുള്ള ഉപാധിയാണ്’ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഹൈദരാബാദില്‍ നടക്കുന്ന സമ്മേളനത്തില്‍ സന്തുഷ്ടിപ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ നഗരം സംസ്കാരത്തിനും പാചകവൃത്തിക്കും ആതിഥ്യമര്യാദയ്ക്കും ഹൈടെക് മനോഭാവത്തിനും പേരുകേട്ടതാണെന്നു വ്യക്തമാക്കി.
സമ്മേളനത്തിന്റെ ‘ആഗോളഗ്രാമത്തെ ഭൗമാധിഷ്ഠിതമാക്കല്‍: ഒരാളെയും മാറ്റിനിര്‍ത്തരുത്’ എന്ന പ്രമേയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യ സ്വീകരിച്ച നടപടികളില്‍ കാണാന്‍കഴിയുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഞങ്ങള്‍ അന്ത്യോദയ എന്ന വീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നു, അതായത്, ഏതുകോണിലുമുള്ള ഏതുവ്യക്തിയെയും ദൗത്യമെന്നനിലയില്‍ ശാക്തീകരിക്കല്‍’ അദ്ദേഹം പറഞ്ഞു. ബാങ്കുകളുമായി ബന്ധമില്ലാതിരുന്ന 450 ദശലക്ഷംപേരെ യുഎസ്എയേക്കാള്‍ കൂടുതല്‍ അംഗസംഖ്യയുള്ള, ബാങ്ക് ശൃംഖലയുടെ കീഴിലെത്തിച്ചു. ഫ്രാന്‍സിലെ ജനസംഖ്യയുടെ ഇരട്ടിയോളംവരുന്ന 135 ദശലക്ഷംപേര്‍ക്ക് ഇന്‍ഷുറന്‍സ് നല്കി പ്രധാനമന്ത്രി വിശദീകരിച്ചു. 110 ദശലക്ഷം കുടുംബങ്ങള്‍ക്കു ശുചിത്വസൗകര്യങ്ങളും 60 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്കു കുടിവെള്ള ടാപ്പ് കണക്ഷനും എത്തിച്ചു, ‘ആരും മാറ്റിനിര്‍ത്തപ്പെടുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കുന്നു’ അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികവിദ്യയും പ്രതിഭയുമാണ് ഇന്ത്യയുടെ വികസനയാത്രയുടെ പ്രധാന സ്തംഭങ്ങള്‍. സാങ്കേതികവിദ്യ പരിവര്‍ത്തനം കൊണ്ടുവരുന്നു. 800 ദശലക്ഷംപേര്‍ക്കു ക്ഷേമ ആനുകൂല്യങ്ങള്‍ തടസമില്ലാതെ വിതരണംചെയ്ത, മൂന്നുഘടകങ്ങള്‍ ഒന്നിച്ച, ജെഎഎം പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പു പരിപാടിക്കു കരുത്തേകിയ സാങ്കേതികസംവിധാനത്തെയും പ്രധാനമന്ത്രി ഉദ്ധരിച്ചു. ‘ഇന്ത്യയില്‍, സാങ്കേതികവിദ്യ ഒഴിവാക്കലിനുള്ള കാരണമല്ല. ഏവരെയും ഉള്‍ക്കൊള്ളിക്കുന്നതിനുള്ള ഉപാധിയാണ്’ മോദി പറഞ്ഞു.
ഉള്‍ക്കൊള്ളിക്കലിലും പുരോഗതിയിലും ജിയോസ്പേഷ്യല്‍ സാങ്കേതികവിദ്യയുടെ പങ്കു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സ്വാമിത്വ, പാര്‍പ്പിടം തുടങ്ങിയ പദ്ധതികളിലെ സാങ്കേതികവിദ്യയുടെ പങ്കും, സ്വത്തുടമസ്ഥതയിലും സ്ത്രീശാക്തീകരണത്തിലുമുണ്ടായ അനന്തരഫലങ്ങളും ദാരിദ്ര്യവും ലിംഗസമത്വവും സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളില്‍ നേരിട്ടു സ്വാധീനംചെലുത്തുന്നു പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തി ആസൂത്രണപദ്ധതി, ഡിജിറ്റല്‍ ഓഷ്യന്‍ പ്ലാറ്റ്ഫോംപോലെ ജിയോസ്പേഷ്യല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോസ്പേഷ്യല്‍ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ഇന്ത്യ ഇതിനകം മാതൃകയായെന്ന് ഇന്ത്യയുടെ അയല്പക്കങ്ങളില് ആശയവിനിമയം സുഗമമാക്കുന്ന ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തെ ഉദാഹരണമാക്കി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘നവീകരണമനോഭാവമുള്ള യുവത്വമാര്‍ന്ന രാഷ്ട്രമാണ് ഇന്ത്യ’ ഇന്ത്യയുടെ മുന്നേറ്റത്തിലെ രണ്ടാമത്തെ സ്തംഭമായി പ്രതിഭകളുടെ പങ്ക് എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളിലൊന്നാണ് ഇന്ത്യ. 2021 മുതല്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി ഇന്ത്യയുടെ യുവപ്രതിഭയുടെ സാക്ഷ്യപത്രമാണിത്.
നവീകരണത്തിനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യങ്ങളിലൊന്ന്. ജിയോസ്പേഷ്യല്‍ മേഖലയ്ക്ക് ഇതുറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജിയോസ്പേഷ്യല്‍ വിവരശേഖരണം, ഉല്‍പ്പാദനം, ഡിജിറ്റല്‍വല്‍ക്കരണം എന്നിവ ഇപ്പോള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പരിഷ്കാരങ്ങള്‍ ഡ്രോണ്‍മേഖലയ്ക്ക് ഉത്തേജനമേകി. സ്വകാര്യപങ്കാളിത്തത്തിനായി ബഹിരാകാശമേഖല തുറന്നുകൊടുത്തു. ഇതോടൊപ്പം ഇന്ത്യയില്‍ 5ജിക്കും തുടക്കമായി.
ഏവരേയും ഒപ്പംകൂട്ടുന്നതിനായി ആഹ്വാനംചെയ്യുന്ന മുന്നറിയിപ്പായിമാറണം കോവിഡ്19 മഹാമാരി. പ്രതിസന്ധിഘട്ടത്തില്‍ പരസ്പരം സഹായിക്കുന്നതിന് അന്താരാഷ്ട്രസമൂഹത്തിന്റെ വ്യവസ്ഥാപിതസമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ മേഖലകളിലും ഏതറ്റംവരെയും വിഭവങ്ങള്‍ എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭപോലുള്ള ആഗോളസംഘടനകള്‍ക്കു നേതൃത്വംനല്‍കാനാകും’ അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിന് ഒന്നിച്ചുനില്‍ക്കേണ്ടതും സാങ്കേതികവിദ്യ കൈമാറേണ്ടതും നിര്‍ണായകമാണ്. നമ്മുടെ ഗ്രഹത്തെ രക്ഷിക്കാന്‍ മികച്ചരീതികള്‍ പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജിയോസ്പേഷ്യല്‍ സാങ്കേതികവിദ്യ അനന്തമായ സാധ്യതകളാണു വാഗ്ദാനംചെയ്യുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിരനഗരവികസനം, ദുരന്തങ്ങള്‍ കൈകാര്യംചെയ്യലും ലഘൂകരിക്കലും, കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം പിന്തുടരല്, വനപരിപാലനം, ജലപരിപാലനം, മരുഭൂവല്‍ക്കരണം തടയല്‍, ഭക്ഷ്യസുരക്ഷ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം സുപ്രധാനമേഖലകളിലെ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വേദിയായി ഈ സമ്മേളനം മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
പ്രസംഗം ഉപസംഹരിക്കവേ, തന്റെ ശുഭാപ്തിവിശ്വാസവും ഈയവസരത്തില്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ‘ആഗോള ജിയോസ്പേഷ്യല്‍ വ്യവസായത്തിന്റെ പങ്കാളികള്‍ ഒത്തുചേരുന്നതോടെ, നയആസൂത്രകരും പണ്ഡിതലോകവും പരസ്പരം ഇടപഴകുന്ന സാഹചര്യത്തില്‍, ആഗോളഗ്രാമത്തെ പുതിയ ഭാവിയിലേക്കു നയിക്കാന്‍ ഈ സമ്മേളനം സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: