ന്യൂദല്‍ഹി: കേരളത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന തലമുറ വളര്‍ന്നുവരണമെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. അതിനായി സാംസ്കാരിക പൈതൃകത്തെപറ്റി ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടയമംഗലം ജടായുപാറ കോദണ്ഡരാമക്ഷേത്രത്തിന്റെ പടികള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള പദം പദം രാമപാദം കാമ്പയിന്റെ ദല്‍ഹിയിലെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ക്ഷേത്രട്രസ്റ്റ് രക്ഷാധികാരികൂടിയായ അദ്ദേഹം.
കണ്ടും കേട്ടും വായിച്ചും കൂട്ടമായുള്ള തീര്ത്ഥയാത്രകളിലൂടെയും സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കണം. ഇത്തരത്തില്‍ പുതുതലമുറയെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന ബൃഹത് പദ്ധതികളാണ് കോദണ്ഡ രാമക്ഷേത്രട്രസ്റ്റ് ആവിഷ്കരിക്കുന്നത്. ജടായുവിന്റെ മഹാത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്ത്രീ സംരക്ഷണത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും മഹത്തായ സന്ദേശമാണ് ജടായുപാറ നല്‍കുന്നത്. ജടായുപാറയും അവിടുത്തെ രാമക്ഷേത്രവും സന്ദര്ശിക്കുന്നത്തിലൂടെ രാമായണസന്ദേശത്തെക്കുറിച്ചും നമ്മുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മയൂര്‍വിഹാര്‍ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഗോകുലം ഹാളില്‍ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരനില്‍ നിന്ന് ബ്രോഷര്‍ ഏറ്റുവാങ്ങി ഡോ. രമേഷ് നമ്പ്യാര്‍, ശ്രീ നിവാസന് തമ്പുരാന് എന്നിവര്‍ ചേര്‍ന്ന് കാമ്പയിന് ഉദ്ഘാടനം ചെയ്തു. ബാബു പണിക്കര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. എന്‍. വേണുഗോപാല്‍, ശ്രീധര്‍ പണിക്കര്‍, സുരേഷ്, ബാബു നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. 1008 പടികളാണ് ജടായുപാറയ്ക്ക് മുകളിലെ ക്ഷേത്രത്തിലേക്കെത്താനായി നിര്‍മ്മിക്കുന്നത്. ഈ പടികള്‍ സമര്‍പ്പിക്കാനായി പദം പദം രാമപാദം കാമ്പയിനിലൂടെ ഭക്തര്‍ക്ക് അവസരമൊരുക്കുകയാണ് ട്രസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: