ലഹരിമരുന്നുകള്‍ വിപത്തായി മാറിയ സാഹചര്യത്തില്‍ ലഹരിവിരുദ്ധ വാരം ആചരിച്ചാലെന്തുഫലം? കൊവിഡ് രോഗം വ്യാപകമായിക്കൊണ്ടിരിക്കെ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, വീടുകളില്‍ പാത്രങ്ങള്‍ തമ്മില്മുട്ടിയും കൈകൊട്ടിയും ശബ്ദമുണ്ടാക്കി, ദീപങ്ങള്‍ തെളിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളോട് ഐക്യം പ്രകടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചപ്പോള്‍ ഇങ്ങനെയൊരു ചോദ്യം വന്നു, പാത്രം കൊട്ടിയാല്‍ കൊറോണ അണുക്കള്‍ ചാകുമോ എന്ന്. അവബോധപ്രവര്ത്തനത്തിലൂടെ ജനബോധനമാണ് വാസ്തവത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എത്രത്തോളം സാധിതമാകുന്നുവെന്നത് മറ്റൊരു ചര്‍ച്ചാ വിഷയം.
ലഹരി മരുന്നുകള്‍-ആ പ്രയോഗം തന്നെ തെറ്റാണെന്ന് തോന്നുന്നു, ലഹരി വസ്തുക്കളാണിപ്പോള്‍ ശരിവാക്ക്- സര്‍വ വ്യാപകമായിരിക്കുന്നു. ലഹരി തേടിപ്പോകണ്ട, അവ നിങ്ങളെ തേടിവരുന്നുവെന്നതാണ് സ്ഥിതി. തമ്മില്‍ കാണുന്ന പത്തിലൊരാള്‍ ലഹരി ഉപയോഗിക്കുന്നവരോ വിനിമയം ചെയ്യുന്നവരോ വില്‍പ്പനക്കാരോ ആണെന്ന സ്ഥിതിവരുന്നു. പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമെന്ന ബോധവല്‍ക്കരണം നമ്മള് തുടങ്ങിയിട്ട് എത്രയോ കാലമായി! എന്നിട്ടും ലഹരി ഉപയോഗത്തിന് കുറവില്ല. ശരിയാണ്, പുകവലി കുറഞ്ഞു, മദ്യപാനത്തിന്റെ തോതും കുറഞ്ഞു; അതുകൊണ്ട്, നമ്മുടെ ജനങ്ങള്‍ അനുസരണയുള്ളവരാണെന്ന് തമാശ പറയുന്ന സ്ഥിതിയുമുണ്ട്. മദ്യം പാനം ചെയ്യുന്നതിനേക്കാള്‍ എളുപ്പമായി ലഹരി കയറ്റാന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു, സൗകര്യം ലഭിക്കുന്നു എന്നതാണ് മാറിയകാലത്തെ സ്ഥിതി.
ബോധവല്‍ക്കരണത്തിന് ഭാഷ പ്രധാനമാണ്. എന്ത്, എങ്ങനെ പറയുന്നുവെന്നത് പ്രധാനമാണ്. അത് ഭാഷയുടെ കാര്യത്തിലും പ്രധാനമാണ്. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് എല്ലാം, എല്ലാരും മാറിക്കൊണ്ടിരിക്കുമ്പോള്‍ അക്ഷരമാലയെക്കുറിച്ച് പറയുന്നത് ചിലര്‍ക്കെങ്കിലും ആക്ഷേപമെന്ന തോന്നലുണ്ടാക്കാം. പക്ഷേ, ഭാഷയുടെ അടിസ്ഥാനം അക്ഷരമാലയാണല്ലോ. വേഷത്തിന്റെ, ഭക്ഷണത്തിന്റെ എന്നല്ല സകലതിനും അടിത്തറ പ്രധാനം തന്നെയാണ്. ആ സാംസ്കാരിക-സാമൂഹ്യ ബോധത്തിന്റെ അഭാവമാണ് സ്വയം നശിക്കുകയും സമൂഹത്തേയും രാജ്യത്തേയും വംശത്തേയും നശിപ്പിക്കുന്ന ലഹരിയുടെ ആധിപത്യത്തിന് കീഴടങ്ങുന്ന സ്ഥിതിയിലേക്കുള്ള ഗതിക്ക് കാരണം.
അടുത്ത മാസം നവംബര്‍; ഒന്നിന് കേരളപ്പിറവി ദിനം. അന്ന് നമ്മള് മലയാളിയെക്കുറിച്ച് മലയാളഭാഷയെക്കുറിച്ച് വീമ്പുപറയും. ആരാണ് മലയാളി എന്ന ചര്‍ച്ചകള്‍ നടത്തും. മാതൃഭാഷാദിനം, മലയാള ഭാഷാദിനം, ഭരണഭാഷാദിനം എന്നിങ്ങനെ ഓരോരോ തീയതികളില്‍ നമ്മള് ഭാഷയെക്കുറിച്ച് ഊറ്റംകൊള്ളും. നാളെ ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മലയാളത്തിലെ ഏറ്റവും ജനകീയനായ കവിയുടെ ജന്മദിനമാണ്. 36 വയസ്സില്‍ അന്തരിച്ച (1911-1948) കവിയുടെ രചനകളില്‍ നാലുവരി ഇങ്ങനെയാണ്: ‘വേദന വേദന ലഹരിപിടിക്കും വേദന ഞാനിതില്‍ മുഴുകട്ടെ, മുഴുകട്ടെ, മുഴുകട്ടെ മമ ജീവനില്‍നിന്നൊരു മുരളീ മൃദുരവമൊഴുകട്ടെ’ എന്ന്. ചങ്ങമ്പുഴയെയും കവിതയേയും ആക്ഷേപിച്ചും ആരോപിച്ചും ചങ്ങമ്പുഴ കവിതയെഴുത്ത് നിര്‍ത്തണമെന്ന് പ്രമേയം അവതരിപ്പിച്ചും ആ കവിയെ ലഹരിപ്പേരില് നമ്മില്‍ ചിലര്‍ ഇകഴ്ത്താന്‍ ശ്രമിച്ചു. പക്ഷേ ചങ്ങമ്പുഴ ഭാഷയെ സ്നേഹിച്ചപോലെ, ലാളിച്ചപോലെ, പുലര്‍ത്തിയപോലെ, വളര്‍ത്തിയപോലെ ഭാഷയോട് നീതി കാണിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ബോധവല്‍ക്കരിക്കാനുള്ള ഭാഷയെക്കുറിച്ച് ബോധവല്‍ക്കരിക്കേണ്ടതാണ് നമ്മുടെ സ്ഥിതി.
നവരാത്രി-വിജയദശമി ആഘോഷങ്ങള്‍ കഴിഞ്ഞു. കേരളത്തില്‍ അത് വിദ്യോത്സവമാണ്. അക്ഷരമാണ് ഇവിടെ ആയുധം. വിദ്യാരംഭം, ആദ്യക്ഷരം കുറിക്കല്‍, ഹരിഃശ്രീ കുറിക്കല്‍, എഴുത്തിനിരുത്തല്‍, പൂജയെടുപ്പ് തുടങ്ങി പലപേരുകളില്‍ ആഘോഷം നടക്കുന്നു. അരിയില്‍ ‘ഹരിഃ ശ്രീഗണപതയേ നമഃ’ എന്ന് എഴുതിത്തുടങ്ങുന്നതാണ് ചടങ്ങ്. പക്ഷേ, പറയുമ്പോഴും എഴുതുമ്പോഴും നമ്മള് സമ്പൂര്‍ണ സാക്ഷരതക്കാര് ഭാഷയെ തെറ്റായേ പ്രയോഗിക്കൂ ഈ അവസരത്തിലും. അടിത്തറയിലെ പിഴവുകള്‍, അത് അവലക്ഷണമായി തുടരുകയും ചെയ്യും. അതേക്കുറിച്ച് സംസാരിച്ചാല്‍, ലഹരിബാധിച്ചവരെപ്പോലെ എതിര്‍ക്കും; ഭാഷ ശാസ്ത്രപ്രകാരം ഉപയോഗിക്കേണ്ടതില്ല, ആശയ വിനിമയം നടന്നാല്‍ മതിയെന്ന് വാദിക്കും.
‘ഹരിഃ ശ്രീഗണപതയേ നമഃ’ എന്ന് എന്തിന് എഴുതിത്തുടങ്ങണം? കുട്ടിയുടെ പേരെഴുതിച്ച് തുടങ്ങിയാല്‍ പോരെ എന്ന് വാദിക്കുന്നവരുണ്ട്. എന്തിനാണ് അരിയില്‍ എഴുതിക്കുന്നത്, മണലില്‍ പോരെ, ഡിജിറ്റല്‍ യുഗത്തില്‍ ടച്ച് സ്ക്രീനില്‍ പോരെ എന്നെല്ലാം ചോദ്യം വരും. മഹാകവി അക്കിത്തത്തിന്റെ ഒരു കവിതയുണ്ട്, ‘വിദ്യാരംഭം’ എന്നാണ് പേര്. ആ കവിത പറയുന്നുണ്ട്, ഇതിന് കൃത്യമായ സമാധാനം. അതവിടെ നില്ക്കട്ടെ.
മന്ത്രമായാണ് ‘ഹരിഃ ശ്രീഗണപതയേ നമഃ’ എന്ന സംസ്കൃത വാക്യത്തെ കണക്കാക്കുന്നത്. അതിലെ ‘ഹരിഃ’ വിഷ്ണുവാണ്, ‘ശ്രീ’ ലക്ഷ്മിയും ഗണപതി സിദ്ധിയും എന്നൊരു വ്യാഖ്യാനമുണ്ട്. അത് സംസ്കൃതമാണ്. അതിനെ സംസ്കൃതവിമുക്തമാക്കി ‘ഹരി’ എന്ന് വിസര്‍ഗമില്ലാതെ എഴുതുമ്പോള്‍ അര്‍ത്ഥം മാറിപ്പോകുന്നു. ശബ്ദതാരാവലി ഹരി എന്ന വാക്കിന് 30 അര്‍ത്ഥം പറയുന്നു. (1. വിഷ്ണു, 2. ഇന്ദ്രന്, 3. സൂര്യന്, 4. വായു, 5. സിംഹം, സ്വര്‍ണ്ണവര്‍ണ്ണം, 6. ഇന്ദ്രന്റെ കുതിര, 7. കുരങ്ങ്, 8. തവള, 9. രശ്മി, 10. ഭീരു 11. ചന്ദ്രന്, 12. യമന്‍, 13. ശുക്രന്, 14. സര്‍പ്പം, 15. 16. കിളി, 17. ശിവന്, 18. അഗ്നി, 19. ബ്രഹ്മാവ്, 20. കുയില്‍, 21. മയില്‍, 22. അരയന്നം, 23. മനുഷ്യന്, 24, താന്നി, 25. എരിക്ക് 26. പച്ചനിറം, 27. ഭൂമിയുടെ ഒമ്പതു ഖണ്ഡങ്ങളിലൊന്ന് – ഹരിവര്‍ഷം 28. ഭര്‍ത്തൃഹരി, 29. തിരുവോണം നക്ഷത്രം, 30. ഒരു വൃത്തം) എന്നാല്‍ ‘ഹരിഃ’ -വിഷ്ണുവെന്ന അര്‍ത്ഥമാണ് ഇവിടെ ചേരുന്നത്.
ഭാഷയുടെ ഉദ്ദേശ്യം ആശയം അറിയിക്കാനാണ്, അത് അറിയേണ്ടവര്‍ മാത്രമറിയുന്ന രീതിയില്‍ പ്രയോഗിക്കാനുള്ള സൂത്രങ്ങളുമുണ്ട്. അതിനെ ‘ഗൂഢഭാഷ’ എന്ന് പറയും, ഡിജിറ്റല്‍ യുഗത്തിലെ പാസ്കോഡാണത്. ‘പരല്പേര്’ എന്ന സമ്പ്രദായം അത്തരത്തില്‍ ഒരു ഗൂഢഭാഷയാണ്. അതിലെ പരല്പ്പേര് പ്രകാരം അക്ഷരങ്ങള്‍ക്കുള്ള അക്കമൂല്യം വെച്ച് നോക്കുമ്പോള്‍ ‘ഹരിഃശ്രീ ഗണപതയേ നമഃ’ എന്നതിന്റെ സംഖ്യ 51 ആണ്. അമ്പത്തൊന്നാണ് മലയാള അക്ഷരമാല. ശാസ്ത്രഗ്രന്ഥങ്ങളില്‍ ഈ ഗൂഢഭാഷ പ്രയോഗങ്ങള്‍ ഏറെയുണ്ട്; ഇത് ‘കടപയാദി’ മാര്‍ഗ്ഗം. പല മാതൃകകളിലൊന്ന്. അതായത് അടിത്തറ വിദ്യാരംഭത്തില്‍ തെറ്റിയാല്‍, അല്ലെങ്കില്‍ അവഗണിച്ചാല്‍ മുകളിലേക്കെല്ലാം തെറ്റും. അങ്ങനെയാണ് ‘ആദ്യാക്ഷരം’ കുറിക്കല്‍ ഉണ്ടാകുന്നത്.
‘ആദ്യക്ഷരം’ മതി. ആദ്യത്തെ അക്ഷരമെന്നായാലും ആദ്യ- അക്ഷരം എന്നിവ സന്ധി ചേര്‍ന്നാലും. പക്ഷേ ആദ്യാക്ഷരമെന്നേ എഴുതൂ, പറയൂ. ‘ഹരിഃ ശ്രീ’ എന്നത് ഹരിശ്രീ എന്നേ എഴുതൂ, പറയൂ. ആദ്യാക്ഷരം, വിദ്യാരംഭം എന്ന വാക്കിന്റെ സ്വാധീനത്തിലാകാം. പക്ഷേ തിരുത്തിയാല്‍, അതാണ് തെറ്റെന്ന് പറയും, വ്യാഖ്യാനം ചമയ്ക്കും. ഹരിനാമ കീര്‍ത്തനത്തില്‍ എഴുത്തച്ഛന് വേദാന്തത്തോടൊപ്പം ഭാഷയും പഠിപ്പിക്കുന്നുണ്ട്, അക്ഷരമാല ക്രമത്തില്‍. അതിന്റെ തുടക്കത്തില്‍ പറയുന്നു: ‘ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയു/
മിതാദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി/ആദ്യക്ഷരാലിവയെ…’ എന്ന്. അങ്ങനെ മൂന്നുവട്ടം പറഞ്ഞ് ഉറപ്പിച്ചുതന്നതിനെ തെറ്റായി പറയുന്നവരാണല്ലോ നമ്മള്. എഴുത്തച്ഛനെ തിരുത്തുന്ന തിരുത്തച്ഛന്മാര്. അവര്‍ ‘വായനദിന’ത്തെ വായനാ ദിനമാക്കുന്നു. ചേരാത്തിടത്ത് ‘വല്ലാത്ത’ വാക്കുകള്‍ ചേര്‍ത്ത് ‘അടിപൊളി’യാക്കുന്നു. ‘കാറ്റുപോകല്’ ജീവവായു പോയി ആള് മരിക്കുന്നതിന് നാട്ടിന്‍പുറത്ത് പ്രയോഗമാണ്. വീര്‍ത്ത ബലൂണിന് കാറ്റു പോകാം. പക്ഷേ അത് ബലൂണിന്റെ ‘പരിപ്പിളകി’യെന്ന് പറയുമ്പോള്‍ അത് ഹരിഃയുടെ കുറവാണ്. ഹരി ആകുമ്പോള്‍ വിഷ്ണുവിന്റെ സ്ഥാനത്ത് കുതിരയാകും, കുരങ്ങാകും, തവളയുമാകും. അത് ഭാഷയ്ക്ക് ബാധയും ബാധ്യതയുമാകും. ചുമക്കുകതന്നെയേ വഴിയുള്ളു.
പിന്കുറിപ്പ്:
ലഹരിയും ഭാഷയും തമ്മിലുള്ള ബന്ധം ചെറുതല്ല. അടുത്തിടെ ഒരു മാധ്യമ അവതാരകയെ ഒരു നടന് അഭിമുഖത്തിനിടെ പുലഭ്യം പറഞ്ഞല്ലോ. അടൂര്‍ ഭാസിയില്‍നിന്ന് മലയാള സിനിമ ശ്രീകാന്ത് ഭാസിയിലേക്ക് വളര്‍ന്നതിന്റെ അടയാളമാണത്. ഭാസിയുടെ ഭാഷയാണ് പ്രശ്നമായത്. അതിന് കാരണം ഭാസിയുടെ ലഹരിയാണ്. ചികിത്സ വേണ്ടത് ലഹരിക്കാണ്. ലഹരിക്കെതിരേ ബോധവല്‍ക്കരണം നടത്തുന്ന സര്‍ക്കാര്‍, ലഹരി ഉപയോഗം അനിവാര്യരായവര്ക്ക് ‘നല്ല ലഹരിവസ്തുക്കള്‍’ ലഭ്യമാക്കാന്‍ അവ നിയമപരമായി വില്‍ക്കുന്ന കടകളും കൗണ്ടറുകളും തുടങ്ങില്ല എന്നാരുകണ്ടു. അങ്ങനെയാണല്ലോ ബിവ്റേജ് കോര്പ്പറേഷന് വഴി മദ്യം വിറ്റ് വരുമാനമുണ്ടാക്കുന്നത്. പണ്ട്, ലഹരിവസ്തുവായ കറുപ്പ് സര്‍ക്കാര്‍തന്നെ കച്ചവടം ചെയ്തിരുന്നത് മാതൃകയായി പറയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: