21 വര്‍ഷം തുടര്‍ച്ചയായി ഒരു വ്യക്തി ഭരണം കയ്യാളുക. ഏകാധിപത്യഭരണം നിലവിലുള്ള രാജ്യങ്ങളില്‍, രാജ ഭരണത്തിനുകീഴില്‍, കുടുംബാധിപത്യമുള്ള പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍, പട്ടാള ഭരണത്തിനു കീഴിലൊക്കെ ഇതു സംഭവിച്ചേക്കാം. എന്നാല്‍ ശക്തമായ ജനാധിപത്യ സംവിധാനം നിലവിലുള്ള നാട്ടില്‍, ജനാധിപത്യത്തിന് ഏറെ പ്രാമുഖ്യം കല്പിക്കുന്ന പ്രസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും കീഴില്‍, വ്യക്തികള്‍ക്ക് വലിയ പ്രാമുഖ്യം കല്പിച്ചിട്ടില്ലാത്ത പ്രസ്ഥാനത്തിന്റെ പ്രതിനിധിയെന്ന നിലക്ക്, തീര്‍ച്ചയായും ഇതൊരു അസാധാരണമായ സാഹചര്യമാണ്. ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരുണ്ട്. അഥവാ അത്തരക്കാരെയൊക്കെ പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഇവിടെയതുമല്ല, ജനങ്ങളുടെ പ്രീതി നേടിക്കൊണ്ട്, താന്‍ ഭരണം കയ്യാളുന്ന വേളയിലുണ്ടായ നേട്ടങ്ങളും വികസനവും ജനക്ഷേമവുമൊക്കെ ഉയര്‍ത്തിക്കാട്ടി, കൂടുതല്‍ ജനപിന്തുണയോടെ വീണ്ടും വീണ്ടും അധികാരത്തിലേറുക. അതാണ് നരേന്ദ്രമോദിയുടെ രാഷ്ട്രീയ ചരിത്രം. ഒക്ടോബര്‍ ഏഴ് ഒരര്‍ഥത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തപ്പെടേണ്ടുന്ന ദിവസമാണ്. 2001 ഒക്ടോബര്‍ ഏഴിനാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. 2022 ഒക്ടോബര്‍ ഏഴിന് 21 വര്‍ഷം. മോദി ഭരണകര്‍ത്താവായിട്ട് 21 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.
മോദി സ്പെഷ്യല്‍ എന്ത്?
നരേന്ദ്രമോദിയുടെ ഭരണത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് പലരും വിലയിരുത്തുന്നത് കണ്ടിട്ടുണ്ട്. ആ ചോദ്യം പലപ്പോഴും പലരിലും ഉയര്‍ന്നുവരാറുമുണ്ട്. അനവധി കാര്യങ്ങള്‍ ഉന്നയിക്കാറുണ്ട്. ഒരേയൊരു കാര്യമാണ് അതിലേറ്റവും പ്രധാനമെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. അത് അഴിമതി രഹിത ഭരണമാണ്. കഴിഞ്ഞ 21 വര്‍ഷക്കാലത്തിനിടയില്‍ മോദിക്കു നേരെയോ അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഏതെങ്കിലും മന്ത്രിമാര്‍ക്ക് നേരെയോ ഒരു അഴിമതി ആരോപണം പോലുമുയര്‍ന്നിരുന്നില്ല. ഭരണത്തിലേറുന്നത് അഴിമതിനടത്താനും കിട്ടാവുന്നതൊക്കെ ഉണ്ടാക്കാനുമാണ് എന്ന് കരുതുന്നവര്‍ അര നൂറ്റാണ്ടിലേറെ അടക്കിവാണ രാജ്യത്തും സംസ്ഥാനങ്ങളിലും അത്തരമൊരു മാറ്റം കൊണ്ടുവരാനായത് ചെറിയകാര്യമല്ല. തട്ടിപ്പും തരികിടയുമായി കഴിഞ്ഞുകൂടാമെന്ന് കരുതിയവരിലും മാറ്റമുണ്ടാക്കാന്‍ മോദിക്കായിട്ടുണ്ട്. സുതാര്യത, സത്യസന്ധത, സുവ്യക്തത. ഇന്ത്യക്ക് മോദി നല്കിയ ഏറ്റവും വലിയ സംഭാവന ഇതു തന്നെയാണ്.
ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, ഇത്തരമൊരു ‘ശുദ്ധീകരണ’ത്തിനായി നരേന്ദ്രമോദി ആവിഷ്കരിച്ച ശൈലിയാണ്. വേണ്ടതിനും വേണ്ടാത്തതിനും ശുപാര്‍ശയും നിര്‍ദ്ദേശങ്ങളുമായി വന്നുകൂടാ എന്നുള്ള സന്ദേശം അദ്ദേഹം പാര്‍ട്ടി കാര്യകര്‍ത്താക്കള്‍ക്ക് നല്കി. അതേസമയം ന്യായമായ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കാന്‍ പാര്‍ട്ടിയില്‍ തന്നെ സംവിധാനവുമുണ്ടാക്കി. ആരെന്ത് പറഞ്ഞാലും തികച്ചും നിയമപ്രകാരമേ നടപടികള്‍ സ്വീകരിക്കേണ്ടതുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്കി. വഴിവിട്ട് എന്തെങ്കിലും ചെയ്യാന്‍ ആരുപറഞ്ഞാലും, മന്ത്രിമാര്‍ അങ്ങിനെ ആവശ്യപ്പെട്ടാല്‍ പോലും, വഴങ്ങേണ്ടതില്ല എന്ന് ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് മോദി. അതേസമയം ഉദ്യോഗസ്ഥര്‍ നീതിപൂര്‍വം, വേഗതയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുകയും വേണം.
മറ്റൊന്ന്, വഴിവിട്ട ശുപാര്‍ശ കൊണ്ട് പ്രയോജനം കിട്ടാനില്ല എന്ന തോന്നല്‍ പൊതുജനങ്ങളിലെത്തിക്കാനും മോദിക്കും ബിജെപി നേതൃത്വത്തിനുമായിട്ടുണ്ട്. ആര്‍ക്കെങ്കിലും കൊണ്ടുപോയി കാശ് കൊടുത്തിട്ട് പലതും സാധിച്ചെടുക്കാമെന്ന ചിന്ത വേണ്ടെന്ന് ഒട്ടെല്ലാവരും തിരിച്ചറിയുന്നു. നേരായ പാതയിലൂടെ പ്രശ്നങ്ങളില്ലാതെ കാര്യങ്ങള്‍ നടക്കുമെന്ന് അവര്‍ക്ക് വിശ്വാസവും വന്നു. ആദായ നികുതി- ജിഎസ്ടി വകുപ്പുകളിലുണ്ടാക്കിയ മാറ്റം ഒരു ഉദാഹരണം. ഭരണകൂടത്തെ മാത്രമല്ല, അതി
ന് നേതൃത്വം നല്കുന്നവരെയും ഒരു അഗ്നിപരീക്ഷക്ക് വിധേയമാക്കാന്‍ മോദിക്കായിരിക്കുന്നു. ഇന്ത്യയിലാണ് ഇത് സാധ്യമായത് എന്നത് ഓര്‍ക്കേണ്ടതുണ്ട്. എല്ലായിടത്തും ബിജെപിയല്ല ഭരിക്കുന്നത്. അതായത് മുഴുവന്‍ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തിയിട്ടുമില്ല. എന്നാല്‍ അഴിമതി കണ്ടാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിമാരടക്കം പലരും ഇന്ന് പരക്കം പായുന്നത് കണ്ടാല്‍ കാര്യങ്ങള്‍ ഏറെക്കുറെ തിരിച്ചറിയാനാവുമല്ലോ.
മോദി സ്റ്റൈല്‍
പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ഷെഡ്യൂള്‍ സംബന്ധിച്ച് അടുത്തിടെ വൈറലായ ഒരു വീഡിയോയുണ്ട്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ സംസാരിക്കുന്നതാണത്. രണ്ട് യാത്രകളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ഒന്ന്, അഞ്ചു ദിവസത്തെ പര്യടനം, അഞ്ചു രാജ്യങ്ങളില്‍. പകല്‍ മുഴുവന്‍ ഔദ്യോഗിക യോഗങ്ങള്‍, രാത്രിയില്‍ വിമാനത്തില്‍ യാത്ര. ഡോ. ജയശങ്കര്‍ പറഞ്ഞത് ഏറെക്കുറെ ഇങ്ങനെയാണ്: ‘ഞങ്ങള്‍ അഞ്ചുദിവസത്തെ യാത്രക്ക് പുറപ്പെട്ടു; ആദ്യം പോയത് അഫ്ഗാനിസ്ഥാനിലേക്ക്. അവിടത്തെ ജോലി പൂര്‍ത്തിയാക്കി രാത്രി ഖത്തറില്‍ എത്തി. പിറ്റേന്ന് പകല്‍ അവിടെ കുറെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍. അതുകഴിഞ്ഞു രാത്രി വീണ്ടും വിമാനത്തില്‍ യാത്ര, സ്വിറ്റ്സര്‍ലണ്ടിലേക്ക്. രാവിലെ അവിടെയെത്തി, മീറ്റിങ്ങുകള്‍. അന്ന് രാത്രി വീണ്ടും വിമാനത്തില്‍ യാത്ര, അമേരിക്കയിലേക്ക്. രാവിലെ യുഎസില്‍ എത്തുന്നു. ചര്‍ച്ചകള്‍ മീറ്റിങ്ങുകള്‍. പിന്നെ മെക്സിക്കോവിലേക്കും. ഇതുകഴിഞ്ഞു രാത്രി ഇന്ത്യയിലേക്ക് പറക്കുന്നു. അഞ്ചു ദിവസം, അഞ്ചു രാജ്യങ്ങള്‍, അതില്‍ മൂന്ന് രാത്രികള്‍ വിമാനത്തിലും.’
മറ്റൊരു സംഭവം കൂടി വിദേശകാര്യ മന്ത്രി വിശദീകരിച്ചു; മോദിയുടെ ജപ്പാന് സന്ദര്‍ശനമാണ്. ദല്‍ഹിയില്‍ നിന്ന് രാത്രി പുറപ്പെടുന്നു, രാവിലെ അവിടെയെത്തി. ഒന്നര ദിവസം ജപ്പാനില്‍, ഏതാണ്ട് 36 മണിക്കൂര്‍. അതിനിടെ 23 മീറ്റിംഗുകള്‍. പ്രധാനമന്ത്രി വിദേശത്ത് പങ്കെടുക്കുന്ന യോഗങ്ങള്‍, കൂടിക്കാഴ്ചകള്‍ എത്രത്തോളം പ്രധാനമാണ് എന്നത് പറയേണ്ടതില്ലല്ലോ. രാത്രി വീണ്ടും വിമാനത്തില്‍ മടക്കം. ഇത്ര തിരക്കിട്ട പരിപാടികള്‍ കഴിഞ്ഞു രാവിലെ ദല്‍ഹിയില്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര മന്ത്രിസഭാ യോഗവും. ഇതാണ് മോദി സ്റ്റൈല്‍. അദ്ദേഹത്തിന് വിശ്രമമില്ല, ഏത് നിമിഷവും രാജ്യത്തിന് വേണ്ടിയാണ്. അതിനൊപ്പം മറ്റുള്ളവര്‍ ഓടിയെത്തണം എന്ന് അദ്ദേഹം നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു.
പരിഷ്കാരമാണ് പ്രധാനം
മോദിയുടെ സ്വപ്നങ്ങള്‍, കാഴ്ചപ്പാടുകള്‍ അങ്ങിനെ പലതും ചര്‍ച്ചചെയ്യപ്പെടാറുണ്ടല്ലോ. ഗാന്ധിജി സ്വപ്നം കണ്ടത് നടപ്പിലാക്കിയ ഭരണാധികാരി എന്നൊക്കെ. ഇതൊക്കെ ശരിയാണ്. അതൊക്കെ അദ്ദേഹത്തിന്റെ ഭരണത്തിന്റെ പ്രത്യേകതകള്‍ തന്നെ. എന്നാല്‍ മോദി അറിയപ്പെടുക പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ കരുത്തുകാട്ടിയ ഭരണാധികാരി എന്ന നിലക്കാവും, തീര്‍ച്ച. ‘സ്റ്റാറ്റസ് കോ’ അഥവാ നിലവിലെ സ്ഥിതി തുടരുന്നതാണ് നല്ലതെന്ന് കരുതിയവരാണ് ഉദ്യോഗസ്ഥരും മുന്‍ ഭരണകര്‍ത്താക്കളും. പരിഷ്ക്കാരങ്ങള്‍ക്ക് പുറപ്പെട്ടാലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ നേരിടാനുള്ള മനക്കരുത്ത് പലര്‍ക്കുമുണ്ടായിരുന്നില്ല. അവിടെയാണ് മോദിയെ വിലയിരുത്തേണ്ടത്. ജിഎസ്ടി നടപ്പിലാക്കിയതും നോട്ട് നിരോധനവും അനുഛേദം 370 എടുത്തുകളഞ്ഞതും പോരെ അതിനു ഉദാഹരണമായി. അയോദ്ധ്യ പോലുള്ള പ്രശ്ങ്ങള്‍ക്ക് പരിഹാരമുണ്ടായത്, മുത്തലാക്ക് നിരോധനം, ദശാബ്ദങ്ങളായി തീരുമാനമെടുക്കാതിരുന്ന കാര്യങ്ങള്‍. ഭവിഷ്യത്ത് അപകടകരമാവുമെന്ന് ഉപദേശിച്ച അനവധിപേരുണ്ട്, പക്ഷെ മോദി തീരുമാനമെടുത്തു, മുന്നോട്ട് പോയി. ഇന്ന് രാജ്യം അതിനെയൊക്കെ പാടിപ്പുകഴ്ത്തുന്നില്ലേ. 21 വര്‍ഷത്തെ ഭരണത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ കുറെയുണ്ട് പ്രധാനപ്പെട്ടത്.
സ്വച്ഛ് ഭാരത് അഭിയാന്, ഗ്രാമീണ മേഖലയില്‍ ടോയ്ലെറ്റുകള് നിര്‍മ്മിച്ചത്, എല്‍പിജി സിലിണ്ടറുകള്‍ നല്‍കിയത്, ഗ്രാമീണ റോഡുകള്‍ സൃഷ്ടിച്ചത്, പാവപ്പെട്ടവര്‍ക്ക് വീടുകള്‍, വീടുകളില്‍ കുടിവെള്ളമെത്തിച്ചത്. അടിസ്ഥാന വികസനമാണ് മറ്റൊന്ന്. ആരോഗ്യ മേഖലയിലുണ്ടായ കുതിപ്പ്. അത്യന്താധുനിക ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചത് പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷ; സര്‍വോപരി ലോകത്തിന് തന്നെ വഴികാട്ടിയായിക്കൊണ്ട് കോവിഡ് കാലഘട്ടത്തിലുണ്ടായ നടപടികള്‍.
പ്രതിരോധ രംഗത്ത് ഇന്ത്യ കാഴ്ചവെച്ച കരുത്ത്. ഡോക് ലാം മുതല്‍ ലഡാക്ക് വരെ അത് നാം കണ്ടു; അതിര്‍ത്തികടന്നുള്ള ഭീകരവാദവുമായി പാകിസ്ഥാന് മുന്നോട്ട് പോയപ്പോള്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ആര്‍ക്കാണ് മറക്കാനാവുക. സര്‍വ്വതും ഇറക്കുമതി നടത്തിയിരുന്ന ഇന്ത്യ പ്രതിരോധ സാമഗ്രികളുടെ ഒരു പ്രധാന കയറ്റുമതി രാജ്യമായി മാറിയതും മോദി യുഗത്തിലാണ്.
സാമ്പത്തിക മേഖലയില്‍ കരുത്താര്‍ജിക്കല്‍
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെങ്കില്‍ അതിനുകാരണം മോദിയുടെ നിലപാടുകളും ചിന്തകളുമാണ്. ലോകരാഷ്ട്രങ്ങള്‍ ഇന്ന് അതംഗീകരിക്കുന്നു. കാര്‍ഷിക രംഗത്തുണ്ടായ വലിയ മാറ്റങ്ങളാണ് മറ്റൊന്ന്. അത് ഒരു സാധാരണ കര്ഷകന് ആഗ്രഹിക്കുന്നതൊക്കെ മോദി നടപ്പിലാക്കി. ഒരു സ്വയംസേവകന് ആര്‍എസ്എസിന്റെ പ്രചാരകനാവുന്നു. സംഘ സംസ്കാരം ആ പ്രചാരകന് പകര്‍ന്നു നല്കിയ പാഠങ്ങള്‍. എനിക്ക് വേണ്ടിയല്ല ഒന്നും, എല്ലാം മാതൃരാജ്യത്തിന് വേണ്ടി. അതെ, ‘രാഷ്ട്രായ സ്വാഹ’ എന്ന ചിന്ത. അത് സംഘത്തിലൂടെ വളര്‍ന്ന, സംഘ സംസ്കാരം മനസിലേറ്റിയ ഒരാള്‍ക്കേ നല്‍കാനാവൂ. അതുണ്ടാക്കിയ മാറ്റമാണ് ഇന്ന് നാം മോദിയിലൂടെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: