അടിയന്തരാവസ്ഥക്കാലത്താണ് കൊച്ചിയിലെ പ്രമുഖ കലാലയമായിരുന്ന കൊച്ചിന് കോളജില്‍ ഹമീദ് പഠിതാവായി ചേര്‍ന്നത്. കേരളത്തിലാദ്യമായി അടിയന്തരാവസ്ഥയ്ക്കെതിരെയൊരു വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘടിപ്പിക്കുന്നതും ഹമീദാവും. അക്കാലത്ത് കവി എസ്. രമേശനും തോമസ് ഐസക്കും എം. കെ. വാസുദേവനുമൊക്കെയായിരുന്നു ഹമീദിന്റെ രാഷ്ട്രീയ സഹയാത്രികര്‍.
ഫിലിം സൊസൈറ്റികളുടെ സുവര്‍ണ്ണകാലം. കൊച്ചിയിലെ ഉന്നതശ്രേണിയിലുള്ളവര്‍ ചേര്‍ന്ന് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു. താഴെത്തട്ടിലുള്ളവരെ തീരെ പരിഗണിക്കാതുള്ളതായിരുന്നു ഈ ഫിലിം സൊസൈറ്റി രൂപീകരണം. ഈ ഫിലിം സൊസൈറ്റിക്ക് ബദലായി സാധാരണക്കാരെ 10 രൂപ നിരക്കില്‍ നല്ല സിനിമയും സംഗീതവും നാടകവും ആസ്വദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ടതാണ് ഇസ്ക്ര.
1978 ബലായിരുന്നു ഇസ്ക്രയുടെ പിറവി. മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ഈ കലാ സാംസ്കാരിക സംഘടനയാണ് കൊച്ചിക്കാരെ ഏറ്റവും കൂടുതല്‍ നാടകങ്ങളും വിശ്വോത്തരസിനിമകളും കാട്ടിയത്. 1980 ല്‍ ഇസ്ക്ര സംസ്ഥാന ടിസ്ഥാനത്തില്‍ നടത്തിയ ദീര്‍ഘദൂര ഓട്ടമത്സരവും ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ പി. ടി .ഉഷ, ഷൈനി എബ്രഹാം, വത്സമ്മ കോച്ചുകളായ പി. കെ. കുട്ടി, നമ്പ്യാര്‍ എന്നിവരെ ആനയിച്ചു കൊണ്ടുള്ള വര്‍ണ്ണ ശബളമായഘോഷയാത്രയും കൊച്ചിക്കാര് ഒരിക്കലും വിസ്മരിക്കില്ല.
ആറ് വയസ്സുവരെ മാത്രം ജീവിച്ച് ആയിരക്കണക്കിന് ചിത്രങ്ങള്‍ വരച്ച ക്ലിന്റിന്റെ ചിത്രപ്രദര്‍ശനം ഒരുക്കിയതും മറക്കാനാവില്ല. അഞ്ച് ദിവസം നീണ്ട ആ ചിത്ര പ്രദര്‍ശനം ഒരു ലക്ഷത്തിലേറെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കണ്ടു. അതിലുമേറെ ചാരിത്യാര്ത്ഥം തരുന്നതായിരുന്നു അന്നത്തെ കേരള ഗവര്‍ണറായിരുന്ന പി. രാമചന്ദ്രന്റെ സന്ദര്‍ശനം.
ഈസ്ക്ര സംഘടിപ്പിച്ച സാഹിത്യ പരിപാടികള്‍ സി രാധാകൃഷ്ണന്, എ. പി. പി. നമ്പൂതിരി, കടമ്മനിട്ട, ചുള്ളിക്കാട്, സാനു മാഷ്, പ്രൊഫസര്‍ എം. തോമസ് മാത്യു, ലീലാവതി ടീച്ചര്‍, പ്രൊഫസര്‍ ജി. കുമാരപിള്ള തുടങ്ങിയവരുടെ സാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു. ഇസ്ക്രയുടെ ആദ്യകാല ചെയര്മാന് പ്രശസ്ത എഴുത്തുകാരന് വൈക്കം ചന്ദ്രശേഖരന്‍നായരായിരുന്നു. എം. എ. അബൂബക്കര്‍ എം. എ. ഫക്രുദ്ദീന്‍ എം.എം. ഹംസക്കോയ എം. മുരളി തുടങ്ങിയ പ്രവര്‍ത്തകരും…
നാടകത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച എഡഢി മാസ്റ്ററുടെ ഓര്‍മ്മയെ നിലനിര്‍ത്തുന്നതിനായി ഇസ്ക്ര സംഘടിപ്പിച്ച നാടകരംഗത്തെ സമഗ്ര സംഭാവനയെ പരിഗണിച്ചുള്ള അവാര്‍ഡുകള്‍ കെ. പി. എ. സി. ഖാനും നിലമ്പൂര്‍ അയിഷിയക്കും മരട് ജോസഫിനും ചങ്ങനാശ്ശേരി നടരാജനും കെപിഎസി ബിയാ ട്രീസിനും കെ.എ.ധര്‍മ്മനും അര്ജുനന് മാഷിനുമാണ് നല്‍കിയത്.
സ്വാതന്ത്ര്യത്തിന്റെ അമ്പതാം വര്‍ഷത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട്, ബിഷിപ്പ് പൗലോസ് മാര്‍ പൗലോസ്, സാനു മാഷ്, പ്രൊഫസര്‍ കെ. എം. തരകന്, പ്രൊഫസര്‍ കെ.എസ്. രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചതും ശ്രദ്ധേയമായി. പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ യേശുദാസ് തന്റെ സംഗീത സപര്യയില്‍ 25 വര്‍ഷം പിന്നിട്ടപ്പോള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സ്വീകരണവും ഗംഭീരമായിരുന്നു.
കൊച്ചിയില്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനായി ഒരു പകല്‍ നീണ്ട ഉപവാസം ഇസ്ക്ര സംഘടിപ്പിച്ചപ്പോള്‍ നടന് സോമനും സിദ്ദിഖും ഗായകന് കാഞ്ഞങ്ങാട് രാമചന്ദ്രനും വാസുദേവന്‍ നായരും പ്രൊഫസര്‍ ജി. കുമാരപ്പിള്ളയും പങ്കെടുത്തു. മതമൈത്രി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ മതസ്ഥരുടെയും വിശേഷ ദിവസങ്ങള്‍ മറ്റു മതസ്ഥരെ കൂടെ പങ്കെടുപ്പിച്ചുകൊണ്ട് ഇസ്ക്ര ആഘോഷിച്ചു.
കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിലെ എല്ലാ സ്കൂളുകള്‍ക്കും പുസ്തക സഞ്ചി കൊടുത്തു. ഈയൊരു ലക്ഷ്യത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ക്കുള്ള വായനാ ശില്‍പ്പശാലയും കുഞ്ഞുണ്ണി മാഷെയും സിപ്പി പള്ളിപ്പുറത്തേയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു. ടെലിവിഷന്‍ നാടക ആസ്വാദനത്തിന് ഭീഷണിയായി. അതോടെ ഇത്തരം ഫൈനാര്‍ട്സ് സൊസൈറ്റികളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. ഇതിനിടെ ഇസ്ക്രയുടെ പല പ്രവര്‍ത്തകരും ഈ ലോകംതന്നെ വിട്ടുപോയി.
പിന്നീടുള്ള ഇസ്ക്രയയുടെ പ്രവര്‍ത്തനം കുട്ടികള്‍ക്കുള്ള നൃത്ത സംഗീത ക്ലാസുകള്‍ കേന്ദ്രീകരിച്ച് മാത്രമായി. എന്നിട്ടും ഹമീദിലെ സാംസ്കാരിക പ്രവര്ത്തകന് നിഷ്ക്രിയനായില്ല. അദ്ദേഹം കൊച്ചിയിലെ സംഗീത ആസ്വാദകരുടെ പഴയ കൂട്ടായ്മയായ മ്യൂസിക്കല്‍ മീറ്റിനെ പുനര്ജിവിപ്പിച്ചു. സാരംഗി വാദകനായ ദില്‍ഷാദ് ഖാന്, സിത്താറിസ്റ്റ് റഫീഖ് ഖാന്, തബലിസ്റ്റ് രവീന്ദ്രന് കട്ടോടി, ഗസല്‍ ഗായകന് രഘുറാം, ഗായിക പത്മിനിയേയുമൊക്കെ കൊച്ചിക്കാര് അങ്ങനെയാണ് കേള്‍ക്കുന്നത്.
എം. കെ. അര്ജുനന് മാസ്റ്റര്‍ക്കും അദ്ദേഹത്തിന്റെ ഗുരുവും കൊച്ചിയുടെ സംഗീത ബോധത്തെ സമ്പന്നവുമാക്കിയ വിജയരാജന്‍ മാസ്റ്ററെ, ദക്ഷിണാമൂര്‍ത്തി സ്വാമി, എം. എസ്. തൃപ്പൂണിത്തുറ, കലാമണ്ഡലം ഹൈദരാലി എന്നിവരുടെ സാന്നിധ്യത്തില്‍ ആദരിക്കാനായത് കൃതാര്‍ത്ഥതയോടെയാണ് ഹമീദ് ഓര്‍ത്തുവയ്ക്കുന്നത്.
2009 മുതല്‍ മാര്‍ച്ച് 27ന് ലോക നാടക ദിനാഘോഷം സംഘടിപ്പിക്കുന്ന ഹമീദ് അതോടനുബന്ധമായി കൊച്ചിയിലെ നാടക കലാകാരന്മാരുടെ പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ്. തുറമുഖ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് കൊച്ചിയിലെ പഴയ കലാകാരന്മാര്‍ക്കൊക്കെ ഒത്തു കൂടാന്‍ ഒരു വേദിയെന്ന ആശയത്തിലേക്ക് ഹമീദ് എത്തുന്നത്. അങ്ങനെയായിരുന്നു സായാഹ്ന കൂട്ടം എന്ന സംഘടനയുടെ പിറവി.
ഗസല്‍ ഗായകന് ഉമ്പായിയുടെ സംഗീത യാത്രകളില്‍ ഹമീദും ഒപ്പമുണ്ടായിരുന്നു. ഉമ്പായിയുടെ സംഗീത അരങ്ങേറ്റത്തിന് ആദ്യ വേദി ഒരുക്കിയതും ഹമീദാണ്. ആത്മകഥയായ രാഗം ഭൈരവിയുടെ രചനയിലും ഹമീദ് പങ്കാളിയായി. അവഗണിക്കപ്പെടുന്ന, വിസ്മരിക്കപ്പെട്ട കൊച്ചിയിലെ ആദ്യകാല കലാകാരന്മാരെ തിരികെ കൊണ്ടുവരിക. അവരെ അര്‍ഹമായ രീതിയില്‍ ആദരിക്കുകയൊക്കെയാണ് ഹമീദിന്റെ ലക്ഷ്യം. അതിനായി നിസ്വാര്‍ത്ഥമായി യത്നിക്കും.
ഇസ്ക്രയെ ഇസ്ക്രയാക്കുന്നതില്‍ വലിയൊരു കഠിനാധ്വാനം ആവശ്യമായിരുന്നു. ആ കഠിനാധ്വാനം ഒറ്റയാള്‍ പട്ടാളമായി പരാതിയോ പരിഭവമോ ഇല്ലാതെ നിര്‍വഹിക്കുകയായിരുന്നു ഹമീദ്. അതുകൊണ്ടാകും കൊച്ചിക്കാര്‍ക്കൊക്കെ ഹമീദ് ഇസ്ക്ര ഹമീദായത്. ഇപ്പോള്‍ സായാഹ്ന കൂട്ടത്തിന്റെ പ്രസിഡണ്ടും ഇഖ്ബാല്‍ സാംസ്കാരിക അക്കാദമി സെക്രട്ടറിയും. ഉമ്പായി ഹിന്ദുസ്ഥാനി മ്യൂസിക് അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നുണ്ട് ഹമീദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: