മുംബൈ: മുംബൈയിൽ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ മുംബൈയിലെ ഒരു ഗോഡൗണില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 120 കോടി രൂപ വിലമതിക്കുന്ന 50 കിലോ മെഫെഡ്രോൺ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയിലെ മുന്‍ പൈലറ്റ് അടക്കം രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
സമീപകാലത്ത് നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ 1556 കിലോ മയക്കുമരുന്ന് മുംബൈ ഡിആർഐ പിടികൂടിയിരുന്നു. സംഭവത്തിൽ കോട്ടയം സ്വദേശി ബിനു ജോണും എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസും പിടിയിലായിരുന്നു. ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ 1476 കോടിയോളം രൂപ വിലവരുന്ന 198 കിലോ ക്രിസ്റ്റല്‍ മെത്താംഫെറ്റമിനും ഒമ്പത് കിലോ കൊക്കെയ്നും കടത്തിയതിനാണ് വിജിൻ വർഗീസിനെ അറസ്റ്റ് ചെയ്തത്.
വിജിന് വര്‍ഗീസിന്റെ പങ്കാളി ദക്ഷിണാഫ്രിക്കയിലെ മോര് ഫ്രെഷ് എക്സ്പോര്‍ട്സ് ഉടമ മലപ്പുറം കോട്ടയ്ക്കല്‍ ഇന്ത്യനൂരിലെ തച്ചമ്പറമ്പൻ മന്‍സൂര്‍ റവന്യു ഇന്റലിജന്‍സിന്റെ വലയിലായെന്ന് സൂചനയുണ്ട്. മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ച് മറ്റു രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നുവെന്നാണ് സൂചന.
വിപണിയിൽ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായാണ് ബിനു ജോണിനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിനു ജോൺ അറസ്റ്റിലായത്. ആദ്യം ലഗേജ് ഡിആർഐ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ട്രോളി ബാഗിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: