നരേന്ദ്രസിംഗ് ഷെഖാവത്ത്
2014 ഒക്ടോബര്‍ 2-ന് ചെങ്കോട്ടയില്‍ നിന്നുകൊണ്ട് വെളിയിടവിസര്‍ജ്ജനമുക്ത ഭാരതത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനത്തെ തുടര്‍ന്നാണ് വലിയ ജനകീയ പ്രസ്ഥാനമായി സ്വച്ഛ് ഭാരത് ദൗത്യം പരിണമിച്ചത്. ഇതിന്റെ സദ് ഫലങ്ങള്‍ ഇന്ന് ലോകത്തിന് മുന്നില്‍ ദൃശ്യമാണ്. 11 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയും 55 കോടി ഗ്രാമീണ ജനതയ്ക്ക് ഗാര്‍ഹിക ശുചിത്വ സൗകര്യങ്ങള്‍ പ്രാപ്യമാവുകയും ചെയ്തതോടെ 2019 ഒക്ടോബര്‍ 2ന് ഇന്ത്യ വെളിയിടവിസര്‍ജ്ജന മുക്ത പദവി കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഇതിലൂടെ സുപ്രധാനമായ സാമൂഹിക പരിവര്‍ത്തനങ്ങളാണ് ഉണ്ടായത്. മെച്ചപ്പെട്ട ആരോഗ്യ ഗുണഫലങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും വഴിതെളിച്ചതിന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ 2019 ലെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുകയുണ്ടായി.
നരേന്ദ്ര മോദിയുടെ ദാര്‍ശനികവും ചലനാത്മകവുമായ നേതൃത്വത്തിന് കീഴില്‍, ലോകത്തെ അഞ്ചാമത്തെ മുന്‍നിര സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതില്‍ സ്വച്ഛ് ഭാരത് മിഷന് വലിയ സംഭാവനയാണ് നല്‍കിയത്. വെളിയിടവിസര്‍ജ്ജനമുക്ത ഗ്രാമങ്ങളില്‍ താമസിക്കുന്ന ഒരു ശരാശരി കുടുംബത്തിന് പ്രതിവര്‍ഷം ശരാശരി 50,000 രൂപയുടെ മൊത്ത ആനുകൂല്യങ്ങളും, ശൗചാലയമുള്ള ഒരു കുടുംബത്തിന്റെ സ്വത്ത് മൂല്യത്തില്‍ 19,000 രൂപയുടെ ഒറ്റത്തവണ വര്‍ദ്ധനയും സംഭവിച്ചതായി യൂനിസെഫ് നടത്തിയ പഠനം വ്യക്തമാക്കുന്നു. പുതിയ ഗാര്‍ഹിക ശൗചാലയങ്ങള്‍ മൂലമുള്ള നേട്ടങ്ങള്‍ അതിനു വരുന്ന ചെലവിനേക്കാള്‍ 4.7 മടങ്ങ് കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഇക്കഴിഞ്ഞ ഒക്ടോബര്‍ 2ന് സ്വച്ഛ് ഭാരത് ദിവസ് ആഘോഷിച്ചപ്പോള്‍, സ്വച്ഛ് ഭാരത് മിഷന് രണ്ടാം ഘട്ടവും, രണ്ട് വര്‍ഷം പിന്നിടുകയാണ്. വെളിയിടവിസര്‍ജ്ജന മുക്ത രാജ്യം എന്നത് ലക്ഷ്യം സാക്ഷാത്കരിച്ച് ഇപ്പോള്‍ അത് കൂടുതല്‍ നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണ് രാജ്യം. സാമൂഹികമായി പുറംതള്ളപ്പെടുന്നതും വീടുകളില്‍ നിന്നും പുറംതള്ളപ്പെടുന്നതുമായ ജൈവവും ജൈവേതരവുമായ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഖര-ദ്രവ മാലിന്യ സംസ്ക്കരണം ഉള്‍പ്പെടുന്ന ഈ ഘട്ടം ‘സമ്പൂര്‍ണ ശുചിത്വം’ എന്ന ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് അനുസൃതമാണ്.
ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ഗ്രാമങ്ങളില്‍, ഗാര്‍ഹിക ശേഖരണത്തിലൂടെയും തുടര്‍ന്ന് ഈര്‍പ്പമുള്ളതും അല്ലാത്തതുമായ മാലിന്യങ്ങള്‍ വേര്‍തിരിച്ചും, ഖരമാലിന്യങ്ങള്‍ ഇപ്പോള്‍ സംസ്ക്കരിക്കപ്പെടുന്നു. ഈര്‍പ്പമുള്ള മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാനും സാധ്യമാകുന്നിടത്ത് ബയോഗ്യാസ് ഉത്പാദിപ്പിക്കാനും തുടര്‍ന്ന് സംസ്കരിക്കുന്നതിനും വേണ്ട പരിശീലനം പഞ്ചായത്തുകളും വനിതാ സ്വയം സഹായ സംഘങ്ങളും നല്‍കുകയും പിന്നീടവ വരുമാന മാര്‍ഗങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗ്രാമങ്ങളിലുടനീളം സ്ഥാപിച്ചിട്ടുള്ള ശേഖരണ, വേര്‍തിരിക്കല്‍ കേന്ദ്രങ്ങള്‍ വഴിയാണ് കൈകാര്യം ചെയ്യുന്നത്. റോഡ് നിര്‍മ്മാണം, സിമന്റ് ഫാക്ടറികളിലെ ഉപയോഗം തുടങ്ങി ഉപജീവനമാര്‍ഗം സൃഷ്ടിക്കാനുതകുന്ന തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചെറു കഷണങ്ങളാക്കുകയും അനുയോജ്യമായ രൂപങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. കര്‍ണാടകയിലെ വന്ദ്സെ ഗ്രാമപഞ്ചായത്തില്‍ ശേഖരിക്കുന്ന ചാണകത്തിന്റെയും ഉണങ്ങിയ മാലിന്യത്തിന്റെയും വില്‍പ്പനയിലൂടെ പ്രതിമാസം ഏകദേശം 88,000 രൂപ ലഭിക്കുന്നു. അതുപോലെ, ജല ശുദ്ധീകരണ സംവിധാനത്തിന്റെ സഹായത്തോടെ ശുദ്ധീകരിക്കുന്ന മലിനജലം ഹരിയാനയിലെ കുരാക് ജാഗിര്‍ ഗ്രാമപഞ്ചായത്തില്‍ മത്സ്യകൃഷിക്ക് ഉപയോഗിക്കുകയും ഇതില്‍ നിന്ന് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ സമാഹരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്ന് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമാനമായ ഒട്ടേറെ കഥകളില്‍ രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണിവ.
ഗോബര്‍ദന്‍ പദ്ധതി അത്തരത്തിലുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. അടുക്കളയിലെ അവശിഷ്ടങ്ങള്‍, വിളകളുടെ അവശിഷ്ടങ്ങള്‍, ചന്തകളിലെ മാലിന്യങ്ങള്‍ എന്നിവയുള്‍പ്പെടെ മൃഗമാലിന്യങ്ങളും മറ്റ് ജൈവമാലിന്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ ഗ്രാമങ്ങള്‍ വെല്ലുവിളി നേരിടുന്നു. ‘മാലിന്യത്തില്‍ നിന്ന് സമ്പത്ത്’ എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഇതിനായി 125 ജില്ലകളില്‍ സ്ഥാപിച്ച 333 ഗോബര്‍ദന്‍ പ്ലാന്റുകള്‍ പാചകം ചെയ്യാനും വീടുകളില്‍ വെളിച്ചം പകരാനും ശുദ്ധമായ ഇന്ധനം മാത്രമല്ല ഒട്ടറെപ്പേര്‍ക്ക് ജോലിയും വരുമാനവും നല്കുന്നു. ജൈവവും ജീര്‍ണ്ണിക്കുന്നതുമായ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനും മാലിന്യങ്ങളെ വിഭവങ്ങളാക്കി മാറ്റുന്നതിനും, ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കുന്നതിനും, അസംസ്കൃത എണ്ണ ഇറക്കുമതിയിലെ ആശ്രിതത്വം കുറയ്ക്കുന്നതിനും, സംരംഭകത്വം വര്‍ദ്ധിപ്പിക്കുന്നതിനും, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള യഥാര്‍ത്ഥ ‘വേസ്റ്റ് ടു വെല്‍ത്ത്’ സംവിധാനമാണിത്.
സാങ്കേതികമായി ‘ഗ്രേ വാട്ടര്‍’ എന്ന് വിളിക്കപ്പെടുന്ന ഗാര്‍ഹിക മലിനജലം (ശൗചാലയങ്ങളില്‍ നിന്നുള്ള മലിനജലം ഒഴികെ) കൈകാര്യം ചെയ്യുന്നതിനായി ആരംഭിച്ച സുജലം 1.0, സുജലം 2.0 പ്രചാരണം, ഈ മലിനജലം കുളങ്ങള്‍, തടാകങ്ങള്‍, നദികള്‍ തുടങ്ങിയ പ്രകൃതിദത്ത ഗ്രാമീണ ജലസ്രോതസ്സുകളെ മലിനമാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. ശൗചാലയ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി, എല്ലാ ഒറ്റക്കുഴി ശൗചാലയങ്ങളും ഇരട്ടക്കുഴി ശൗചാലയങ്ങളാക്കി മാറ്റാന്‍ സംസ്ഥാനങ്ങളെ ജല്‍ശക്തി മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. സെപ്റ്റിക് ടാങ്കുകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ശൗചാലയങ്ങള്‍ക്കായി, മാലിന്യ ശേഖരണം, ഗതാഗതം, സംസ്കരണം എന്നിവ ഉള്‍പ്പെടുന്ന ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുള്‍പ്പെടെയുള്ള ഫീക്കല്‍ സ്ലഡ്ജ് മാനേജ്മെന്റ് സംവിധാനം സജ്ജീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മേല്‍പ്പറഞ്ഞവ കൂടാതെ, സുരക്ഷിതമായ ശുചിത്വ സംവിധാനങ്ങളും സമ്പ്രദായങ്ങളും സ്വീകരിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി വിപുലമായ ജീവിതശൈലി പരിവര്‍ത്തന പ്രചാരണങ്ങളും (പെരുമാറ്റ രീതിയിലെ പരിവര്‍ത്തനം) നടപ്പാക്കി വരുന്നു. സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തിലുള്ള സ്വച്ഛത ഹി സേവ എന്ന വാര്‍ഷിക ശുചിത്വ ദ്വൈവാരാചരണ പരിപാടി, പൈതൃക മാലിന്യങ്ങളും, എപ്പോഴും മലിനമാകുന്ന സ്ഥലങ്ങളും വൃത്തിയാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാലിന്യ ശേഖരണം, മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുന്നത് ഉറപ്പാക്കുക, വേര്‍തിരിക്കല്‍ ഷെഡുകളുടെ നിര്‍മ്മാണം, മാലിന്യ ശേഖരണ വാഹനങ്ങള്‍ വാങ്ങല്‍, വീടുവീടാന്തരം കയറിയിറങ്ങിയുള്ള അജൈവ മാലിന്യ ശേഖരണം, ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കല്‍, വൃക്ഷത്തൈ നടല്‍, ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം തുടങ്ങിയവയും പ്രചാരണത്തിന്റെ ഭാഗമാണ്. ഈ വര്‍ഷം ശ്രമദാനത്തില്‍ 2 കോടിയിലധികം ജനങ്ങള്‍ പങ്കെടുക്കുകയും വര്‍ഷങ്ങളായി കെട്ടിക്കിടന്ന 460,000-ലധികം പൈതൃക മാലിന്യ കൂമ്പാരങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുകയും ചെയ്തു.
1.14 ലക്ഷത്തിലധികം ഗ്രാമങ്ങള്‍ ഇതിനോടകം വെളിയിട വിസര്‍ജ്ജന മുക്ത പ്ലസ് ആയി പ്രഖ്യാപിക്കപ്പെടുകയും ഏകദേശം 3 ലക്ഷം ഗ്രാമങ്ങള്‍ ഖര, ദ്രവമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിലൂടെ ആ നിലയിലേക്കെത്താനുള്ള തങ്ങളുടെ പ്രയാണം ആരംഭിക്കുകയും ചെയ്തു എന്ന് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാന്‍ ഞാനാഗ്രഹിക്കുന്നു.
രാജ്യത്തെ ആറ് ലക്ഷം ഗ്രാമങ്ങളെയും വെളിയിട വിസര്‍ജ്ജന മുക്ത പ്ലസ് നിലവാരത്തിലേക്ക് ഉയര്‍ത്തുകയും അതിലൂടെ ഗ്രാമീണ ഇന്ത്യയില്‍ തൊഴില്‍ നല്‍കുകയും വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍, ഉത്തരവാദിത്തവും ആത്മാഭിമാനവുമുള്ള പൗരന്മാര് എന്ന നിലയില്‍, ‘സ്വച്ഛതാ സേ സ്വാവ്ലംബന്‍’ പ്രയത്നത്തില്‍ നമുക്കും പങ്കു ചേരാം. ആഗോള സമൂഹത്തിന് മുന്നില്‍ സമ്പൂര്‍ണ ശുചിത്വത്തിന്റെ ഉജ്ജ്വല മാതൃകയായി മാറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: