തിരുവനന്തുപുരം: പോപ്പുലര്‍ ഫ്രണ്ട് ഓള് ഇന്ത്യ നേതാവിനെ സംസ്ഥാന വൈദ്യുതി വകുപ്പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിഎഫ്ഐ ചെയര്മാന് ഓവുങ്കല്‍ മുഹമ്മദ് അബ്ദുല്‍ സലാം എന്ന ഒ.എം.എ സലാമിനെയാണ് കെ.എസ്.ഇ.ബി സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. രാജ്യവ്യാപകമായി പിഎഫ്ഐ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി എത്തിയത്. മാസങ്ങളായി സലാം സസ്പെന്‍ഷനിലായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് സലാം. സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നുവരികയായിരുന്നു. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ്റില്‍ സലാമിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായില്ല. സെപ്തംബര്‍ 30നാണ് സലാമിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.
മഞ്ചേരിയിലെ റീജണല്‍ ഓഡിറ്റ് ഓഫീസിലെ സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ ആയിരുന്നു സലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: