ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടിലെ ആദ്യ പരമ്പര നേട്ടമെന്ന പകിട്ടോടെ അവസാന മത്സരത്തിനായി ഇന്ത്യ ഇന്ന് ഇന്‍ഡോറില്‍. രാത്രി ഏഴിന് തുടങ്ങുന്ന കളിയില്‍ ജയിച്ച് നാട്ടിലെ ആദ്യ പരമ്പര നേട്ടം സമ്പൂര്‍ണമാക്കാന്‍ ടീം ഇന്ത്യ ഒരുങ്ങുന്നു. ട്വന്റി20 ലോകകപ്പിനു മുന്‍പുള്ള അവസാന മത്സരമെന്ന നിലയില്‍ അവസാന ഓവര്‍ ബൗളിങ്ങിലെ കുറവുകള്‍ പരിഹരിക്കുന്നതിനെക്കുറിച്ചാകും ടീം മാനേജ്മെന്റിന്റെ ചിന്ത.
ബാറ്റര്‍മാര്‍ തകര്‍ത്താടിയ രണ്ടാം മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. സൂര്യകുമാര്‍ യാദവ് (61), കെ.എല്‍. രാഹുല്‍ (57), വിരാട് കോഹ്ലി (49 നോട്ടൗട്ട്), രോഹിത് ശര്‍മ (43), ദിനേശ് കാര്‍ത്തിക് (17 നോട്ടൗട്ട്) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ട്വന്റി20യില്‍ സൂര്യകുമാര്‍ 1000 റണ്‍സ് തികച്ചു. 573 പന്തില്‍ നിന്നാണ് നേട്ടം. കുറവു പന്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമാണ്.
ഡേവിഡ് മില്ലറുടെയും (106 നോട്ടൗട്ട്) ക്വിന്റണ്‍ ഡികോക്കിന്റെയും (69) കരുത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചെങ്കിലും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സില്‍ പോരാട്ടം അവസാനിച്ചു. ഐഡന്‍ മര്‍ക്രവും (33) രണ്ടക്കം കണ്ടു. ടെംബ ബാവുമ, റിലീ റൂസൊ എന്നിവര്‍ അര്‍ഷദീപിന്റെ ആദ്യ ഓവറില്‍ പൂജ്യത്തിന് പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.
അവസാന ഓവറുകളിലെ റണ്‍ വഴങ്ങല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടരുന്നു. ഈ മത്സരത്തില്‍ അവസാനത്തെ ഏഴോവറില്‍ 111 റണ്‍സാണ് വിട്ടു നല്‍കിയത്. ലോകകപ്പ് ടീമിലുള്ള അര്‍ഷദീപ് സിങ് ആദ്യ സ്പെല്ലില് രണ്ടു വിക്കറ്റെടുത്തെങ്കിലും അവസാനം അടി വാങ്ങി. നാലോവറില്‍ 62 റണ്‍സ് നല്കി. ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 45 റണ്‍സും അക്സര്‍ പട്ടേല്‍ 53 റണ്‍സും വഴങ്ങി. പരമ്പര നേടിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഋഷഭ് പന്തിന് അവസരം നല്‍കിയേക്കും.
മില്ലറും ഡികോക്കും ഫോമിലെത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം. അതേസമയം, ബാവുമയുടെ ഫോമില്ലായ്മ തലവേദന. റീസ ഹെന്റിക്സ്, ഹെന്റിച്ച് ക്ലാസന് എന്നീ ബാറ്റര്‍മാര്‍ക്ക് ഇന്ന് അവസരം നല്‍കിയേക്കും. ഓള്‍റൗണ്ടര്‍മാരായ ആന്‍ഡിലെ ഫെല്കുവായൊ, ഡ്വെയ്ന്‍ പ്രിട്ടോറിയസ് തുടങ്ങിയവരെയും പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: