ടെഹ്റാന്: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായ ഭരണകൂട നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം തൊണ്ണൂറ് കടന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രക്ഷോഭം കൂടുതല്‍ പ്രവിശ്യകളിലേക്കും രാജ്യങ്ങളിലേക്കും പടരുകയാണ്. അഫ്ഗാനിസ്ഥാന് അടക്കമുള്ള തീവ്ര ഇസ്ലാമിക രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ ഹിജാബിനെതിരെ പരസ്യമായി തെരുവിലിറങ്ങി. ലോകമെമ്പാടും വിവിധമേഖലകളിലെ പ്രമുഖര്‍ പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തുണ്ട്. ഇറാനില്‍ സമരം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിലാണ് തൊണ്ണൂറിലേറെപ്പേരെ ഭരണകൂടം വധിച്ചതെന്ന് നോര്‍വെ ആസ്ഥാനമായ ഇറാന് ഹ്യൂമന്‍ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടന ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.
കുര്‍ദിഷ് പട്ടണമായ സാക്കസില്‍ ഇരുപത്തിരണ്ടുകാരി മഹ്സ അമിനി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാനിലുടനീളം സ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രക്ഷോഭത്തിനെതിരെ നടപടികള്‍ ശക്തമാക്കിയിട്ടും ടെഹ്റാന്, കോം, റാഷ്ത്, സാനന്ദജ്, മസ്ജിദ്-ഇ-സുലൈമാന്‍ തുടങ്ങിയ നഗരങ്ങളിലെ മതസ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന കൂറ്റന്‍ പ്രകടനങ്ങളുടെ വീഡിയോകള്‍ ലോകമെങ്ങും പരക്കുകയാണ്.
അതിനിടെ പ്രക്ഷോഭം പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെയും ഇറാന് പോലീസ് വേട്ടയാടുന്നുവെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം വരെ 28 മാധ്യമപ്രവര്‍ത്തകരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, മഹ്സ അമിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലെ പ്രാകൃത ഭരണത്തിനെതിരെ യൂറോപ്യന്‍ യൂണിയന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ജര്‍മ്മനി രംഗത്തെത്തി. നോര്‍വേയില്‍, ഓസ്ലോയിലെ ഇറാന് എംബസിയിലേക്ക് നൂറ് കണക്കിനാളുകളാണ് പ്രകടനം നടത്തിയത്. 95 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: