കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന അഭിപ്രായത്തില്‍ തെറ്റു തോന്നിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി. വിവാഹം സംബന്ധിച്ച മതശാസനയാണ് അന്ന് കോഴിക്കോട്ടെ പ്രസംഗത്തില്‍ പറഞ്ഞതെന്നും അബ്ദുള്‍ റഹ്മാന്‍ കല്ലായി പറഞ്ഞു. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയെന്ന പരാതിയെ തുടര്‍ന്ന് അബ്ദുല്‍ റഹ്മാന്‍ കല്ലായിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോഴാണ് വീണ്ടും അദ്ദേഹം പഴയ വിവാദം പൊടിതട്ടിയെടുത്തത്.
2021 ഡിസംബര്‍ 10നാണ് ഈ ആരോപണം അബ്ദുള്‍ റഹ്മാന്‍ കല്ലായി ആദ്യം ഉന്നയിച്ചത്. കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ ഈ അധിക്ഷേപ പരാമര്‍ശം. “മുന്‍ ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരോടോ ഭാര്യ. ഇത് വിവാഹമാണോ? വ്യഭിചാരമാണ്.”- ഇതായിരുന്നു അന്നത്തെ വിവാദപ്രസംഗത്തിന്റെ തുടക്കം. പിന്നീട് പ്രസംഗം വിവാദമായതോടെ അധിക്ഷേപപരാമര്‍ശത്തിന്റെ പേരില്‍ അബ്ദുറഹിമാന്‍ കല്ലായി മാപ്പ് പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ വീണ്ടും അദ്ദേഹം പഴയ വിവാദം പൊടിതട്ടിയെടുക്കുകയാണ്.
റിയാസിന്റെ വിവാഹം അംഗീകരിക്കാന്‍ മുസ്ലിങ്ങള്‍ക്ക് സാധിക്കില്ല. എന്നാല്‍ പ്രസംഗത്തില്‍ റിയാസിന്റെ പേര് പറയേണ്ടിയിരുന്നില്ലെന്നും അബ്ദുള്‍ റഹ്മാന്‍ കല്ലായി പറഞ്ഞു. തന്റെ അറസ്റ്റിന് പിന്നില്‍ ചില ലീഗ് നേതാക്കളാണെന്നും തന്റെ വലംകൈയായി നിന്ന മട്ടന്നൂരിലെ ലീഗ് നേതാവാണ് ചതിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കോടി ചെലവായ നിര്‍മ്മാണത്തിന് പത്ത് കോടി ചെലവില്‍ കാണിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: