തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകള്‍, വസ്തുവകകള്‍ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ഇതിനുവേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.
നിരോധിത സംഘടനയ്ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തടയുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ നടപടിയെടുക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൈമാറിയ അധികാരം ജില്ലാ പോലീസ് മേധാവിമാര്‍ വിനിയോഗിക്കും. ജില്ലാ മജിസ്ട്രേട്ടുമാരുമായി ചേര്‍ന്നായിരിക്കും ഇക്കാര്യത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ തുടര്‍നടപടി സ്വീകരിക്കുകയെന്ന് പോലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.
നടപടികള്‍ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡി ഐ ജിമാരും നിരീക്ഷിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചു. പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ എഡിജിപി മാരും ഐജിമാരും ഡിഐജിമാരും എല്ലാ ജില്ലാ പോലീസ് മേധാവിമാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: