കാഞ്ഞാണി: കാറ്ററിങ്ങ് സ്ഥാപന ഉടമയില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. നാട്ടിക ബീച്ച് ജുമാമസ്ജിദ് പള്ളിക്ക് തെക്കുവശം താമസിക്കുന്ന രായംമരക്കാര്‍ വീട്ടില്‍ ഷാനവാസി (50) നെയാണ് രണ്ടു പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന എംഡിഎംഎ സഹിതം വീട്ടു പരിസരത്ത് നിന്നും പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ ഡന്‍സാഫ് സംഘവും വലപ്പാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച്ച രാത്രി വാഹന പരിശോധനക്കിടെ അന്തിക്കാട് പോലീസ് പെരിങ്ങോട്ടുകരയില്‍ വെച്ച് വലപ്പാട് കോതകുളം സ്വദേശികളായ പുതിയവീട്ടില്‍ അനസ് (30), പുതിയവീട്ടില്‍ സാലിഹ് (29) എന്നിവരെ എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കള്‍ക്ക് എംഡിഎംഎ നല്‍കിയത് ഷാനവാസാണെന്ന് മനസിലാക്കിയത്.
പോലീസ് സംഘം വീടിന്റെ സമീപത്തു വെച്ച് ഷാനവാസിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ പ്രത്യേകം കെട്ടിയിരുന്ന തുണി ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ചിരുന്ന രണ്ടു പാക്കറ്റ് എംഡിഎംഎ കണ്ടെത്തിയത്. ഷാനവാസ് നാട്ടിക ബീച്ചില്‍ വീടിനോട് ചേര്‍ന്ന് ക്യൂ 10 എന്ന പേരില്‍ കാറ്ററിങ് സ്ഥാപനം നടത്തി വരികയാണ്. നാട്ടില്‍ നല്ല നിലയിലാണ് ഷാനവാസ് ജീവിക്കുന്നത്. കാറ്ററിങ് സ്ഥാപനത്തിന്റെ മറവില്‍ ബാംഗ്ലൂരില്‍ പോയി എംഡിഎംഎ കൊണ്ടുവന്നു നാട്ടില്‍ രഹസ്യമായി വില്പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെയുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ റൂറല്‍ ജില്ലാ ഡിസിബി ഡിവൈഎസ്പി ഷാജ് ജോസ്, ഡന്‍സാഫ് സിഐ അരുണ്‍, വലപ്പാട് സിഐ സുശാന്ത്, ഡന്‍സാഫ് എസ്ഐ സ്റ്റീഫന്‍, എഎസ്ഐ ജയകൃഷ്ണന്, ഷിനില്‍, എസ് സിപിഒ മാരായ മിഥുന് കൃഷ്ണ, ഷറഫുദ്ദീന്, സിപിഒ മാനുവല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: