തൃശൂര്‍: പൊയ്യ അഡാക്ക് മോഡല്‍ ഫിഷ് ഫാമില്‍ മത്സ്യ ഉല്പാദന വര്‍ധനവ് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം കരിമീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനാകും. ഇപ്പോള്‍ ഫാമില്‍ നടക്കുന്ന വിത്തുല്പാദനത്തിന്റെ ഇരട്ടി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.
വിത്തുല്പാദന യൂണിറ്റിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2019ല്‍ 2.93 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നാല് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതം ഉയരവും വീതിയുമുളള 64 ബ്രീഡിംഗ് ടാങ്കുകളും അഞ്ച് മീറ്റര്‍ വീതം നീളവും വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള നാല് ജലസംഭരണികളുമാണ് ഉത്പാദന യൂണിറ്റിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്. നിലവില്‍ 30 ടാങ്കുകളിലായാണ് കരിമീന്‍ വിത്തുല്പാദനം. തൃശൂര്‍ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല.
കേരളത്തില്‍ മത്സ്യകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം ഗുണമേന്മയുള്ള മത്സ്യവിത്ത് ലഭിക്കാത്തതാണ്. സംസ്ഥാനത്തിന് ആവശ്യമായ മത്സ്യവിത്തിന്റെ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ പൊയ്യ ഫാമില്‍ ആരംഭിക്കുന്ന യൂണിറ്റിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: