ജയ്പൂര്‍: മമതയെ കൈകാര്യം ചെയ്ത മാജിക്കെന്തായിരുന്നുവെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനോട് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ചോദ്യം. ഞാനൊരു മജീഷ്യനാണ്, പക്ഷേ മമതയെ വരുതിയിലാക്കിയ താങ്കള്‍ അതിലും വലിയ മജീഷ്യനാണെന്ന് തോന്നുന്നു, എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ഗെഹ്ലോട്ട് ഉപരാഷ്ട്രപതിയോട് തമാശച്ചോദ്യം എറിഞ്ഞത്.
ഞാനൊരു മാജിക്കുകാരനൊന്നുമല്ല, ധന്‍കര്‍ മറുപടി പറഞ്ഞു. പക്ഷേ, താങ്കളെപ്പോലൊരു മജീഷ്യനോട് തോല്‍ക്കാതിരിക്കാനുള്ള മാജിക്കൊക്കെ എന്റെ പക്കലുണ്ട്. രാജസ്ഥാനിലെ ചുരുവില്‍ ബിജെപി സ്ഥാനാര്‍ഥിയായി രാജേന്ദ്രപ്രസാദ് മത്സരിക്കുമ്പോള്‍ അദ്ദേഹത്തെ തോല്പ്പിക്കുമെന്നായിരുന്നല്ലോ താങ്കളുടെ പ്രഖ്യാപനം. ആ തെരഞ്ഞെടുപ്പ് ഫലം പറഞ്ഞുതരും ആരാണ് മജീഷ്യനെന്ന്, ധന്‍കര്‍ പറഞ്ഞു.
രാജസ്ഥാന് നിയമസഭയില്‍ ഉപരാഷ്ട്രപതിക്ക് നല്കിയ വരവേല്പ്പിനിടെയാണ് ഇരുവരും സൗഹൃദവര്ത്തമാനത്തിലേര്പ്പെട്ടത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മമതാ ബാനര്‍ജി തീരുമാനിച്ചതിന് പിന്നില്‍ എന്തായിരുന്നു മാജിക്കെന്നാണ് അശോക് ഗെഹ്ലോട്ട് ആരാഞ്ഞത്. നിങ്ങള്‍ തമ്മിലുള്ള ‘നല്ല ബന്ധം’ നാട്ടിലാകെ പാട്ടായിരുന്നു. മൂന്ന് വര്ഷംബംഗാളില് പോരടിച്ചവരാണ്. പിന്നെങ്ങനെയാണ് അത് സംഭവിച്ചത്? മമതയെപ്പോലുള്ള ഒരു കര്‍ക്കശക്കാരിയായ സ്ത്രീയോട് നിങ്ങള്‍ എന്ത് മാന്ത്രികവിദ്യയാണ് കാട്ടിയത്? അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് മാജിക്കൊന്നുമില്ല, പക്ഷേ ഞാന്‍ തോല്‍ക്കാറില്ല, ധന്‍കര്‍ മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: