പത്തനംതിട്ട: കണ്ണൂരില്‍ ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടിയെടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് തത് സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു നടപടിയുമെടുക്കാതെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ചെയ്തത്. ഗവര്‍ണര്‍ക്ക് നേരെ നടന്ന കയ്യേറ്റ ശ്രമവും അതിന് പിന്നിലെ ഗൂഡാലോചനയും ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ് ഗവര്‍ണര്‍ സംസാരിക്കുന്ന വേദിയില്‍ നിന്നിറങ്ങിയപ്പോയി ,അക്രമികള്‍ക്കെതിരെ പൊലീസ് നടപടി തടയുന്നതിന് ശ്രമിക്കുന്ന കാര്യം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രാഗേഷിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണം.
കണ്ണൂരില്‍ ഗവര്‍ണക്കെതിരെ നടന്ന കയ്യേറ്റ ശ്രമം ആസൂത്രിതമാണ്. പ്ലക്കാര്‍ഡുകള്‍ നേരത്തെ തയ്യാറാക്കുകയും പ്രതിഷേധത്തിന് വിദ്യാര്‍ത്ഥികളെ ഒരുക്കി നിറുത്തുകയുമായിരുന്നു. വി.സി നിയമനത്തില്‍ അനധികൃതമായി ഇടപെടുകയും തന്റെ നാട്ടുകാരനായതിനാല്‍ ഒരാളെ വി.സിയാക്കണമെന്നാവശ്യപ്പെടുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. കുറ്റകൃത്യം മറച്ചുവയ്ക്കുകയും കുറ്റവാളികളെ രക്ഷിക്കുകയും ചെയ്ത മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും സുരേന്ദ്രന് പത്തനംതിട്ടയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: