തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുന്നില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സിപിഎമ്മിന് എതിരല്ല ജോഡോ യാത്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയടക്കമുള്ള വിഷയങ്ങള്‍ യാത്രയില്‍ ഉന്നയിക്കപ്പെടുന്നില്ല.
എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളോടുള്ള രാഹുലിന്റെ നിലപാടറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന് സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന് ചില പോക്കറ്റുകളില്‍ സ്വാധീനമുള്ള മേഖലയാണ് ആലപ്പുഴ. എതിര്‍ക്കുന്നവരെ അവര്‍ കൊല ചെയ്ത ജില്ലയാണ്. ജോഡോ യാത്ര ആലപ്പുഴയില്‍ എത്തിയപ്പോള്‍ പോലും തീവ്രവാദത്തിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ രാഹുല്‍ തയ്യാറായില്ല.
ഒടുവില്‍ നടന്ന തൃക്കാക്കര തെരഞ്ഞെടുപ്പിലടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടു വാങ്ങിയ കോണ്‍ഗ്രസിന് അവരോട് നന്ദി കാട്ടാതിരിക്കാനാകില്ലന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. വിദ്വേഷം പ്രചരിപ്പിക്കുകയും രാജ്യ വിരുദ്ധത സംസാരിക്കുകയും ചെയ്തതിന് അറസ്റ്റിലായ ക്രിസ്ത്യന്‍ പാതിരിയെ കന്യാകുമാരിയില്‍ സന്ദര്‍ശിക്കാന്‍ സമയം ചെലവിട്ട ജോഡോ യാത്രക്കാരന് രാഹുല്‍ കേരളത്തിലെ െ്രെകസ്തവ മത മേലധ്യക്ഷന്മാര് ഉന്നയിച്ച ലൗ ജിഹാദിനെ കുറിച്ചും ലഹരി ജിഹാദിനെ കുറിച്ചും അഭിപ്രായം വ്യക്തമാക്കണം.
കേരളത്തില്‍ മുസ്ലീം മതഭീകരവാദ സംഘടനകള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും യുവാക്കളെയും ലൗ ജിഹാദിലും ലഹരി ജിഹാദിലും പെടുത്തി നശിപ്പിക്കുകയാണെന്ന് പറഞ്ഞത് പാലാ ബിഷപ്പും തലശ്ശേരി ബിഷപ്പുമാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ കന്യാകുമാരിയിലെ പാതിരിയെ സന്ദര്‍ശിച്ച രാഹുല്‍ കേരളത്തിലെ അഭിവന്ദ്യരായ രണ്ടു ബിഷപ്പുമാര്‍ പറഞ്ഞ ഗുരുതര വസ്തുതകളില്‍ അഭിപ്രായം വ്യക്തമാക്കണം. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സംഘടനകളോട് രാഹുലിനും ജോഡോ യാത്രയ്ക്കുമുള്ളത് മൃദു സമീപനമാണ്. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനെ സഹായിച്ചതിലുള്ള പ്രത്യുപകാരമാണതെന്ന് സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: