ശിവകുമാര്‍ പടപ്പയില്‍
കൃഷിക്ക് അനുയോജ്യമായ നനഞ്ഞ മണ്ണിനെ ഊരാളി സാമുദായികഭാഷയില് കൊളുക്കന്‍ എന്നു പറയും… കാടും മേടും താണ്ടി കൊളുക്കന്‍ തേടിയുള്ള യാത്രയാണ് ഊരാളിക്ക് ജീവിതം . കൊളുക്കനെ ചുറ്റിപ്പറ്റി ഒരു ഊര് അവന് പടുത്തുയര്‍ത്തും. അങ്ങനെ അവന് ‘ഊരാളി’യാവുന്നു. മനുഷ്യവംശത്തിന്റെ പരിണാമദശകളില്‍ മുഖ്യമായ ഒരധ്യായത്തിന്റെ പ്രതീകമാണ് ഈ സമുദായം. ഊരാളി ഗോത്രത്തിന്റെ വേരുകള്‍ തമിഴകത്താണ്. അവര്‍ പടര്‍ന്നതും അവശേഷിക്കുന്നതും മുഖ്യമായും ഇടുക്കിയുടെ പ്രാന്തപ്രദേശങ്ങളിലും.
വ്യക്തി ജീവിതവും, കുടുംബ പശ്ചാത്തലവും?
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ വഞ്ചിവയലില്‍ കടുത്തയുടെയും സരസമ്മയുടെയും മകളായി 1980 മാര്‍ച്ച് 25ന് ജനിച്ചു. എനിക്ക് നാല് വയസുള്ളപ്പോള്‍ അച്ഛന് മരിച്ചു. അച്ഛനെക്കുറിച്ചുള്ള എന്റെയോര്‍മ്മകള്‍ രോഗബാധിതനായ, ഏറെ ക്ഷീണിച്ച ഒരു രൂപത്തില്‍ ഒതുങ്ങുന്നു. ഒരു ഗോത്ര ജനതയുടെ എല്ലാ ഇല്ലായ്മകളും തെളിഞ്ഞുനിന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ഇന്നുമുണ്ട്. വഞ്ചിവയലില്‍ നിന്നും തൊട്ടടുത്ത ടൗണ്‍ ആയ വണ്ടിപ്പെരിയാറിലേക്ക് ഒന്‍പത് കിലോമീറ്റര്‍ ദൂരമുണ്ട്. 2005 വരെ യാത്രാ സൗകര്യം ഒട്ടുമില്ലായിരുന്നു.
എല്ലാ ഗോത്ര ജനതയെയും പോലെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ജനങ്ങള്‍ക്കിടയിലേക്ക് അതിനകം ക്രിസ്ത്യന്‍ മിഷനറിമാര്‍ കടന്നുവന്നിരുന്നു. അവര്‍ പുതിയ കൃഷിരീതികള്‍ പഠിപ്പിച്ചു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തി. അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ട സഹായങ്ങള്‍ നല്കി. ക്രിസ്ത്യന്‍ മിഷനറിമാരുടെ കടന്നുവരവ് കോളനിയിലെ ആളുകളുടെ ജീവിതത്തില്‍ വെളിച്ചം വീശി. അവരൊരിക്കലും മതം മാറ്റത്തിന് ഇവരെ പ്രേരിപ്പിച്ചില്ല എന്നത് ആശ്ചര്യകരമാണ്.
എന്റെയും കൂട്ടുകാരുടെയും വിദ്യാഭ്യസ കാലഘട്ടം ഏറെ തിളക്കമുള്ളതായിരുന്നു. തങ്കമല തേയില എസ്റ്റേറ്റിലെ രണ്ടു മുറി മാത്രമുളള പളളിക്കൂടം എങ്ങനെ മറക്കാനാണ്. അതിനു ശേഷം പത്താംതരം പാസ്സായത് ജിഎച്ച്എസ് കുമളി അമരാവതി സ്കൂളില്‍ നിന്നാണ്. പിന്നീട് സെന്റ്. ഡൊമിനിക്സ് കാഞ്ഞിരപ്പള്ളിയിലും.
സഹോദരങ്ങള്‍ വഞ്ചി വയലില്‍ തന്നെയാണ് താമസം. 2014 ലായിരുന്നു വിവാഹം. ഭര്‍ത്താവ് ഓമനക്കുട്ടന്. രണ്ട് കുട്ടികള്‍. ആദിത്യന്, ആമി. 2010-ല്‍ വാണിജ്യനികുതി വകുപ്പില്‍ പ്യൂണ്‍ ആയി നിയമനം.2013-ല്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ജിടിഎച്ച്എസ് മുരിക്കാട്ടുകുടിയില്‍ ജോലി ചെയ്യുന്നു.
കൊളുക്കന്‍ എഴുതാനുണ്ടായ പ്രേരണ?
ഗോത്ര ജനതയെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നുംതന്നെ ഗോത്രജനതയുടെ സ്വത്വം എന്നതിനെ പരാമര്‍ശിക്കുന്നില്ല. അവരില്‍ എങ്ങനെയാണോ ഗോത്ര ജനത എന്നതിന്റെ ആശയം നില്‍ക്കുന്നത്, അത് വരച്ചുകാട്ടാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. ഇത്തരം എഴുത്തുകളിലൂടെ ആദിവാസി ജനതയെ വളരെ മോശമായി ചിത്രീകരിക്കുന്നവരാണ് ഏറെയും. അത് വിശ്വസിക്കാനാണ് സമൂഹത്തിന് ഏറെയിഷ്ടം. എന്നാല്‍ ഇത്തരം പുസ്തകങ്ങളില്‍ അവരുടെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധമില്ല എന്ന് തന്നെ പറയേണ്ടി വരും. സ്ത്രീകളെ വളരെ മോശമായി ചിത്രീകരിച്ചിരിക്കുന്നത് പല എഴുത്തുകളിലും കാണാം.
ഇത്തരം പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി. ഗോത്ര ജനതയുടെ അടയാളപ്പെടുത്തല്‍ നടത്തേണ്ടത് ഗോത്ര വിഭാഗങ്ങള്‍ തന്നെയാണ്. അവനിലെ സംസ്കാരം ആചാരം ജീവിതരീതികള്‍ അവനല്ലാതെ മറ്റാര്‍ക്കാണ് പറയാന്‍ കഴിയുക. അതല്ലേ ഭംഗിയും. ഇങ്ങനെയൊരു പുസ്തകം കാലഘട്ടത്തിന്റെ ആവശ്യകതയായിരുന്നു. ഇതിനു വേണ്ടി ഞാനാദ്യം സമീപിച്ചത് പ്രിയ സുഹൃത്തും കവിയുമായിരുന്ന ബിനു എം പള്ളിപ്പാടിനെയാണ്. (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) ഞാന്‍/എന്റെ ആളുകളെ ചരിത്രത്തിലേക്ക് അടയാളപ്പെടുത്തേണ്ടത് എന്റെ കടമയായി തോന്നി. അങ്ങനെ ഏറെനാളത്തെ ആലോചനകള്‍ക്ക് ശേഷം 2017-ല്‍ കൊളുക്കന്‍ എന്ന നോവല്‍ എഴുതിത്തുടങ്ങി.2020 ലാണ് നോവല്‍ എഴുതി തീര്‍ന്നത്.
ഊരാളി വിഭാഗം ജനത 80 വര്‍ഷങ്ങള്‍ക്കു മുന്‍പ് നേരിടേണ്ടി വന്ന മൂന്ന് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നോവല്‍ രചിച്ചിരിക്കുന്നത്. ഇതിലെ സംസാരഭാഷ ഊരാളി ഭാഷയിലാണ് എഴുതിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. ഊരാളി വിഭാഗത്തിന്റെ ജീവിതരീതി, ചടങ്ങുകള്‍, കൃഷി, ഭ ക്ഷണം എന്നിവയെക്കുറിച്ചെല്ലാം നോവലില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഊരാളി സമുദായത്തിന്റെ ഉദ്ഭവം, വളര്‍ച്ച, ഇന്നത്തെ അവസ്ഥ?
ഊരാളി ഗോത്ര ജനതയുടെ ഉദ്ഭവം എങ്ങനെ എന്നതിനെ സംബന്ധിച്ച് രേഖപ്പെടുത്തലുകള്‍ ഇല്ല. വാമൊഴി ചരിത്രം മാത്രമാണ് ലഭ്യമായിട്ടുള്ളത്. സംഘ കാലഘട്ടം മുതലേ ഊരാളി വിഭാഗക്കാര്‍ ഉണ്ടായിരുന്നുവെന്ന് വാമൊഴി പറയുന്നു. പ്രാചീന ദക്ഷിണ ഭാരതത്തില്‍ ചേര- ചോള – പാണ്ഡ്യ രാജാക്കന്മാരുടെ ഭരണവുമായി ബന്ധപ്പെട്ടാണ് ചരിത്രം പറയുന്നത് എങ്കിലും അതിന് തെളിവില്ല. കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ എല്ലാം ഏതെക്കെയോ കാരണങ്ങളാല്‍ ജന്മദേശം വിട്ട് സഞ്ചരിച്ചവരാണ്. അത് ദക്ഷിണ ഭാരതത്തിലുണ്ടായ കൊടും വരള്‍ച്ചയും പട്ടിണിയും മൂലം ജീവിതം തേടി അലഞ്ഞ കൂട്ടമാവാനാണ് സാധ്യതയേറെ.
മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വേട്ടയാടിയും മീന്‍ പിടിച്ചും ജീവിതം നയിച്ചവര്‍ ഇന്ന് വേറിട്ട ജീവിതമാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നു. കൃഷിയാണ് മുഖ്യ തൊഴില്‍. ഏലം, കാപ്പി കുരുമുളക്, കൊക്കോ എന്നിവയാണ് പ്രധാന കൃഷി വിളകള്‍. സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്. എന്നിരുന്നാലും തീര്‍ത്തും അധഃസ്ഥിതരായി ജീവിക്കുന്നവരും കൂട്ടത്തിലുണ്ട്. ഞങ്ങള്‍ക്ക് ഇങ്ങനെ മതി, മാറ്റങ്ങള്‍ ഒന്നും ഇഷ്ടപ്പെടാത്തവര്‍.
പ്രശ്ന പരിഹാരത്തിന് രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണോ? ഫലപ്രദമാണോ?
ആദിവാസി വിഭാഗങ്ങളുടെ പ്രശ്നം രാഷ്ട്രീയമായ ഇടപെടലുകള്‍ കൊണ്ട് മാത്രം പരിഹരിക്കാന്കഴിയുന്നതല്ല. അത് മുഖ്യധാരയില്‍ നിന്നും ഉയര്‍ന്നു വരേണ്ടതാണ്. സമൂഹത്തില്‍ നിന്ന് തുടങ്ങി പൂര്‍ണ്ണതയില്‍ എത്തിക്കേണ്ട ഒന്നാണത്. അതിന് മുന്‍കൈ എടുക്കേണ്ടത് പട്ടികവര്‍ഗ്ഗ വികസന വകുപ്പും വനം വകുപ്പും ജില്ലാ വികസന അതോറിറ്റികളുമാണ്. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി, അവര്‍ക്കാവശ്യമുള്ളത് നല്കി അവരെയും ഒന്നാംകിട പൗരന്മാര് ആക്കുമ്പോള്‍ മാത്രമെ നിയമ സംവിധാനം മികച്ചതെന്ന് പറയാന്‍ കഴിയൂ.
വനവാസി സമൂഹം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്ന് താങ്കള്‍ക്ക് തോന്നുന്നത് എന്തെല്ലാം?
കേരളത്തില്‍ 36 വിഭാഗങ്ങളില്‍പ്പെട്ട ഗോത്ര ജനതയുണ്ട്. തികച്ചും വിഭിന്നമായ ജീവിത രീതികള്‍ പിന്തുടരുന്നവര്. അവരുടെ ആവാസ വ്യവസ്ഥയിലും വലിയ മാറ്റങ്ങളുണ്ട്.
വനനിയമങ്ങളുടെ വരവോടു കൂടി ആദിവാസി ജനതക്കുമേല്‍ വലിയൊരു നിയമക്കുരുക്ക് മുറുകി കിടക്കുന്നു. വന്‍തോതിലുള്ള കുടിയേറ്റം മൂലം ഏറ്റവുമധികം ശോഷണം നേരിട്ട ഗോത്ര ജനതയ്ക്ക് വനനിയമങ്ങള്‍ ഏല്‍പ്പിച്ച ആഘാതം കടുത്തതാണ്. വനവിഭവങ്ങളുടെ മേല്‍ അവനുണ്ടായിരുന്ന, അല്ലെങ്കില്‍ യഥേഷ്ടം അനുഭവിച്ചിരുന്ന അവകാശം നഷ്ടമായി. വനവിഭവങ്ങള്‍ എടുക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണമെന്നു വന്നപ്പോള്‍ അവന്റെ ജീവിതമാര്‍ഗ്ഗം നഷ്ടമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വനനിയമം ഒന്നാണെങ്കിലും പല സ്ഥലങ്ങളിലും അതിന്റെ നിര്‍വചനത്തിലെ കടുത്ത വ്യത്യാസം തിരിച്ചറിയാം. കേരളം നവോത്ഥാന കാലഘട്ടത്തിലാണ് എന്ന് പറയുമ്പോഴും ഗോത്ര ജനത ഇന്നും രണ്ടാം കിട പൗരന്മാരാണ്. അവന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നില്ല.
അവന്/അവള് ഉള്‍പ്പെടുന്ന സമൂഹം ഇന്നും മാറ്റി നിര്‍ത്തപ്പെടുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ പോലും ഈ വേര്‍തിരിവ് വ്യക്തമായി തിരിച്ചറിയാം. കോളനികള്‍ നേരിടുന്ന കുടിവെള്ള പ്രശ്നം, സഞ്ചാരയോഗ്യമായ റോഡ്, വാസയോഗ്യമായ വീടുകള്‍ ഇവയെല്ലാം പലര്‍ക്കും ഇന്നും അന്യമാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കു വേണ്ടി മാത്രം ഒരു വകുപ്പ് ഉള്ള സംസ്ഥാനമാണ് എന്നുകൂടി ഓര്‍ക്കണം.
മികച്ച വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കേണ്ടതാണ്. വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അവകാശം ഗോത്ര ജനതയ്ക്ക് ലഭ്യമാക്കുകയും വേണം. അവന്റെ ഇന്നലെകളെ മറന്ന് ജീവിക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കേണ്ടതാണ്.
എങ്ങനെ അറിയപ്പെടാനാണ് പുഷ്പമ്മ ആഗ്രഹിക്കുന്നത്?
ഞാന്‍ ഞാനായി തന്നെ അറിയപ്പെടാനാണ് എനിക്കിഷ്ടം. കൂട്ടിച്ചേര്‍ക്കലുകള്‍ ഒന്നുമില്ലാതെ. കൊളുക്കന്‍ പോലെയൊരു പുസ്തകം പ്രസിദ്ധീകരിക്കണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. മറ്റൊന്നിനെക്കുറിച്ചും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാനായി ഒതുങ്ങിക്കഴിയാനാണ് ഏറെയിഷ്ടം.
വനവാസി സമൂഹത്തിന്റെ തനതായ ആചാരങ്ങളും മറ്റും വേണ്ട രീതിയില്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ? മതംമാറ്റം പോലുള്ള പ്രശ്നങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
എല്ലാ ഗോത്രങ്ങള്‍ക്കും തനതായ ആചാര അനുഷ്ഠാനങ്ങള്‍ ഉണ്ട്. അവയിന്നും തുടര്‍ന്നുപോരുന്ന ജനവിഭാഗങ്ങള്‍ ഏറെയുണ്ട്. എന്നിരുന്നാലും അവയിലെല്ലാംതന്നെ ആധുനികതയുടെ കൂടിച്ചേരല്‍ ധാരാളമായി കാണാവുന്നതാണ്. ആദിവാസി കലാരൂപങ്ങളെക്കുറിച്ച് ധാരാളം എഴുത്തുകള്‍ ഉണ്ട്. എന്നാല്‍ ഇവയെല്ലാം യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചാണ് എഴുതിയിരിക്കുന്നത്. ഗോത്രകലാരൂപങ്ങള്‍ ഇനിയെത്ര കാലം എന്നതിനെക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങണം. അവ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.
ഗോത്ര ജനതയുടെ മതപരിവര്‍ത്തനം ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. അതിനുള്ള പ്രധാന കാരണങ്ങള്‍ അവര്‍ മികച്ച വിദ്യാഭ്യാസം, മികച്ച ജീവിത രീതി ഇഷ്ടപ്പെടുന്നതാണ്. എന്നാല്‍ ഇവ മതപരിവര്‍ത്തനം ചെയ്തവരുടെ ഇടയില്‍ ഫലപ്രദമായില്ല എന്നതാണ് വസ്തുത. ക്രിസ്ത്യന്‍ മലയരയ വിഭാഗത്തില്‍പ്പെട്ട ആദിവാസി ജനത 1850-കളിലാണ് മതപരിവര്‍ത്തനത്തിന് വിധേയരായത്. അതോടെ അവരുടെ ജീവിത രീതി മാറി. അവര്‍ സാമൂഹികമായും സാമ്പത്തികമായും മുഖ്യധാരയിലേക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ പിന്നീടുണ്ടായ മതപരിവര്‍ത്തനം മികച്ചതായില്ല എന്നു മാത്രമല്ല, അവരുടെ ജീവിതം പഴയതുപോലെ തുടരുകയും ചെയ്യുന്നു. നിലവില്‍ മതപരിവര്‍ത്തനം നടത്തുന്ന ഗോത്രജനതയ്ക്ക് ആദിവാസി എന്ന നിലയിലുള്ള ആനുകൂല്യവും ക്രിസ്ത്യന്വിഭാഗത്തിന്റെ ആനുകൂല്യവും ലഭിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇത് തിരുത്തപ്പെടേണ്ടതാണ്.
എഴുത്തുകാരി എന്ന നിലയില്‍ നോവലെഴുതുമ്പോള്‍ അനുഭവപ്പെട്ട ഏറ്റവും വലിയ പ്രയാസം എന്തായിരുന്നു?
എഴുത്തിന്റെ മേഖല തികച്ചും വ്യത്യസ്തമാണ്. വായന എന്നത് എളുപ്പമാണ്. ഞാനെന്നും ഇഷ്ടപ്പെട്ടിരുന്നത് വായനയെയാണ്. എഴുത്തിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ എന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
തീരെ ചെറുപ്പം മുതല്‍ അമ്മ, അമ്മായിമാര്, മറ്റ് ബന്ധുക്കള്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തു വയ്ക്കുമായിരുന്നു. എന്നിരുന്നാലും എഴുതിത്തുടങ്ങിയപ്പോള്‍ കൂടുതല്‍ എന്തെങ്കിലും എഴുത്തിനെ സഹായിക്കാന്‍ കിട്ടുമോ എന്നൊരു ശ്രമം നടത്തിയിരുന്നു. പക്ഷേ പഴയതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആളുകളാണ് കൂടുതല്‍ പേരും. തുടക്കക്കാരിയെന്ന നിലയില്‍ എവിടെ തുടങ്ങണമെന്ന് യാതൊരു നിശ്ചയവും ഇല്ലാതിരുന്നത് ഏറെ പ്രയാസം നേരിട്ടു. മറ്റുള്ളവര്‍ എന്ത് കരുതുമെന്ന് ചിന്തിച്ച് ഏറെ വിഷമിച്ചു. അതൊരു പുസ്തക രൂപത്തിലായി കൈയിലെത്തിയപ്പോള് ഏറെ സന്തോഷം.
എഴുത്തിനും സമുദായത്തിനും ഇടയില്‍ എങ്ങനെയാണ് ഔദ്യോഗിക ജീവിതം?
ഞാനിത് ഏറെ ആസ്വദിക്കുന്നു. ആദ്യപുസ്തകം ഇറങ്ങുമ്പോള്‍ ഞാനെന്റെ സമുദായത്തെ ഏറെ പേടിച്ചിരുന്നു. അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ. പക്ഷേ അവരെനിക്ക് തരുന്ന പിന്തുണ വളരെ വലുതാണ്. എന്റെ കുടുംബവും പൂര്‍ണ്ണ പിന്തുണ നല്കുന്നു.
ഔദ്യോഗികജീവിതത്തെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. ഇവ പരസ്പരം കൂട്ടിക്കുഴക്കാറില്ല. എഴുത്തിന് എന്റേതായ സമയം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഞാന്‍ സന്തോഷത്തില്‍ തന്നെയാണ്.
എഴുത്തിന് തുടര്‍ച്ചയുണ്ടാവുമോ?
തീര്‍ച്ചയായും. എഴുത്ത് തുടരാന്‍ തന്നെയാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: