കെ. സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
തന്റെ ജീവിതത്തെ ഒരിക്കലും വ്യക്തിനിഷ്ഠമായി കണ്ടിട്ടില്ലാത്ത നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിജി. പ്രസ്ഥാനത്തിനായി അതിലൂടെ രാഷ്ട്ര സേവനത്തിനായി സ്വയം സമര്‍പ്പിതമായ ജീവിതമാണ് അദ്ദേഹത്തിന്റെത്. എന്ത് ചെയ്യുമ്പോഴും അതിലൂടെ നാടിന്, മാതൃഭൂമിക്ക്, പ്രസ്ഥാനത്തിന് എന്ത് പ്രയോജനം എന്ന് ചിന്തിക്കുന്നു അദ്ദേഹം. അത് ആര്‍എസ്എസിലൂടെ സ്വായത്തമാക്കിയ ചിന്തയാണ്, മഹത്വമാണ്. നരേന്ദ്രമോദിജിയുടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അത് വ്യക്തിനിഷ്ഠമല്ല. അതും സമാജത്തിനു വേണ്ടിയുള്ളതാകണം. അതിനാലാണ് രാജ്യം മുഴുവന്‍ രണ്ടാഴ്ച നീളുന്ന സേവാ പ്രവര്‍ത്തനങ്ങളുമായി മോദിജിയുടെ പിറന്നാള്‍ ബിജെപി ആഘോഷിക്കുന്നത്. പിറന്നാള്‍ ദിനമായ ഇന്ന് മുതല്‍ കേരളത്തിലും ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും.
പ്രധാനമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം സ്വീകരിച്ച നിലപാടുകളും സമീപനങ്ങളും പരിശോധിച്ചാല്‍ രാജ്യതാല്പര്യം മാത്രമാണ് എല്ലാ നടപടികളിലും ഉണ്ടായിരുന്നതെന്ന് വ്യക്തമാകും. ലോകത്തിന്റെ ഏതുകോണില്‍ പോയാലും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ, തന്റെ സന്ദര്ശനത്താല് ഇന്ത്യയ്ക്ക് എന്ത് ലഭിക്കും, ഇന്ത്യക്കാര്‍ക്ക് എന്ത് ഗുണമാണുണ്ടാവുക? ഓരോ സന്ദര്‍ശനത്തിലും അക്ഷരാര്‍ഥത്തില്‍ ദേശീയ സ്വാര്‍ത്ഥതയോടെ ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം നീക്കങ്ങള്‍ നടത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇവിടേക്ക് ആഗോള വ്യവസായ ഭീമന്മാരെ ക്ഷണിക്കാന്‍, നിക്ഷേപം ആകര്‍ഷിക്കാന്‍, ലോക വിപണിയില്‍ ഇന്ത്യയെ അവതരിപ്പിക്കാന്‍ ഒക്കെ അദ്ദേഹം നടത്തിയ നീക്കങ്ങള്‍ വലിയതോതില്‍ ഫലപ്രദമാവുകയുമുണ്ടായി. അതുമാത്രമല്ല, വിദേശ രാജ്യങ്ങളില്‍ പോയി ജോലിചെയ്ത് കഴിയുന്ന ഇന്ത്യക്കാരെ കാണാനും അവരുമായി സംസാരിക്കാനും മോദി തയ്യാറായത് സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ മാഡിസണ്‍ ചതുരത്തിലെ പരിപാടി സൃഷ്ടിച്ച അലയടികള്‍ ആര്‍ക്കാണ് മറക്കാനാവുക. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഇന്ത്യക്കാരെ ഒന്നിച്ചണിനിരത്താനും നെഞ്ചോട് ചേര്‍ത്തു പിടിക്കാനും അദ്ദേഹം നടത്തിയ നീക്കങ്ങള്‍ ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത് രാജാവും പതിനായിരക്കണക്കിന് ഇന്ത്യക്കാരുമാണ്. ലോകത്തെവിടെയുമുള്ള ഭരണാധികാരികളുടെയും ജനങ്ങളുടെയും മനസ്സ് കീഴടക്കാന്‍ അദ്ദേഹത്തിനായി. ഏതു രാജ്യത്തു ചെന്നാലും അവിടുത്തെ ഭാരതീയര്‍ മോദിജിയെ സ്നേഹം കൊണ്ടുപൊതിയുന്ന കാഴ്ചയും നമുക്കു കാണാനായി. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നേതാവിനും ലഭിക്കാത്ത സ്നേഹവും പരിഗണനയും ലോകം നരേന്ദ്രമോദിജിക്ക് നല്കുന്നു. അതിന് കാരണം, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും രാജ്യത്തോടുള്ള പ്രതിബദ്ധതയുമാണ്.
ഇന്ന് ലോകം ഉറ്റുനോക്കുന്ന നേതാവായി നരേന്ദ്രമോദിജി മാറി. ഒരര്‍ഥത്തില്‍ ലോകരാഷ്ട്രങ്ങളുടെ നായകന് എന്ന നിലയിലേക്ക്. ജി7, ജി 20 പോലുള്ള ആഗോള വേദികളില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന അംഗീകാരം വളരെ വലുതാണ്. ഉക്രൈന്-റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിച്ചത് നരേന്ദ്ര മോദിയിലാണ്. എന്നാല്‍ എങ്ങിനെ ഇന്ത്യക്കാരെ മുഴുവന്‍ ഒരു പരിക്കുമില്ലാതെ രക്ഷിച്ചു കൊണ്ടുവരാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ചിന്ത; അതിലദ്ദേഹം വിജയിച്ചതും ലോകം കണ്ടു. നമ്മുടെ രാജ്യത്തിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ടു തന്നെ അദ്ദേഹം സമാധാനത്തിന്റെ സന്ദേശവാഹകനായി. ലോകത്തിന്റെ പ്രതീക്ഷയായി.
കൊവിഡ് മഹാമാരി തലയുയര്‍ത്തിനിന്നപ്പോഴും ലോകത്തിനു ദര്‍ശനം നല്‍കിയത് ഇന്ത്യയാണ്, മോദിയുടെ ഇന്ത്യ. ഇത്രയേറെ ജനസംഖ്യയുള്ള വലിയ രാജ്യത്തിന് ആ മഹാമാരിയെ നേരിടാനും അതില്‍നിന്നു ഏറെക്കുറെ മോചിതമാവാനുമായി എന്നത് ചെറിയ കാര്യമല്ല. രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വാക്സിനെത്തിക്കാന്‍, അതും രണ്ടുതവണയും അതിലേറെയും, മോദി ഭരണകൂടത്തിന് സാധിച്ചു. അതുമാത്രമല്ല, 60 ഓളം രാജ്യങ്ങള്‍ക്ക് വാക്സിന് എത്തിക്കാനും ഇന്ത്യക്ക് കഴിഞ്ഞു. അയല്‍ക്കാര്‍ക്കും ദരിദ്ര രാഷ്ട്രങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സിന് നല്കി. വസുധൈവ കുടുംബകം എന്ന മഹത്തായ ഭാരതീയ തത്വചിന്തയെ ലോകം വാനോളം പുകഴ്ത്തിയ സന്ദര്‍ഭമായിരുന്നു അത്. അമേരിക്കയ്ക്കും ബ്രിട്ടനും ജര്‍മ്മനിക്കും മറ്റ് വികസിത രാഷ്ട്രങ്ങള്‍ക്കും ചിന്തിക്കാനാവാത്തത് മോദി ഇന്ത്യയില്‍ നടത്തി. മാത്രമല്ല, കൊവിഡ് പ്രതിസന്ധിക്കിടയില്‍ പല രാജ്യങ്ങളുടെയും സമ്പദ്ഘടന താറുമാറായപ്പോള്‍ മോദിയുടെ ഇന്ത്യക്ക് തലയുയര്‍ത്തി നിലകൊള്ളാനായി. പ്രതിസന്ധികളെ അവസരമാക്കുന്ന മോദിയെ വ്യത്യസ്തനാക്കുന്നതും ജനപ്രിയനാക്കുന്നതും ഇതൊക്കെ തന്നെയാണ്.
കൊവിഡിനു ശേഷം ലോകമെങ്ങുമുണ്ടായ സാമ്പത്തികാസ്ഥിരത ഇന്ത്യയെ ബാധിക്കാതിരുന്നത് നരേന്ദ്രമോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമാണെന്ന് ലോകം വാഴ്ത്തുന്നു. ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളര്‍ത്താന്‍ മോദി ഭരണത്തിനായി. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ നടപ്പിലാക്കിയ പദ്ധതികളോരോന്നും രാജ്യത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. അത് രാജ്യത്തെ ഏറ്റവും സാധാരണക്കാരനിലേക്കുവരെ എത്തുന്നതിനുതകുന്ന തരത്തില്‍ വിഭാവന ചെയ്യുന്നതു കൂടിയായി. രാജ്യത്തിന്റെ വികസനത്തിനൊപ്പം അഭിമാനംകൂടി ഉയര്‍ത്തുന്ന തരത്തിലുള്ള ഭരണമാണ് മോദിജിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഏറ്റവും ഒടുവില്‍ കര്‍ത്തവ്യപഥ് നാമകരണവും സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമാസ്ഥാപനവുമുള്പ്പടെ അഭിമാനം സ്ഫുരിക്കുന്ന എത്രയെത്ര നടപടികള്‍.
ലോക നേതാക്കളില്‍ നരേന്ദ്ര മോദിജി ഒന്നാമനായി മാറുന്നതിന് കാരണങ്ങള്‍ ഏറെയാണ്. ഏതാനും ആഴ്ചക്ക് മുമ്പ് ലോകപ്രസിദ്ധമായ ഒരു ഏജന്‍സി നടത്തിയ സര്‍വേയില്‍ 75 ശതമാനം പേര് മികച്ച ഭരണാധികാരിയായി, അഥവാ ഏറ്റവും പോപ്പുലര്‍ ഭരണത്തലവനായി തിരഞ്ഞെടുത്തത് മോദിയെയാണ്. ഒന്നാം സ്ഥാനത്തേക്ക് അവര്‍ മോദിയെ കണ്ടെത്തിയപ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത് യഥാക്രമം മെക്സിക്കന്‍ പ്രസിഡന്റും ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമാണ്. അവര്‍ക്ക് ലഭിച്ചത് 63 ശതമാനവും 54 ശതമാനവും വോട്ട്. അമേരിക്കന്‍ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും അടക്കം ലോകത്തിലെ പ്രധാനപ്പെട്ട രാഷ്ട്രത്തലവന്മാര് ഉള്‍പ്പെട്ട സര്‍വേയായിരുന്നു അത് എന്നതോര്‍ക്കുക.
വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നതാണ് ബിജെപിയുടെ സമീപനം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ വിവിധ മേഖലകളില്‍ നടപ്പിലാക്കിവരുന്ന വികസന പദ്ധതികളും ക്ഷേമ പദ്ധതികളും പരിശോധിച്ചാല്‍ അത് ബോധ്യമാകുകയും ചെയ്യും. നരേന്ദ്രമോദിയെപ്പോലെ കേരളത്തെയും മലയാളികളെയും ഇത്രത്തോളം അടുത്തറിഞ്ഞ ഒരു പ്രധാനമന്ത്രി രാജ്യത്തുണ്ടായിട്ടുണ്ടാവില്ല. കേരളത്തോടുള്ള മോദിജിയുടെ സ്നേഹം അടുത്ത് നിന്നു കാണുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ തവണ പ്രധാനമന്ത്രിയെ കാണുമ്പോഴും സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ കേരളവും സംസ്ഥാനത്തിന്റെ വികസനവും മലയാളി യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകളുമായിരുന്നു. അതൊക്കെ അദ്ദേഹം ഞങ്ങളോട് സൂചിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്ന് അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പിന്തുണക്കാന്‍ ഒരു എംപി പോലുമില്ലാതിരുന്നിട്ടും ഇത്തരമൊരു ആത്മബന്ധം അദ്ദേഹം നമ്മളോട് കാണിക്കുന്നത് അത്ഭുതപ്പെടുത്താറുണ്ട്. അടുത്തിടെ നരേന്ദ്രമോദി കേരളത്തിലെത്തിയിരുന്നല്ലോ. ആ സന്ദര്‍ശനത്തിലും കേരളത്തിന്റെ പോരായ്മകള്‍ക്ക് പരിഹാരം കാണാനും വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാനുമാണ് പ്രധാനമന്ത്രി ശ്രദ്ധിച്ചത് എന്നതോര്‍ക്കുക. 4,500 കോടിയുടെ റെയില്‍മെട്രോ പ്രൊജക്ടാണ് മോദിജി അനുവദിച്ചത്. തിരുവോണ ദിവസം കൊച്ചി മെട്രോ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീട്ടിയത് അക്ഷരാര്‍ത്ഥത്തില്‍ മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ ഓണസമ്മാനവുമായി. 70,000 കോടിയുടെ റോഡ് വികസന പദ്ധതികള്‍ ഉള്‍പ്പെടെ ഒരു ലക്ഷം കോടിയുടെ വലിയ പദ്ധതികളാണ് കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: