കൊല്ലം: കൊല്ലം ബാറിലെ അഭിഭാഷകനായ പനമ്പില്‍ ജയകുമാറിനെ മര്‍ദിച്ച കരുനാഗപ്പള്ളി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള അഭിഭാഷക പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ പലയിടത്തും കോടതി നടപടികള്‍ തടസ്സപ്പെട്ടു. കൊല്ലം, ചവറ, കരുനാഗപ്പള്ളി, പരവൂര്‍ കോടതികളില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അഭിഭാഷകര്‍ കോടതി ബഹിഷ്ക്കരിക്കുകയായിരുന്നു. പ്രതിഷേധം മറ്റ് ജില്ലകളിലേക്കും ഹൈക്കോടതിയിലേക്കും വ്യാപിച്ചതോടെ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി അഭിഭാഷകരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. സംഭവത്തില്‍ ഡിഐജി ആര്. നിഷാന്തിനി നേരിട്ട് അന്വേഷണം നടത്തും. അന്വേഷണം നടക്കുന്ന വേളയില്‍ ആരോപണ വിധേയരായ കരുനാഗപ്പള്ളി സിഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്റ്റേഷന് ചുമതലയില്‍ നിന്നടക്കം മാറ്റി നിര്‍ത്തും.
അഭിഭാഷകനെ മര്‍ദ്ദിച്ച കരുനാഗപ്പള്ളി സിഐയെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. അതേസമയം സിഐക്കെതിരെ കൂടുതല്‍ പരാതികളുമായി നിരവധിപേര്‍ രംഗത്തെത്തി. എസ്എന്‍ഡിപി ശാഖ സെക്രട്ടറിയെ മര്‍ദ്ദിച്ചുവെന്നാണ് ഒടുവിലത്തെ പരാതി. കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് എസിപി അശോക് കുമാറിനെ കമ്മീഷണര്‍ അന്വേഷണത്തിന് നിയോഗിച്ചെങ്കിലും ഇത് അംഗീകരിക്കില്ലെന്നും പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും അഭിഭാഷകര്‍ നിലപാടെടുത്തതോടെയാണ് സംഭവത്തില്‍ ഡിഐജിതല അന്വേഷണം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: