കൊച്ചി : മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവിക സേനയുടെ അഞ്ച് തോക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നാവികസേന സമ്മതമറിയിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തി തോക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. മട്ടാഞ്ചേരി എഎസ്പി നേരിട്ടെത്തിയാണ് പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
നാവിക സേനയുടെ തോക്കില്‍ നിന്നാണോ മത്സ്യത്തൊഴിലാളിക്ക് കഴിഞ്ഞ ദിവസം വെടിയേറ്റതെന്ന് പരിശോധിക്കുന്നതിനായാണ് നടപടി. തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനക്ക് അയയ്ക്കാനാണ് തീരുമാനം. ശാസ്ത്രീയ പരിശോധനയിലൂടെ വെടിയേറ്റ സംഭവത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാവിക സേന ഉപയോഗിക്കുന്ന തരത്തിലുള്ള ഇന്‍സാസ് റൈഫിളുകളിലെ ബുള്ളറ്റാണ് ബോട്ടില്‍ നിന്ന് കിട്ടിയതെന്നാണ് പരിശോധന നടത്തിയ ബാലിസ്റ്റിക് വിദഗ്ധയും പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തോക്കുകള്‍ പരിശോധനയ്ക്കായി കണ്ടെടുത്തത്. നേവിയെ കേന്ദ്രീകരിച്ചാണ് നിലവില്‍ പോലീസ് അന്വേഷണം തുടരുന്നത്.
എന്നാല്‍ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലനം നടത്തുമ്പോള്‍ ബുള്ളറ്റ് പുറത്തേക്ക് തെറിച്ചാലും ഒന്നരകിലോമീറ്റര്‍ അകലേക്ക് ചെല്ലില്ലെന്നാണ് നാവിക സേന അറിയിച്ചിരിക്കുന്നത്. ഇന്‍സാസ് പോലുള്ള റൈഫിളുകള്‍ നിലത്ത് കിടന്നാണ് പരിശീലനം നടത്തുന്നത്. ബുള്ളറ്റുകള്‍ സമീപത്തെ ഭിത്തിയില്‍ തട്ടിത്തെറിക്കും വിധമാണ് ഇത്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് പരിശീലന കേന്ദ്രത്തില്‍ നിന്നല്ലെന്നാണ് നാവിക സേന ആവര്‍ത്തിക്കുന്നത്. അതിനിടെ ബുള്ളറ്റ് കണ്ടെത്തിയ ബോട്ടിന്റെ സംഭവ ദിവസത്തെ ജിപിഎസ് വിവരങ്ങള്‍ നാവികസേന പോലീസിനോട് തേടിയിട്ടുണ്ട്. കടല്‍ഭാഗത്ത് എവിടെയൊക്കെ പോയി എന്നറിയുന്നതിനാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: