കൊല്ലം: പേവിഷ നിര്‍മാര്‍ജനത്തിനായി കര്‍മപദ്ധതിയുമായി കൊല്ലം കോര്പ്പറേഷന്. വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പും ലൈസന്‍സും നിര്‍ബന്ധമാക്കി. ഇതിന്റെ ഭാഗമായി 15 മുതല്‍ 20 വരെ എല്ലാ ഡിവിഷനുകളും കേന്ദ്രീകരിച്ച് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് വാക്സിനേഷന് ക്യാമ്പുകള്‍ നടത്തും. പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പും ബൂസ്റ്റര്‍ ഡോസും ക്യാമ്പുകളില്‍ നല്‍കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നായകളുടെ വംശവര്‍ധനവ് നിയന്ത്രിക്കുന്നതിന് എബിസി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള്) പദ്ധതിക്കായി ഈ വര്‍ഷം 40 ലക്ഷം രൂപ വകയിരുത്തി. മൂന്നു മാസംകൊണ്ട് 2000 പട്ടികളെ വന്ധീകരിക്കാനാണ് കോര്പ്പറേഷന് ലക്ഷ്യംവയ്ക്കുന്നതെന്ന് മേയര്‍ പറഞ്ഞു. ഇതിലേക്കായി കോര്പ്പറേഷന് നേരിട്ട് രണ്ട് എബിസി ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വെറ്ററിനറി സര്ജന്, ആറ് നായ പിടുത്തക്കാര്‍, രണ്ട് സര്‍ജറി അസിസ്റ്റന്റ്, നാല് മൃഗപരിപാലകര്‍, രണ്ട് ശുചീകരണ തൊഴിലാളികള്‍ എന്നിവരെ കരാറടിസ്ഥാനത്തില്‍ തെരെഞ്ഞെടുത്തിട്ടുണ്ട്.
അഞ്ചാലുംമൂട് മൃഗാശുപത്രിയോട് ചേര്‍ന്ന് പുതിയതായി നിര്‍മിച്ച എബിസി സെന്ററില്‍ 18ന് പദ്ധതി ആരംഭിക്കും. ഇതിനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. വന്ധ്യംകരണ പദ്ധതി പുന്തലത്താഴം മൃഗാശുപത്രിയില്‍ ആരംഭിക്കുന്നതിനോടൊപ്പം തന്നെ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ജില്ലയില്‍ 2012ല്‍ 80,000ഉം കോര്പ്പറേഷന് പരിധിയില്‍ 7,000 നായകളും ഉണ്ടായിരുന്നതായാണ് ഔദ്യോഗിക കണക്ക്. ഇപ്പോള്‍ കോര്പ്പറേഷന് പരിധിയില്‍ 12000 നായകള്‍ ഉണ്ട്. അതില്‍ 8000 നായകളെ വന്ധ്യം കരിച്ചു. 2015 മുതല്‍ 77,82,811 രൂപയാണ് എബിസി പദ്ധതിക്കായി കൊല്ലം കോര്പ്പറേഷന് ചെലവഴിച്ചതെന്നും മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: