തിരുവനന്തപുരം: റവന്യൂ കമ്മി നികത്താന്‍ കേന്ദ്രത്തിൽ നിന്നും ധനസഹായമെത്തി. ഇതോടെ സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുന്ന സാഹചര്യം ഒഴിവായി. 960 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയത്. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം നികത്താന്‍ കേന്ദ്രധനകമീഷന്റെ ശിപാര്‍ശ പ്രകാരം കേന്ദ്രം നല്‍കുന്നതാണ് ഈ ധനസഹായം.
ഓണത്തിനു ശേഷമുള്ള ആദ്യപ്രവൃത്തി ദിവസമായ തിങ്കളാഴ്ച അധികം ബില്ലുകളെത്താത്തതും സർക്കാരിന് ആശ്വാസമായി. ഈ മാസത്തെ ചെലവുകളില്‍ അധികവും ഓണത്തിനു മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഇതാണ് ബില്ലുകളുടെ ആധിക്യം കുറയാൻ കാരണമായത്. ഒപ്പം വിവിധ വകുപ്പുകളില്‍നിന്ന് ട്രഷറിയിലേക്ക് പണമെത്തിത്തുടങ്ങിയതും പ്രതിസന്ധിക്ക് പരിഹാരമായി.
അതേസമയം, ഇനിയുള്ള ദിവസങ്ങളിലെ ധനസ്ഥിതി പരിശോധിച്ച് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്താനും ധനവകുപ്പിന് ആലോചനയുണ്ട്. ഈ മാസത്തെ ക്ഷേമ പെന്ഷന്, ശമ്പളം, പെന്ഷന് ചെലവുകള്‍ക്കായി ഒക്ടോബര്‍ ആദ്യം 5000 കോടിയിലേറെ വേണ്ടിവരും. റിസര്‍വ് ബാങ്കില്‍നിന്നെടുക്കാവുന്ന വായ്പയുടെ (വേയ്സ് ആന്‍ഡ് മീല്‍സ്) പരിധി 1683 കോടി രൂപയാണ്. ഇതില്‍ 1600 കോടിയും എടുത്തു കഴിഞ്ഞിരുന്നു. വേയ്സ് ആന്‍ഡ് മീല്‍സ് പരിധി കഴിയുമ്പോഴാണ് സാധാരണ ഓവര്‍ ഡ്രാഫ്റ്റിലേക്ക് നീങ്ങുക.
ഓണക്കാലത്ത് 15,000 കോടിയാണ് ഖജനാവില്‍നിന്ന് ചെലവായത്. 4000 കോടി വായ്പയെടുത്തതിന് പുറമേ, വേയ്സ് ആന്‍ഡ് മീല്‍സ് വിഹിതത്തില്‍ കൂടി ചുവടുറപ്പിച്ചാണ് കേരളം ഓണക്കാലം പിന്നിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: