ലോകത്തിലെ ഏറ്റവും സുന്ദരമായ തട്ടിപ്പാണ് സിനിമ’ എന്ന് പറയാനുള്ള ധൈര്യം ഒരു ചലച്ചിത്രകാരന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഴാങ് ലുക് ഗൊദാര്‍ദിന്. ഫ്രഞ്ച് നവതരംഗ സിനിമയുടെ പരമാചാര്യനാണ് ഇന്നലെ തന്റെ 91ാം വയസ്സില്‍ അന്തരിച്ച ഗൊദാര്‍ദ്. ഫ്രഞ്ച് നവതരംഗം ലോകസിനിമയെ ആകെ ഗാഢമായി സ്വാധീനിച്ച ഒന്നായിരുന്നു. ഇറ്റായിലന്‍ നിയോറിയലിസത്തിന്റെയും ഹോളിവുഡ് കഌസിക്കല്‍ സിനിമയുടെയും സ്വാധീനം ഫ്രഞ്ച് നവതരംഗത്തിനുണ്ടായിരുന്നു. 1951ല്‍ ആരംഭിച്ച “കഹെ ദു സിനേമ’ എന്ന സിനിമാപ്രസിദ്ധീകരണമാണ് നവതരംഗ പ്രസ്ഥാനത്തിന്റെ ഈറ്റില്ലം. ഇതിലെ എഴുത്തുകാരാണ് പിന്നീട് നവതരംഗ സിനിമാസംവിധായകരായെത്തിയത്. ത്രൂഫോ, ഗൊദാര്‍ദ്, ഷാബ്രോള്‍ തുടങ്ങിയവരായിരുന്നു അതില്‍ പ്രധാനികള്‍.
സിനിമയെടുക്കന്നതിന് മുമ്പ് തന്നെ സ്വന്തമായ നിരവധി സിനിമകള്‍ മനസ്സില്‍ കൊണ്ടു നടന്നയാളാണ് ഗൊദാര്‍ദ്. ആദ്യ ചിത്രമായ ബ്രെത്ത്ലെസിലൂടെ തന്നെ തന്റെ ചലച്ചിത്രാശയങ്ങളെ മൂര്ത്തവല്കരിക്കാന് അദ്ദേഹത്തിന് സാധിച്ചു.
നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടോടുന്ന രണ്ടു പ്രണയികളുടെ കഥയായിരുന്നു പ്രമേയം. കഥാപാത്രങ്ങള്‍ക്കനുസരിച്ച് അപ്പപ്പോള്‍ എഴുതിയുണ്ടാക്കുന്ന സംഭാഷണങ്ങളുമായി ചിത്രീകരിച്ച ‘ന്യൂവേവ് സ്കൂള്‍’ സംവിധാനശൈലിയുടെ തുടക്കമായിട്ടാണിത് ഈ ചിത്രം വാഴ്ത്തപ്പെടുന്നത്. എ വുമണ്‍ ഈസ് എ വുമണ്‍, ആല്‍ഫവില്‍, വീക്കെന്‍ഡ്, വിന്‍ഡ് ഫ്രം ദ ഈസ്റ്റ്, കണ്ടംപ്റ്റ് എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍.
1960-ല്‍ ഫ്രഞ്ച് സിനിമയുടെ വ്യവസ്ഥാപിത സങ്കല്പങ്ങള് ലംഘിച്ച് കൈകളില്‍ നിയന്ത്രിച്ചിരുന്ന ക്യാമറ (ഹാന്‍ഡ്ഹെല്‍ഡ് ക്യാമറ വര്‍ക്ക്), ജമ്പ് കട്ടുകള്‍, അസ്തിത്വപരമായ സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരു പുതിയ ചലച്ചിത്രശൈലിക്ക് അദ്ദേഹം രൂപം നല്കി. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു ഗൊദാര്‍ദിന്റെ ചലച്ചിത്രനിലപാടുകളും ആശയങ്ങളും. 1964ല്‍ ഗൊദാര്‍ദും പത്നി അന്ന കരിനീനയും ചേര്‍ന്ന് “അനൗച്കാ ഫിലിംസ്’ എന്ന നിര്‍മാണസ്ഥാപനം തുടങ്ങിയിരുന്നു. ഇടക്കാലത്ത് സിനിമ മടുത്ത് വീഡിയോ ചിത്രങ്ങളിലേക്കു മാറി. 1968ല്‍ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായി ജീന്‍ പിയറി ഗോറിനുമായിച്ചേര്‍ന്ന് ഒരു സോഷ്യലിസ്റ്റ് സിനിമ ഗ്രൂപ്പ് സ്ഥാപിച്ച് ഡോക്യുമെന്ററികളും സിനിമകളും നിര്‍മ്മിക്കാനാരംഭിച്ചു. വൈരുദ്ധ്യാത്മക ഭൗതികവാദം അടിസ്ഥാനപ്രമാണമാക്കിയുള്ള ചലച്ചിത്രപ്രത്യയശാസ്ത്രമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. എന്നാല്‍ 1972 ഓടെ ഈ ഗ്രൂപ്പ് അവസാനിപ്പിച്ചു. തുടര്‍ന്ന് ആനി മേരി മീവെല്ലിയോടപ്പം ചേര്‍ന്ന് വീഡിയോ ചിത്രങ്ങളിലേക്ക് മാറിയെങ്കിലും പിന്നീട് 1982-83 കാലത്ത് സിനിമയിലേക്ക് തന്നെ ശക്തമായ തിരിച്ചുവരവ് നടത്തി. ട്രിലോജി ഓഫ് സബ്ലിം എന്നറിയപ്പെടുന്ന ചിത്രങ്ങള്‍ (പാഷന്- 1982, കാര്‍മെന്‍- 1983, ഹെയില്‍ മേരി- 1985) ഈ ഘട്ടത്തില്‍ അദ്ദേഹം നിര്‍മ്മിച്ചു. 2014ല്‍ നിര്‍മ്മിച്ച ഗുഡ്ബൈ ടു ലാംഗ്വേജ് ആണ് അവസാന സിനിമ.
2021ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചിരന്നു. ഒരേസമയം കാല്പനികനും മാര്‍ക്സിസ്റ്റും അരാജകവാദിയുമൊക്കെയായി ആശയങ്ങളുടെ കുഴമറിച്ചിലിനൊപ്പം ജീവിച്ചു എന്നതിനപ്പുറം സിനിമയുടെ വ്യാകരണം മാറ്റിയെഴുതാനുള്ള അസാമാന്യമായ ധീരത കാണിച്ചു എന്നതാണ് ഗൊദാര്‍ദിന്റെ പ്രസക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: