തിരുവനന്തപുരം : ലോകത്തുള്ള കാര്യങ്ങള്‍ കാണാന്‍ നമ്മള് പോകണം. ലോക മാതൃകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മുഖ്യമന്ത്രി പിണറായി വിജയന്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എന്നിവരടങ്ങുന്ന സംഘം രണ്ടാഴ്ചത്തെ യൂറോപ്പ് യാത്രയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. ലോകത്തുള്ള കാര്യങ്ങള്‍ കാണാന്‍ നമ്മള് പോകണം. സംസ്ഥന വികസന പദ്ധതികള്‍ക്കായി അത് പഠിക്കാന്‍ പോകേണ്ടതുണ്ട്. യൂറോപ്പിലേക്ക് ആരും പോകേണ്ടയെന്നാണോ പറയുന്നത്. കേരളം ദരിദ്രമായ സംസ്ഥാനമല്ല. ഇക്കാര്യങ്ങളല്ല ചര്‍ച്ച ചെയ്യേണ്ടത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചര്‍ച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ലെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഓണക്കാല ആഘോഷങ്ങള്‍ക്കായി 4000 കോടിയോളം കടമെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ചെലവുകള്‍ നടത്തിയത്. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ല. ഓണത്തിന് അല്പം ചെലവ് കൂടി. എന്നാല്‍ ഖജനാവിന് അപകടമില്ല. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാന വിഹിതം നല്‍കുന്നില്ലെന്ന് ഇത്തവണയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളയും ശ്വാസംമുട്ടിക്കുന്നു. സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കുകയാണെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: