മുംബൈ: നാവിക സേനയ്ക്കു വേണ്ടി മുംബൈ മാസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അഞ്ചാമത്തെ സ്റ്റെല്‍ത്ത് യുദ്ധക്കപ്പല്‍ ഐഎന്‍എസ് താരാഗിരി നീറ്റിലിറക്കി.
25,700 കോടിയുടെ പദ്ധതിയുടെ ഭാഗമായ കപ്പലില്‍ ഇനി അത്യാധുനിക ആയുധങ്ങളും മിസൈലുകളും മറ്റും ഘടിപ്പിക്കും. പടിഞ്ഞാറന്‍ നാവിക കമാന്‍ഡ് മേധാവിയും വിശിഷ്ടാതിഥിയുമായിരുന്ന വൈസ് അഡ്മിറല്‍ അജേന്ദ്ര ബഹാദൂര്‍ സിങ്ങിന്റെ ഭാര്യ ചാരു സിങ് കപ്പലിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി നാല് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകളാണ് മാസഗോണില്‍ പണിയുന്നത്. മൂന്നെണ്ണം കൊല്‍ക്കത്ത ഗാര്ഡന് റീച്ച് ഷിപ്പ് ബില്ഡേഴ്സിലും.
ഇവയെല്ലാം നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, എന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പുതിയ യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം. താരാഗിരിക്ക് 2020 സപ്തംബര്‍ പത്തിനാണ് കീലിട്ടത്. ആയുധങ്ങള്‍ ഘടിപ്പിച്ച്, അന്തിമ പണികള്‍ പൂര്‍ത്തിയാക്കി കപ്പല്‍ 2025 ആഗസ്തില്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്തും.
30 എംഎമ്മിന്റെ രണ്ട് അതിവേഗ തോക്കുകളും ടോര്‍പ്പിഡോകളും റോക്കറ്റ് ലോഞ്ചറുകളും കപ്പലിന്റെ ആക്രമണ ശേഷി വര്‍ധിപ്പിക്കും. ഇതിനു മുന്‍പു നിര്‍മ്മിച്ച ഐഎന്‍എസ് നീലഗിരിയുടെ കടല്‍ പരീക്ഷണങ്ങള്‍ 2024ല്‍ നടക്കും. ഹിമഗിരി അടുത്ത ആഗസ്തില്‍ കമ്മീഷന് ചെയ്യും.
ഉദയഗിരിയും 2024ല്‍ കടല്പരീക്ഷണം നടത്തും. ഇക്കഴിഞ്ഞ മെയിലായിരുന്നു അതിന്റെ നീറ്റിലിറക്കല്‍. ഐഎന്‍എസ് വിന്ധ്യാഗിരി, ഐഎന്‍എസ് മഹേന്ദ്ര ഗിരി എന്നിവയുടെ കീലിടീല് 2021 മെയിലും ഇക്കഴിഞ്ഞ ജൂണിലും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: