വാരണസി: കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍ വാപി മസ്ജിദില്‍ തടസ്സമില്ലാതെ ദൃശ്യവും അദൃശ്യവുമായ എല്ലാ ദൈവങ്ങളേയും ആരാധിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന നിര്‍ണായക വിധിയുമായി വാരണസി ജില്ലാ കോടതി. ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം വാരണസി ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേശ് ആണ് വാദം കേട്ട ശേഷം വിധി പറഞ്ഞത്. ഭക്തരായ അഞ്ചു സ്ത്രീകളാണ് നിത്യാരാധന അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ആരാധനാലയ നിയമം അനുസരിച്ച് ഹിന്ദുക്കളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. അതിനാല്‍ ഹിന്ദുക്കള്‍ നല്‍കിയ സ്വതന്ത്ര ആരാധന അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നും മുസ്ലിം വിഭാഗം അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍, മസ്ജിദ് കമ്മിറ്റിയുടെ ഈ എതിര്‍പ്പ് കോടതി തള്ളുകയായിരുന്നു.
വീഡിയോ സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയതായാണ് ഹിന്ദു വിഭാഗം അഭിഭാഷകന്റെ വാദം. അതിനിടെ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാശിവിശ്വനാഥ ക്ഷേത്രം മഹന്ത് ഡോ. കുലപതി തിവാരി നല്‍കിയ ഹര്‍ജിയും വാരണസി ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.
നേരത്തെ വിഡിയോ സര്‍വ്വേയില്‍ മസ്ജിദിനകത്ത് ശിവലിംഗം കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിങ്ങളുടെ ആരാധന തടസ്സപ്പെടാത്ത രീതിയില്‍ ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച് വേര്‍തിരിക്കാനും ഈ ഭാഗത്ത് കയ്യേറ്റമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ വാരണസി ജില്ലാ കോടതി വാദം കേള്‍ക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അതുവരെ കേസില്‍ വാദം കേട്ട വാരണസി സിവില്‍ കോടതിയില്‍ നിന്നും കേസ് വാരണസി ജില്ലാ കോടതി ഏറ്റെടുത്തത്.
ഹിന്ദു പരാതിക്കാര്‍(അഞ്ച് സ്ത്രീ ഭക്തര്‍) അവകാശപ്പെടുന്നതുപോലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പാക്കാന്‍ കോടതി നിയോഗിച്ച കമ്മീഷന്‍ വീഡിയോ ചിത്രീകരണം ചെയ്യണമെന്ന് വാരണസി സിവില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കമ്മീഷന്‍ ഇരുവിഭാഗത്തിന്റെയും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മൂന്ന് ദിവസം വീഡിയോ സര്‍വ്വേ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വാരണസി ജില്ലാ കോടതിയില്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: