സമദ് പനയപ്പിള്ളി
സത്യ ഷേണായി ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറാണെങ്കിലും വരകളെയും വര്‍ണ്ണങ്ങളെയും ആവിഷ്കരിക്കാനുള്ള സിദ്ധി അവര്‍ ഗുരുമുഖത്ത് നിന്നും പഠിച്ചെടുത്തതല്ല. ചിത്രകലയില്‍ താന്‍ തന്നെയാണ് തന്റെ ഗുരു എന്നാവും അവര്‍ പറയുക.
പ്രകൃതി ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളെ അവയുടെ തനിമ നഷ്ടമാകാതെ യാഥാര്‍ത്ഥ്യമായി ആവിഷ്കരിക്കുന്ന സത്യ ഷേണായിയുടെ ചിത്രങ്ങള്‍ അവയുടെ നിഷ്കളങ്കത്വം കൊണ്ട് കൂടെയാണ് ശ്രദ്ധേയമാകുന്നത്.
ജലഛായത്തിലാണ് സത്യ ഷേണായി തന്റെ ചിത്രങ്ങളെ ആവിഷ്കരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഇവരുടെ ചിത്രങ്ങള്‍ കൂടുതല്‍ മികച്ചതാകുന്നു.
സത്യ ഷേണായിയുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തിലും കേരളത്തിലും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഗ്രൂപ്പ് ഷോകളിലും അല്ലാതെയുള്ള വണ്മാന് ഷോകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. കൊവിഡ് കാലത്ത് ഓണ്‍ലൈനിലും ചിത്രക്കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട് സത്യ ഷേണായി. ചിത്രകലയില്‍ സത്യ ഷേണായിയെ അടയാളപ്പെടുത്തുവാന്‍ സഹായിച്ചത് ഈ ഓണ്‍ലൈനായുള്ള ചിത്ര പ്രദര്‍ശനമാണ്.
ചില പെയിന്റിങ് വര്‍ക്ക്ഷോപ്പിലും വാട്സാപ്പ് ഗ്രൂപ്പിലും പങ്കെടുത്ത് ഈ രംഗത്തെ പ്രത്യേകിച്ചും മുത്തുക്കോയ, ദത്തന് മാസ്റ്ററെ പോലുള്ള മാസ്റ്റേഴ്സുമായി സംവദിക്കാന്‍ കഴിഞ്ഞത് ചിത്രകല എന്ന മാധ്യമത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകളിലേക്ക് എത്താന്‍ സത്യ ഷേണായിയെ സഹായിച്ചിട്ടുണ്ട്.
കൊച്ചി അമരാവതി സ്വദേശിനിയായ സത്യ ഷേണായിക്ക് ഇനിയും കൂടുതല്‍ അംഗീകാരങ്ങള്‍ നേടാനാകുമെന്ന് തന്നെയാണ് അവരുടെ ഇതുവരെയുള്ള ചിത്രമെഴുത്തുകള്‍ നല്കുന്ന ആഹ്ലാദകരമായ സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: