ന്യൂദല്‍ഹി: “താങ്കള്‍ക്ക് ഒരു മതപരമായ വേഷം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധരിയ്ക്കാന്‍ പറ്റുമോ?”- സുപ്രീംകോടതി ജസ്റ്റിസ് ഗുപ്ത സീനിയര്‍ അഭിഭാഷകനായ രാജീവ് ധവാനോട് ചോദിച്ച ചോദ്യമാണിത്.
കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ സ്കൂളുകളിലും കോളെജുകളിലും ഹിജാബ് ധരിയ്ക്കുന്നതില്‍ നിന്നും മുസ്ലിം വിദ്യാര്‍ത്ഥിനികളെ വിലക്കിയ കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ ലഭിച്ച ഒരു പിടി ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രീംകോടതി ജസ്റ്റിസ് ഈ ചോദ്യം ഉയര്‍ത്തിയത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധുല്ല എന്നീ രണ്ടംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നിരവധി വാദമുഖങ്ങളാണ് തിങ്കളാഴ്ച തന്നെ ഈ വിഷയത്തില്‍ ഉയര്‍ന്നത്.
“നമ്മുടെ ഭരണഘടന പറയുന്നത് നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണെന്നാണ്. ഒരു മതപരമായ വസ്ത്രം ഒരു മതേതര രാജ്യത്തെ സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനത്തില്‍ ധരിക്കാന്‍ കഴിയുമോ?”- ജസ്റ്റിസ് ഗുപ്ത വീണ്ടും ചോദിച്ചു.
അതേ സമയം ഏത് വേഷം ധരിയ്ക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്ന വിഷയമാണ് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഹെഗ് ഡെ ഉയര്‍ത്തിയത്. അപ്പോള്‍ പണ്ട് സുപ്രീംകോടതി മുമ്പാകെ ജീന്‍സ് ധരിച്ച് വന്ന വനിതാ അഭിഭാഷകയുടെ കഥ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഓര്‍മ്മിപ്പിച്ചു. “ഈ വേഷം ധരിയ്ക്കരുതെന്ന് അഭിഭാഷകയോട് കോടതി പറഞ്ഞു. അപ്പോള്‍ എനിക്ക് ഇഷ്ടമുള്ളത് ധരിയ്ക്കും എന്നായിരുന്നു ആ അഭിഭാഷക പറഞ്ഞത്. ഒരു ഗോള്‍ഫ് കളിക്കുന്ന ഇടത്തില്‍ പോലും ഒരു ഡ്രസ് കോഡ് (ഏത് വസ്ത്രം ധരിയ്ക്കണമെന്ന നിയമം) ഉണ്ടെന്ന കാര്യം ദേവേ നമ്മളോട് പറയും. “- ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.
മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ അടിസ്ഥാന അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണ് കര്‍ണ്ണാടക ഹൈക്കോടതി വിധിയെന്ന വാദം അഡ്വ. ഹെഗ്ഡെ കൂട്ടിച്ചേര്‍ത്തു. “അപ്പോള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഒരു നിയമവും പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നാണോ താങ്കള്‍ പറയുന്നത്? അപ്പോള്‍ ഒരു കുട്ടിക്ക് മിനി ധരിച്ചും മിഡി ധരിച്ചും, അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും ധരിച്ച് സ്കൂളില്‍ വരാമെന്നാണോ?”- ജസ്റ്റിസ് സുധാംശു ധുല്ല ചോദിച്ചു.
“നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു മതപരമായ അവകാശം ഉണ്ടാകാം. പക്ഷെ അത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം നിശ്ചയിക്കുന്ന കാര്യത്തിലും ആ അവകാശം വേണമെന്നാണോ? താങ്കള്‍ക്ക് ഒരു പക്ഷെ ഹിജാബും സ്കാര്‍ഫും ധരിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കാം. പക്ഷെ ആ അവകാശം ഒരു വിദ്യാഭ്യാസസ്ഥാനപത്തിലെ യൂണിഫോം നിശ്ചയിക്കുന്ന കാര്യത്തിലും അത് വേണമെന്നാണോ?”- ജസ്റ്റിസ് ഗുപ്ത ചോദിച്ചു.
ഈ വിഷയത്തില്‍ കോടതി ഇനി സെപ്തംബര്‍ ഏഴിന് ബുധനാഴ്ച വാദം കേള്‍ക്കല്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: