മുംബൈ: വാഹനാപകടത്തില്‍ മരിച്ച ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയും സഹയാത്രികനും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെൡഞ്ഞതായി പോലീസ് അറിയിച്ചു.അമിത വേഗത കാരണം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ജഹാംഗീര്‍ പന്‍ഡോളെ, അനാഹിത പന്‍ഡോളെ, ഡാരിയസ് പന്‍ഡോളെ എന്നിവര്‍ക്കൊപ്പം ഗുജറാത്തിലെ ഉദ്വാഡയില്‍ നിന്ന് മുംബൈയിലേക്ക് പോകവേയാണ് സൈറസ് മിസ്ത്രിയാണ് അപകടത്തില്‍പ്പെട്ടത്. മുംബൈ ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റായ അനഹിത പന്‍ഡോളെ ആണ് മെഴ്സിഡസ് ബെന്‍സ് കാര്‍ ഓടിച്ചിരുന്നത്.
അപകടത്തില്‍ മിസ്ത്രിയുടെ പിന്‍സീറ്റില്‍ ഇരുന്ന ജഹാംഗീര്‍ പന്‍ഡോളെയും മരിച്ചു. അനാഹിത പന്ഡോളെയ്ക്കും ഭര്‍ത്താവ് ഡാരിയസ് പന്ഡോളെയ്ക്കും ഗുരുതരമായി പരിക്കേറ്റു.
സൈറസ് മിസ്ത്രിയുടെയും ജഹാംഗീറിന്റേയും എയര്‍ബാഗുകള്‍ തുറക്കാതിരുന്നത് ഇരുവരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാലാണെന്നാണ് വിദഗ്ധ സംഘം കണ്ടെത്തിത്. കാര്‍ അമിത വേഗതയില്‍ വരികയും മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ റോഡ് ഡിവൈഡറില്‍ ഇടിച്ചാണ് വലിയ അപകടമുണ്ടായത്. സൈറിസിന്റെ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമായത്.
പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പ്രകാരം കാര്‍ അമിത വേഗതയിലായിരുന്നെന്ന് കണ്ടെത്തി. ബ്ലാക്ക് ബോക്സിന് സമാനമായി വാഹനത്തില്‍ കൂട്ടിച്ചേര്‍ത്ത ചിപ്പില്‍ നിന്ന് ഡാറ്റ വീണ്ടെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് ഫോറന്‍സിക് സംഘവും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: