തിരുവനന്തപുരം :രാജീവ്ഗാന്ധി സെന്റഫോര്‍ ബയോടെക്നോളജിയില്‍ മകന് ഹരികുമാറിനെ നിയമിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹരികൃഷ്ണന് നിയമനം നേടിയത്. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെല്ലാം തെറ്റാണ് മകന്റെ നിയമനത്തിനായി അസ്വഭാവികമായി ഒന്നും ചെയ്തിട്ടില്ലെന്നും സുരേന്ദ്രന്.
മാധ്യമങ്ങളില്‍ വന്ന പരസ്യങ്ങളുടെ അടിസ്ഥാനത്തില്‍ മകന് അപേക്ഷ നല്‍കുകയും, സ്ഥാപനത്തിന്റെ ചട്ടപ്രകാരമാണ് ഹരികൃഷ്ണന് നിയമനം നേടിയത്. സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സിപിഎം നേതാക്കള്‍ നടത്തി വരുന്ന ബന്ധുനിയമനവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇന്റര്‍വ്യൂ ഉള്‍പ്പടെ സ്ഥാപനത്തിന്റെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് മകന് ജോലിയില്‍ പ്രവേശിച്ചത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി കൂടാതെ മറ്റ് രണ്ട് സ്ഥാപനങ്ങളുടെ ലിസ്റ്റിലും ഹരികൃഷ്ണന് ഉള്‍പ്പെട്ടിരുന്നു. മകന് ജോലി നേടിയത് നിയമപരമായിട്ടാണ്. അതിനുള്ള അവകാശം അവനുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. തന്നെപ്പോലെ രാഷ്ട്രീയ എതിരാളികളില്‍ നിന്നും ആക്രമണം നേരിട്ടുവരുന്ന ഒരാള്‍ ഇത്തരത്തില്‍ നിയമനത്തിനായി ഇടപെടലുകള്‍ നടത്തുമെന്ന് വിശ്വസിക്കാനാകുമോ?ഒരു വര്‍ഷം മുമ്പ് മകന് കുഴല്‍പ്പണം കടത്തിയെന്നും വാര്‍ത്ത വന്നിരുന്നു. മൂന്ന് മാസം മുമ്പ് നടന്ന നിയമനത്തെക്കുറിച്ച് പ്രധാനമന്ത്രി കേരളത്തിലെത്തുന്ന ദിവസം വാര്‍ത്ത പുറത്തുവിട്ടതിനു പിന്നില്‍ എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം. തെറ്റായ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: