കൊല്ലം: ആശ്രാമം മൈതാനത്ത് എത്തിയാല്‍ വെറും അഞ്ചു രൂപയ്ക്ക് കോഴിമുട്ട വാങ്ങാം. ഗോത്രമേഖലയിലെ ഉത്പന്നങ്ങള്‍ക്ക് തികച്ചും ന്യായവില. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസും സംയുക്തമായാണ് ‘സമൃദ്ധി’ മേള തുടങ്ങിയത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജീവിതം വഴിമുട്ടിയ ചെറുകിട സംരംഭകര്‍ക്ക് വരുമാനമൊരുക്കാന്‍ ഒരു കുടക്കീഴില് വിപണി ഒരുക്കിയിട്ടുണ്ടിവിടെ. വനവിഭവങ്ങളും, മുള, ഈറ്റ, ചിരട്ട, ചൂരല്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കളില്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ വാങ്ങാനുള്ള അവസരം കൂടിയാണ് മേള. ചെറുകിട വ്യവസായ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍, ഖാദി-കൈത്തറി, കയര്‍-കരകൗശല-കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും ഇടമൊരുക്കിയിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍, തുണിത്തരങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി 100 സ്റ്റാളുകളുണ്ട്. ഖാദി-കൈത്തറി ഉത്പന്നങ്ങള്‍ 20 ശതമാനം വിലകുറവിലും ഹാന്‍വീവില്‍ 30 ശതമാനം വിലക്കിഴിവും ലഭിക്കും. 1500 രൂപയ്ക്ക് മുകളില്‍ ഹാന്‍വീവ് തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓണം ബംബര്‍ ഭാഗ്യക്കുറി സൗജന്യമായി കിട്ടും. ഉത്രാടദിനം വരെ രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രവര്‍ത്തനം. പ്രവേശനം സൗജന്യം. എല്ലാ വൈകുന്നേരങ്ങളിലും ഗോത്ര കലാപ്രവര്‍ത്തകര്‍ ഒരുക്കുന്ന നാടന്‍ കലാമേളയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: