കൊച്ചി : സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശത്തിന് പിന്നാലെ കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി. മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിനെ ലേബര്‍ കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. സ്ഥലം മാറ്റത്തില്‍ നിയമപരമായ ഒരു അവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
ജില്ലാ കോടതിക്ക് തത്തുല്യമായ തസ്തികയാണ് ലേബര്‍ കോടതിയുടേത്. ചുമതല നല്കുന്ന സ്ഥലത്ത് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം ജഡ്ജിനുണ്ടെന്നും മുന്‍വിധികള്‍ വേണ്ട. സ്ഥലം മാറ്റ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്.
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ തന്നെ കൊല്ലം ലേബര്‍ കോടതിയിലെ ഡെപ്യൂട്ടേഷന് പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. മൂന്ന് വര്‍ഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. അടുത്ത മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരിക്കാന്‍ അര്‍ഹതയുണ്ട്. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്ന് എസ്. കൃഷ്ണകുമാറിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കോടതി നിഷേധിക്കുകയായിരുന്നു.
സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ പരാമര്‍ശം വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ജഡ്ജിയെ ലേബര്‍ കോടതിയിലേക്ക് മാറ്റിയത്. സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാര്‍മര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: