കോഴിക്കോട് : സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. ബുധനാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അരുണിന്റെ നേതൃത്വത്തില്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചത്.
പതിനഞ്ചംഗ സംഘമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോ ഉള്‍പ്പടെ പുറത്തുവരികയും ചെയ്തിരുന്നു. അരുണിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പടെ ഒരു നടപടികളും പോലീസ് ഇതുവരെ സ്വീകരിച്ചിട്ടില്ല.
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദ്ദനമേറ്റു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്ത്തകന് ഷംസുദ്ദീനെയും സംഘം അക്രമിച്ചു. അതേസമയം സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: