തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ ആകെ തട്ടിപ്പ് നടന്നത് എത്ര കോടിയുടേതെന്നത് സംബന്ധിച്ച് ഇതുവരെ സംസ്ഥാന സര്‍ക്കാരിനോ ക്രൈംബ്രാഞ്ചിനോ കൃത്യമായ കണക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്നും ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കണ്ടെത്തിയത് 400 കോടിയുടെ വെട്ടിപ്പാണ്.
കേരള സര്‍ക്കാരിന്റെ സഹകരണവകുപ്പ് പറയുന്നത് വെറും 104 കോടിയുടേ തട്ടിപ്പേ നടന്നിട്ടുള്ളൂ എന്നാണ്. ക്രൈംബ്രാഞ്ച് കേസില്‍ 300 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഒരേ ഭൂമിയിടപാട് രേഖ ഉപയോഗിച്ച് ഒരു പാട് പേര് വായ്പയെടുത്തതായും കണ്ടെത്തി. ഇത്തരത്തില്‍ ഏകദേശം 300ഓളം വായ്പാരേഖകളുണ്ടെന്ന് ഇഡി പറയുന്നു. ബാങ്ക് നടത്തിയ ചിട്ടികളില്‍ നല്ലൊരു പങ്കും ആദ്യതവണതന്നെ വിളിച്ചെടുക്കുന്നതും ഒരേയാള്ക്കാരാണെന്നും കണ്ടെത്തിയിരിക്കുകയാണ്.
ബാങ്ക് നടത്തിയ ചിട്ടികളില്‍ 12 കോടിയോളം രൂപ വിലമതിക്കുന്ന അമ്പതോളം ചിട്ടികള്‍ ഒരാള്‍ മാത്രമാണ് വിളിച്ചെടുത്തിരിക്കുന്നത്. ഇതുപോലെ ഇരുപതും മുപ്പതും ചിട്ടികള്‍ വിളിച്ചെടുത്തവര്‍ വേറെയുമുണ്ട്. ഇവര്‍ ആദ്യതവണത്തെ തുക മാത്രമേ നല്‍കൂ. വിളിച്ചെടുത്ത ശേഷം പണം അടയ്ക്കാറില്ല. ബാങ്കില്‍ നിന്നും ഈ മാര്‍ഗ്ഗത്തിലൂടെ 35 കോടി രൂപ തട്ടിയെടുത്ത ഒരാള്‍ ഹവാലയായി വിദേശത്തേക്ക് പണമെത്തിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി ഇഡി രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. എട്ടുകോടിയോളം തട്ടിയെടുത്തതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
നോട്ട് നിരോധനക്കാലത്ത് 100 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭരണവര്ഗ്ഗപാര്ട്ടിയിലെ നേതാക്കള്‍ക്കും പങ്കുണ്ടോ എന്ന് ഇഡി പരിശോധിച്ച് വരുന്നുണ്ട്. നോട്ട് നിരോധനക്കാലത്താണ് കരുവന്നൂര്‍ ബാങ്കിലേക്ക് വിവിധ വ്യാജ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം എത്തിയത്. അത് ആറ് മാസക്കാലത്തിനുള്ളില്‍ പിന്‍വലിക്കപ്പെടുകയും ചെയ്തു. ഈ പണം കരുവന്നൂര്‍ ബാങ്കിന് നല്‍കിയതാര്, അത് പിന്‍വലിച്ചതാര് എന്നത് സംബന്ധിച്ചുള്ള രേഖകള്‍ ബാങ്കിന്റെ പക്കലില്ല എന്നതിനര്‍ത്ഥം ഉന്നത രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നു. കരുവന്നൂര്‍ സഹകരണബാങ്കിന്റെ ഭരണസമിതിയില്‍പ്പെട്ട ചില ഇഡി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിളിച്ച് ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: