തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഉച്ചയ്‌ക്ക് ശേഷം മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നതെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴയ്‌ക്ക് സാധ്യത. ഉച്ചയ്‌ക്ക് ശേഷം ശക്തമാകുന്ന മഴ പിറ്റേന്ന് പുലര്‍ച്ചെ വരെ തുടരാനും സാധ്യത ഉണ്ട്. അതിനാല്‍ മലയോരമേഖലകളില്‍ അടക്കം കനത്ത ജാഗ്രത വേണം. മത്സ്യത്തൊഴിലാളികള്‍ ഒരു മുന്നറിയിപ്പുണ്ടാകുന്നത് വരെ കടലില്‍ പോകരുത്. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ടെന്നും നിര്‍ദ്ദേശമുണ്ട്.
തെക്കേ ഇന്ത്യക്ക് മുകളിലായി നിലനില്‍ക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മര്‍ദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. ഇത് വടക്കോട്ട് നീങ്ങുന്നതിന് അനുസരിച്ച് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച എറണാകുളത്ത് ശക്തമായുണ്ടായ മഴയെസ തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത് ചിലത് റദ്ദാക്കുകയും ചെയ്തു.
ഏറനാട് എക്‌സ്പ്രസ്, റപ്തിസാഗര്‍, ബിലാസ്പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും. നാഗര്‍കോവില്‍ നിന്നും 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂര്‍ വൈകി) പുറപ്പെടും. രാവിലെ 06.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂര്‍ റപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂര്‍ 10 മിനിറ്റ് വൈകി) കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂര്‍ പോകേണ്ട സൂപ്പര്‍ ഫാസ്റ്റ് 11.15 ന് (2 മണിക്കൂര്‍ 45മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: