ബെംഗളൂരു: കര്‍ണാടകയില്‍ ശക്തമായ മഴ തുടരുന്നു. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് പാത വെള്ളത്തില്‍ മുങ്ങി. വെള്ളക്കെട്ടിനെ തുടര്‍ന്ന് കനകപുര റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. ഹൈവേയിലെ വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളിലും അതിശക്തമായ മഴ തുടരുന്നു. പലയിടത്തും പുഴകളും തടാകങ്ങളും കരകവിഞ്ഞു. ഡ്രൈനേജ് നിര്‍മാണം പൂര്‍ത്തിയാവാത്തതും വെള്ളക്കെട്ടിനിടയാക്കിയിട്ടുണ്ട്. ഒരു സ്വകാര്യ ബസ് വെള്ളപ്പൊക്കത്തില്‍ ഭാഗികമായി മുങ്ങിയതും യാത്രക്കാരെ വാഹനത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതും ദൃശ്യങ്ങളും പുറത്ത് വന്നു.
രാമനഗര ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 134 മില്ലിമീറ്റര്‍ മഴ പെയ്തതിനാല്‍ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സ്കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചതായി രാമനഗര പോലീസ് സൂപ്രണ്ട് കെ സന്തോഷ് ബാബു പ്രസ്താവനയില്‍ അറിയിച്ചു.
”രാമനഗര ജില്ലയിലെ കനത്ത മഴയില്‍ നിരവധി തടാകങ്ങള്‍ കരകവിഞ്ഞൊഴുകുകയും ദേശീയപാതയില്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തു. മൈസൂര്‍ റൂട്ടിലോ ബെംഗളൂരു-കുണിഗല്‍-മൈസൂരു വഴിയോ യാത്ര ചെയ്യേണ്ടതാണെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: