ലോസേന്: ജാവലിനിലെ ഇന്ത്യന്‍ നക്ഷത്രമാണ് താനെന്ന് നീരജ് ചോപ്ര വീണ്ടും തെളിയിച്ചു. ഡയമണ്ട് ലീഗില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ താരമെന്ന പകിട്ട് ലോസേന് ഡയമണ്ട് ലീഗില്‍ നീരജ് കഴുത്തിലണിഞ്ഞു. ഇതോടെ, അടുത്ത മാസം സൂറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലേക്കും 2023ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും നീരജ് യോഗ്യത നേടി. 85.20 മീറ്ററാണ് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മാനദണ്ഡം.
പരിക്കു മൂലം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനാകാതിരുന്നതിന്റെ നിരാശ ലോസേനില്‍ നീരജ് തീര്‍ത്തു. 89.09 മീറ്റര്‍ ദൂരമെറിഞ്ഞ് എതിരാളികളെ ഏറെ പിന്നിലാക്കിയാണ് നീരജിന്റെ സുവര്‍ണനേട്ടം. കരിയറിലെ മൂന്നാമത്തെ മികച്ച ദൂരവുമാണിത്. ആദ്യ ശ്രമത്തില്‍ തന്നെ 89.09 മീറ്റര്‍ ദൂരത്തേക്ക് നീരജ് ജാവലിന്‍ പായിച്ചു. രണ്ടാമത്തേതില്‍ 85.18 മീറ്റര്‍, നാലാമത്തേത് ഫൗളായപ്പോള്‍, അഞ്ചാമത്തേത് എറിഞ്ഞില്ല. ആറാം ശ്രമത്തില്‍ 80.04 മീറ്ററും എറിഞ്ഞു.
ടോക്കിയൊ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് യാക്കൂബ് വാദ്ലെച്ച് 85.88 മീറ്റര്‍ ദൂരമെറിഞ്ഞ് വെള്ളിയും യുഎസിന്റെ കുര്‍ടിസ് തോംപ്സണ് വെങ്കലവും നേടി, 83.72 മീറ്റര്‍. ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റിക്കാര്‍ഡും നീരജ് സ്വന്തമാക്കി. ഇവിടെ ആദ്യ ആറ് സ്ഥാനങ്ങളിലെത്തിയവര്ക്കാണ് ഡയമണ്ട് ലീഗ് ഫൈനല്‍സ് യോഗ്യത. അടുത്ത മാസം ഏഴ്, എട്ട് ദിവസങ്ങളിലാണ് ഫൈനല്‍. സ്റ്റോക്ഹോം ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി നേടിയിരുന്നു. ഡയമണ്ട് ലീഗിലെ ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ എന്ന നേട്ടം അന്ന് നീരജ് സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: