കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യ പ്രതി അര്ജുന് ആയങ്കി അറസ്റ്റില്‍. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പാര്‍ട്ടി ഗ്രാമത്തില്‍ കൊണ്ടോട്ടി പോലീസ് തെരച്ചില്‍ നടത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതിയാണ് അര്ജുന് ആയങ്കി. കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ ഒളിവില്‍ പോവുകയായിരുന്നു. അര്‍ജുനുവേണ്ടിയുള്ള അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും നീണ്ടതിന് പിന്നാലെയാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്.
ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് നിലവില്‍ അറസ്റ്റ് ചെയ്്തിരിക്കുന്നത്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു ഇവരുടെ പരിപാടി. കേസില്‍ ഇതുവരെ നാല് പേര് അറസ്റ്റിലായിട്ടുണ്ട്.
2021ല്‍ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്ജുന് ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന അര്ജുന് ആയങ്കി പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തി വരികയായിരുന്നു. കേസില്‍ ഉള്‍പ്പെട്ടതോടെയാണ് പാര്‍ട്ടി ഇയാളെ പുറത്താക്കിയത്.
എന്നാല്‍ പുറത്താക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള വെറുമൊരു നടപടിയാണെന്നാണ് പെരിങ്ങയില്‍ നിന്നും ഇയാളെ പിടി കൂടിയതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ അര്ജുന് സഹായം നല്കുന്ന പലരുമുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി ഗ്രാമത്തില്‍ ഇയാള്‍ക്ക് ഇത്രയും നാള് ഒളിവില്‍ കഴിയാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: