തിരുവനന്തപുരം: പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് റീബില്‍ഡ് കേരളയുമായി ചേര്‍ന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സാമൂഹ്യ സേവന വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്സ് പൂര്‍ത്തീകരിച്ച 255 വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ദയയും ദാനവുമാണ് ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്രയെന്നും മറ്റുള്ളവര്‍ക്ക് നന്മചെയ്യാനാണ് എല്ലാ മതങ്ങളും ഉത്ബോധിപ്പിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം ലഭിക്കുക. ശബ്ദമില്ലാത്തവരുടെ ശബ്ദമായും സങ്കടപ്പെടുന്നവര്‍ക്ക് താങ്ങായാല്‍ മാത്രം തന്നെ മനസ്വസ്ഥത ലഭിക്കും. സമാധാനത്തോടെയും സഹായ മനസ്കതയോടെയും ജീവിക്കുകയെന്നതായിരിക്കണം നാം ഓരോരുത്തരുടെയും ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ഷങ്ങളുടെ അധ്വാനത്താല്‍ പണിത വീടുകള്‍ നിമിഷ നേരത്തില്‍ തകര്‍ന്നു പോകുന്നതു കണ്ട് നിസഹായരായി നില്‍ക്കേണ്ടി വന്നവര്‍ക്ക് സുരക്ഷിതമായ വീടുകള്‍ തിരിച്ചു നല്‍കാനാകുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ഇതൊട്ടും ചെറിയ ദൗത്യം ആയിരുന്നില്ല. എന്നാല്‍ സമാന ചിന്താഗതിക്കാരായ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെയും ആസ്റ്റര്‍ വോളന്റിയര്‍മാരുടെ സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ബൃഹത്തായ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.
വീടുകള്‍ നിര്‍മിക്കാനായി പിന്തുണച്ച വ്യക്തികള്‍, എന്‍ജിഒകള്‍, അസോസിയേഷനുകള്‍, ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ആസ്റ്റര്‍ ഹോംസിന്റെ ഔേദ്യാഗിക വെബ്സൈറ്റായ യുടെ പ്രകാശനവും നടത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള പുനര്‍നിര്‍മാണ പദ്ധതിയുമായി ചേര്‍ന്ന് 15 കോടി ചെലവഴിച്ചാണ് 255 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇതില്‍ 60 ആസ്റ്റര്‍ ജീവനക്കാര്‍ ചേര്‍ന്ന് 2.25 കോടി രൂപ ചെലവിട്ട് നിര്‍മിച്ചു നല്കിയ 45 വീടുകളും ഉള്‍പ്പെടും. വീടു നഷ്ടപ്പെട്ടവരില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ആ സ്ഥലങ്ങളിലും ഭൂമിയില്ലാത്തവര്‍ക്ക് ചിലര്‍ സൗജന്യമായി നല്കിയ ഭൂമിയില്‍ ക്ലസ്റ്റര്‍ ഭവനങ്ങളുമാണ് നിര്‍മിച്ചത്. പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ പുതുക്കി പണിതു നല്‍കുകയും ചെയ്തു. 2018 സെപ്തംബറിലായിരുന്നു ആസ്റ്റര്‍ ഹോംസ് പദ്ധതി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: