വഴിവിട്ട നിയമനങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ, സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ-പ്രതിപക്ഷങ്ങളുടെ സംയുക്ത പടയൊരുക്കം. ഇതിന്റെ ഭാഗമായി ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്കുള്ള അധികാരം കവരുന്ന നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ പരസ്പരം ധാരണയായി. ബില്ല് അവതരിപ്പിക്കാന്‍ പ്രതിപക്ഷം മൗനാനുവാദം നല്‍കുകയായിരുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അനധികൃത നിയമനം, ഒരുകൂട്ടം ഓര്‍ഡിനന്‍സുകളില്‍ ഒരുമിച്ച് ഒപ്പിടല്‍ തുടങ്ങിയ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ഗവര്‍ണര്‍ പ്രതികരിച്ചതോടെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞത്. സര്‍വ്വകലാശാല ഭേദഗതി ബില്ലിലൂടെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള ഗവര്‍ണറുടെ അധികാരം കവര്‍ന്നെടുക്കാനാണ് സിപിഎം തീരുമാനം. നേരത്തെ വേണ്ടെന്നുവച്ച ബില്‍ പുതിയ സാഹചര്യത്തില്‍ ഈ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാനാണ് നീക്കം. വിസി നിയമനത്തിന് വേണ്ട സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ അഞ്ച് പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതാണ് പ്രധാന ഭേദഗതി. ഇതോടെ സെര്‍ച്ച് കമ്മറ്റിയിലെ ഗവര്‍ണറുടെ മേധാവിത്വം ഇല്ലാതാകും.
ഇതിന് പ്രതിപക്ഷത്തിന്റെ മൗനാനുമതിയുണ്ട്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ കക്ഷിചേരില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. യൂണിവേഴ്സിറ്റി ഭേദഗതി ബില്ലിനെ പരോക്ഷമായി അനുകൂലിക്കുമെന്ന് ഇതോടെ ഉറപ്പായി. എന്നാല്‍ നിയമസഭയയില് അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയില്‍ സര്‍വ്വകലാശാല ഭേദഗതി ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ബില്‍ കൊണ്ടുവരാന്‍ 16നു ചേര്‍ന്ന മന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ബില്‍ അവതരിപ്പിക്കാനാണ് നീക്കം.
ബില്‍ സഭയില്‍ അവതരിപ്പിച്ചാലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമമാകൂ. ബില്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കുകയോ ഗവര്‍ണര്‍ക്ക് ചെയ്യാം. ബില്‍ സര്‍ക്കാരിന് തിരിച്ചയച്ചാല്‍ മാത്രമേ സര്‍ക്കാരിന് വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കാനാകൂ. അങ്ങനെ അയച്ചാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടിവരും.
അതിനിടെ ഇടതു മുന്നണി നേതാക്കളും പാര്‍ട്ടികളും ഗവര്‍ണര്‍ക്കെതിരെ തോളോടു തോള് ചേര്‍ന്ന് ഇറങ്ങിക്കഴിഞ്ഞു. സിപിഐ മുഖപത്രമായ ജനയുഗം ഇന്നലെ ഗവര്‍ണര്‍ക്കെതിരെ മുഖപ്രസംഗമെഴുതി. സര്‍ക്കാര്‍ വിരുദ്ധ മാദ്ധ്യമങ്ങളുടെ അജണ്ടകള്‍ക്കനുസൃതമായി തന് പ്രമാണിത്തത്തോടെ പെരുമാറുകയാണ് ഗവര്‍ണര്‍, സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു, അവയുടെ കീര്‍ത്തി നശിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്, ഇല്ലാത്ത അധികാരമെടുത്തണിഞ്ഞ് മേനി നടിക്കുകയാണ്… തുടങ്ങിയവയാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.
ഗവര്‍ണര്‍ക്കെതിരെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കും ഇടതു മുന്നണി കണ്‍വീനര്‍ എം.വി. ജയരാജനും ഇന്നലെ രംഗത്തെത്തി. ഗവര്‍ണര്‍ മാന്യത വിടുന്നുവെന്നാണ് ഐസക്കിന്റെ പരാമര്‍ശം. ജനങ്ങളെ ഇറക്കി പ്രക്ഷോഭം സംഘടിപ്പിച്ച് ഗവര്‍ണ്ണറെ പുറത്താക്കുമെന്നാണ് ജയരാജന്റെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: