വിജയ് സി. എച്ച്
ഈയിടെ പ്രഖ്യാപിച്ച സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാര്‍ഡുകളില്‍ യുവപ്രതിഭാ പുരസ്കാരം നേടിയ കടന്നമണ്ണ ശ്രീനിവാസന് കളമെഴുത്തിനെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുന്നൊരു കലാകാരന്.
കേരള സാംസ്കാരിക വകുപ്പിന്റെ അംഗീകാരമുള്ള ഇരുപത്തിയേഴു അനുഷ്ഠാന കലകളില്‍ ഒരു പക്ഷെ ഏറ്റവും പുരാതനമായതാണ് കളമെഴുത്ത്. കളം വരച്ചതിനു ശേഷം സ്തോത്രങ്ങള്‍ ചൊല്ലുന്നതിനാല്‍, ഈ ശില്പവിദ്യയുടെ ഔപചാരികമായ നാമം ‘കളമെഴുത്തും പാട്ടു’മെന്നാണ്.
ക്ലാസ്സിക് പരിവേഷമുള്ളൊരു ഗ്രാമീണ കലയുടെ കാല് നൂറ്റാണ്ടു കാലത്തെ ജനകീയവല്ക്കണം പരിഗണിച്ചാണ് ക്ഷേത്രകലാ അക്കാദമി ഈ മങ്കട (മലപ്പുറം ജില്ല) സ്വദേശിയെ യുവപ്രതിഭാ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്.
സംഘകാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ജന്മം കൊണ്ടൊരു ആചാരമാണ് കളമെഴുത്ത്. എന്നാല്‍, ശതാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ ക്ഷേത്രാനുഷ്ഠാനം കലാപരതയുള്ളൊരു നാടന്‍ കലയായി പരിണമിച്ചു. ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടു വരെ നീണ്ടുനിന്ന അറുനൂറു വര്‍ഷങ്ങളാണ് ദക്ഷിണേന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പുഷ്കലമായ സംഘകാലം.
”മലയാള ഭാഷയുടെ അടിസ്ഥാന രൂപീകരണമാണ് സംഘകാലത്തെ ഏറ്റവും വലിയ നേട്ടമായി നാം കരുതുന്നതെങ്കിലും, ഈ കാലയളവില്‍ തന്നെ പിറവികൊണ്ട സാംസ്കാരിക മികവുകളിലൊന്നാണ് കളത്തില്‍ ആവിഷ്കരിയ്ക്കുന്ന വര്‍ണ്ണനകള്‍. യഥാര്‍ത്ഥത്തില്‍, ഭാരതീയ ചുമര്‍ചിത്രകലയുടെ പിതാവാണ് കളമെഴുത്ത്,” ശ്രീനിവാസന് പറഞ്ഞു തുടങ്ങി.
ഗ്രാമീണമായ ആവിഷ്കാരം
കേരളത്തില്‍ പൊതുവെ കണ്ടുവരുന്നൊരു ആചാര കലാരൂപമാണെങ്കിലും, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന വള്ളുവനാട്ടിലാണ് കളംപാട്ടിന് കൂടുതല്‍ പ്രചാരമുള്ളത്. വേലകളും താലപ്പൊലികളും അരങ്ങേറുന്ന മണ്ണില്‍ അലിഞ്ഞു ചേര്‍ന്നതാണ് ഈ ആവിഷ്കാരം. പാലക്കാടു മുതല്‍ പൊന്നാനിവരെ പരന്നുകിടക്കുന്ന പ്രദേശത്തെ ഒട്ടുമിക്ക അമ്പലങ്ങളിലും ഉത്സവങ്ങള്‍ക്കു മുന്നോടിയായി കളമെഴുതി പാട്ടുപാടുന്നു. പ്രകൃത്യാ ഉള്ള അഞ്ചു വര്ണ്ണപ്പൊടികള് ഉപയോഗിച്ചു ദേവീദേവന്മാരെ ചിത്രീകരിക്കുന്നതാണ് കളമെഴുത്ത്. ക്ഷേത്രത്തിനു പുറത്താണ് കളമിടുന്നതെങ്കില്‍ ചാണകം മെഴുകിയ തറയില്‍ ഉമിക്കരിയാണ് എഴുത്തിന്റെ പ്രഥമ ലേപനം. പൊടികള്‍ അല്പാല്പമായി ശ്രദ്ധാപൂര്‍വ്വം ഇട്ട് രൂപങ്ങള്‍ രചിക്കുന്നത് വിരലുകള്‍കൊണ്ടാണ്. ബ്രഷ്, പാലെറ്റ് മുതലായ ചിത്രകലാ സഹായ സാമഗ്രികളൊന്നും കളമെഴുത്തിന് ഉപയോഗിക്കുന്നില്ല. വാതില്‍പുറ കളമെഴുത്തിന് കുരുത്തോല പന്തല്‍ പതിവുണ്ട്. ഉത്സവ ചടങ്ങുകളുടെ ഭാഗമായി കളമിടുന്നത് ക്ഷേത്ര അകത്തളത്തിലാണെങ്കിലും സൗകര്യമുള്ള പക്ഷം അവിടെയും കുരുത്തോല കെട്ടി അലങ്കരിക്കാറുണ്ട്.
പഞ്ചവര്‍ണ്ണപ്പൊടികള്‍
പ്രകൃതിദത്തമായ അഞ്ചു വര്ണ്ണപ്പൊടികളാണ് കളമെഴുതാന്‍ ഉപയോഗിക്കുന്നത്. ഉണങ്ങല്ലരി പൊടിച്ചു വെള്ളപ്പൊടിയും, മഞ്ഞള്‍ പൊടിച്ചു മഞ്ഞപ്പൊടിയും, ഉമി കരിച്ചു കറുത്ത പൊടിയും, മഞ്ചാടിയില പൊടിച്ചു പച്ചപ്പൊടിയും, മഞ്ഞളും ചുണ്ണാമ്പും തിരുമ്മിച്ചേര്ത്തു ചുവന്ന പൊടിയും നിര്‍മ്മിക്കുന്നു. ഈ പഞ്ചവര്‍ണ്ണങ്ങള്‍ യഥാക്രമം പഞ്ചലോഹങ്ങളായ വെള്ളി, സ്വര്‍ണ്ണം, ഇരുമ്പ്, പിച്ചള, ചെമ്പ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. കല്ലാറ്റ് കുറുപ്പെന്ന് സ്ഥാന നാമമുള്ള കലാകാരനാണ് കളം ചിത്രകാരനും ഗായകനും. അസ്തമയത്തിനു മുന്നെ കുറുപ്പ് ദേവരൂപം വരച്ചു തീര്‍ക്കും. തുടര്‍ന്ന് തന്ത്രിവാദ്യമായ നന്തുണിയുടെ അകമ്പടിയോടെ, കുറുപ്പ് കളംപാട്ട് ആരംഭിക്കും. കുറുപ്പിന്റെ ആലാപനത്തിനൊപ്പം മാരാരുടെ ചെണ്ട കൊട്ടും, നമ്പൂതിരിയുടെ പൂജയും കൂടിയാകുമ്പോള്‍ കളമെഴുത്തും പാട്ടും ഏറെ കമനീയമായിത്തീരുന്നു! കളബലിയാണ് (തിരി ഉഴിച്ചില്‍) അവസാനത്തെ ചടങ്ങ്. താമസിയാതെ വെളിച്ചപ്പാടോ കുറുപ്പോ കളം മായ്ക്കുന്നു. കളപ്പൊടി ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നതോടെ കാര്യക്രമത്തിന് സമാപ്തിയായി.
കളംപാട്ടു കുടുംബത്തില്‍ ജനനം
ഞാന്‍ ജനിച്ചു വളര്‍ന്നത് ഒരു കളംപാട്ടുകലാ കുടുംബത്തിലാണ്. കളംപാട്ടിനുള്ള 2004-ലെ കേരള ഫോക്ലോര് അക്കാദമി പുരസ്കാര ജേതാവായ കടന്നമണ്ണ നാരായണ കുറുപ്പാണ് മുത്തച്ഛന്. അച്ഛന് കടന്നമണ്ണ നാരായണന്‍കുട്ടി കുറുപ്പും കളംപാട്ടു കലാകാരനാണ്. കളംപാട്ടിനെക്കുറിച്ചുള്ള അവഗാഹം ഇവരില്‍ നിന്നാണ് എനിയ്ക്കു ലഭിച്ചത്. അടുപ്പിലെ ചാരം ഉപയോഗിച്ചായിരുന്നു കളമെഴുത്ത് പരിശീലനം. ആറു വയസ്സു മുതല്‍ വീട്ടുമുറ്റത്ത് കുറേശ്ശെയായി വരച്ചു പഠിക്കുവാന്‍ തുടങ്ങി. ഏറ്റവുമാദ്യം ഒരു ക്ഷേത്രത്തില്‍ കളമെഴുതിയത്, പാട്ട് അരങ്ങേറ്റം നടത്തിയ കീഴാറ്റൂര്‍ മുതുകുര്‍ശ്ശിക്കാവ് ക്ഷേത്രത്തില്‍ തന്നെയായിരുന്നു. അച്ഛന് കളം കുറിച്ചതിനു ശേഷം ദേവരൂപത്തിന്റെ കൈകാലുകള്‍ക്ക് പച്ചപ്പൊടി കുടഞ്ഞാണ് കളമെഴുത്തിന്റെ ഔപചാരികമായ ആരംഭം കുറിച്ചത്. ഈ ആവിഷ്കാരത്തിന്റെ ആലാപന ശൈലി ചെറുപ്പം മുതല്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അതിനാല്‍ കളം രചന പഠിക്കുംമുന്നെ ആലാപനം അഭ്യസിച്ചു തുടങ്ങി. ഇതുകൊണ്ടാകാം ഇന്ന് കളംപാട്ടിലെ പാദാദികേശ വര്‍ണ്ണന, സ്തുതി മുതലായ പാട്ടുകളില്‍ കൂടുതല്‍ യുക്തമായ രാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ചൊല്ലാന്‍ എനിക്കു സാധിക്കുന്നത്. മലയാളത്തിലും ചെന്തമിഴിലുമുള്ള സോപാന സംഗീതത്തിന്റെയും, നാടന്‍ പാട്ടിന്റെയും മിശ്രണമാണ് സ്തുതിയുടെ വരികള്‍. ശങ്കരാഭരണം, നാട്ട, കാനഡ, സാരംഗം, അഠാണ, മദ്ധ്യമാവതി തുടങ്ങിയ രാഗങ്ങളില്‍ ഞാന്‍ ഇപ്പോള്‍ പാടിക്കൊണ്ടിരിക്കുന്നു.
ശില്പശാലകള്, പ്രതികരണങ്ങള്‍
അതിപുരാതന അനുഷ്ഠാനമായ കളമെഴുത്തുപാട്ടിനെ എല്ലാവരിലേക്കും എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശില്‍പ്പശാലകള്‍ ആരംഭിച്ചത്. സ്കൂളുകളിലും കോളേജുകളിലും നടത്തുന്ന പരിപാടികളില്‍ ഈ ആവിഷ്കാരത്തിന്റെ ഐതിഹ്യവും ചരിത്രവും കളമെഴുതാന്‍ ഉപയോഗിക്കുന്ന പൊടികള്‍ ഉണ്ടാക്കുന്ന രീതിയും വിദ്യാര്‍ത്ഥികള്‍ക്ക് വിവരിച്ചു കൊടുക്കുന്നു. തുടര്‍ന്ന് കളം വരച്ച്, നന്തുണി വായിച്ചുകൊണ്ട് പാട്ടും പാടുന്നു. ശില്‍പ്പശാലകള്‍ പൊതുസ്ഥാപനങ്ങളില്‍ നടത്തുന്നതിനാല്‍ ജാതിമത ഭേദമന്യേ താല്പര്യമുള്ളവര്ക്കെല്ലാം ഈ കലാരൂപത്തെ കുറിച്ച് അറിയാന്‍ അവസരം ലഭിക്കുന്നു. 2018-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഫോക്ലോര് പഠന വിഭാഗത്തില്‍ നടന്ന കളംപാട്ട് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട്, വൈസ് ചാന്‍സലര്‍ ഡോ:മുഹമ്മദ് ബഷീര്‍ പ്രസ്താവിച്ചത്, ക്ഷേത്രങ്ങള്‍ക്കകത്ത് മാത്രം നടക്കുന്ന ഒരു അനുഷ്ഠാനകല സകലര്‍ക്കും പരിചയപ്പെടുത്തുകയാണ് ശ്രീനിവാസനെന്നും, ഒരു കലാകാരന് പരിപൂര്‍ണ്ണനാകുന്നത് താന്‍ ഉപാസിക്കുന്ന കല സമൂഹത്തില്‍ പ്രചാരണം ചെയ്യുമ്പോഴാണെന്നുമാണ്. 2019-ല്‍ കോട്ടയ്ക്കല്‍ പുതുപ്പറമ്പ് സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ നടന്ന കളംപാട്ട് ശില്‍പ്പശാലയില്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്സില ജോര്‍ജ് അഭിപ്രായപ്പെട്ടത്, കേരളത്തിന്റെ അനുഷ്ഠാനകലകളില് ഏറ്റവും പ്രധാനപ്പെട്ട കളമെഴുത്തു പാട്ടിനെ ജാതിമത വേര്‍തിരിവ് കൂടാതെ എല്ലാവരിലുമെത്തിക്കുന്ന ശ്രീനിവാസന്റെ ഉദ്യമം വളരെ പ്രശംസനീയമാണെന്നാണ്. ”ഞാന്‍ പഠിച്ച മങ്കട സര്‍ക്കാര്‍ ഹൈസ്കൂളിലാണ് 2015-ല്‍ പ്രഥമ കളംപാട്ട് ശില്‍പ്പശാല അരങ്ങേറിയത്. അതിനുശേഷം 67 സ്കൂളുകളും, 25 കോളജുകളും ഉള്‍പ്പെടെ 92 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുവരെ കളംപാട്ട് ശില്പശാലകള് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവണ്മെന്റ് സംഗീത കോളജ്, പാലക്കാട് വിക്റ്റോറിയ കോളജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളജ്, കോഴിക്കോട് ഫാറൂഖ് കോളജ്, കോഴിക്കോട് ഗുരുവായൂരപ്പന് കോളജ്, മലപ്പുറം ഗവണ്മെന്റ് കോളജ്, വളാഞ്ചേരി എം.ഇ.എസ് കോളജ്, ചിറ്റൂര്‍ ഗവണ്മെന്റ് കോളജ്, കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ്, നാട്ടിക എസ്.എന്‍ കോളജ് തുടങ്ങിയവ ശില്പശാലകള്ക്ക് സാക്ഷ്യം വഹിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലതാണ്. 56 ഫേസ്ബുക്ക് ലൈവ് കളംപാട്ട് ശില്‍പ്പശാലകളിലായി രണ്ടു ലക്ഷത്തിനുമേല്‍ വ്യൂവര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. ”ശതാബ്ദങ്ങളുടെ ചരിത്രമുള്ള കളമെഴുത്തുപാട്ട് ഇന്ന് പ്രചാരലുപ്തത നേരിടാന്‍ കാരണം ഈ പൈതൃകത്തെക്കുറിച്ച് അറിയാനുള്ള അവസരം സാധാരണക്കാര്‍ക്ക് ഒരുക്കിക്കൊടുക്കാത്തതുകൊണ്ടാണ്. ആയതിനാല്‍ ശ്രീനിവാസന് ഏറ്റെടുത്തു നടത്തുന്ന ജനകീയവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ ഞാന്‍ അങ്ങേയറ്റം വിലമതിക്കുന്നു,” കഥകളിയുടെ കാരണവര്‍ കലാമണ്ഡലം ഗോപിയാശാന് വ്യക്തമാക്കുന്നു.
ക്രൂരമായ വിമര്‍ശനങ്ങള്‍
”സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും താഴ്ത്തികെട്ടലുകളും പരിഹാസങ്ങളും എന്നും ഏറ്റുവാങ്ങേണ്ടി വരുന്നത് വേദനാജനകമാണ്. കളംപാട്ടിന് ചെലവാക്കുന്ന സമയംകൊണ്ട് എന്തെങ്കിലും ഒരു കൈത്തൊഴില്‍ പഠിക്കുന്നത് എത്ര നന്നെന്നും, പുതിയ ലോകത്ത് കളംപാട്ടിന് പ്രസക്തിയൊന്നുമില്ലെന്നുമാണ് പലരുടെയും ക്രൂരമായ വിമര്‍ശനം. പ്രോത്സാഹിപ്പിച്ചില്ലെങ്കിലും മനസ്സിനിണങ്ങുന്നൊരു കലാരൂപം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്നെങ്കിലും അവര്‍ക്ക് ചിന്തിച്ചുകൂടേ? വരയും ഗാനവും ഹൃദ്യമായി സംഗമിക്കുന്ന അപൂര്‍വ്വമായൊരു പൈതൃക കലയുമായി ഒരാള്‍ പ്രണയത്തിലാകുന്നത് ഇത്ര വലിയ അപരാധമാണോ?”
ശ്രീനിവാസന് ചോദിക്കുന്നു
ഒരു ജീവിത പങ്കാളിയെ തേടി ചെല്ലുമ്പോള്‍, കളംപാട്ടുകൊണ്ട് ഒരു കുടുംബം എങ്ങനെ പുലര്‍ത്തുമെന്നാണ് പെണ്‍വീട്ടുകാര്‍ അവജ്ഞയോടെ ചോദിക്കുന്നത്. സ്ഥിര വരുമാനവും സര്‍ക്കാര്‍ ഉദ്യോഗവുമാണ് വിവാഹാഭ്യര്‍ത്ഥനയ്ക്കുള്ള മാനദണ്ഡം. ഒരു കളത്തിന് ദക്ഷിണയായി എനിക്ക് ലഭിയ്ക്കുന്നത് ആയിരം രൂപയാണ്. പക്ഷെ, വര്‍ഷത്തില്‍ ആറു മാസം മാത്രമാണ് കളം പാട്ടിന്റെ കാലം. വേലകളും താലപ്പൊലികളുമില്ലാത്ത ബാക്കി ആറുമാസത്തില്‍ കളം കലാകാരന്റെ അടുപ്പില്‍ തീ പുകയേണ്ടേ? അവശ കലാകാരന്മാര്ക്കു നല്‍കിവരുന്നതു പോലെ യുവ കലാകാരന്മാര്ക്കും അര്‍ഹിക്കുന്ന സാമ്പത്തിക സഹായം സര്‍ക്കാരില്‍ നിന്നും ബന്ധപ്പെട്ട അക്കാദമികളില്‍ നിന്നും ലഭിക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ. കല്ലാറ്റ് കുറുപ്പന്മാരുടെ കുലത്തൊഴിലാണ് കളം. എന്നാല്‍ അതിനര്‍ത്ഥം അധികൃതര്‍ പിന്തുണയൊന്നും നല്കേണ്ടതില്ലായെന്നല്ലല്ലൊ!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: