തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് സഹകാര്‍ഭാരതി ആവശ്യപ്പെട്ടു. നിക്ഷേപങ്ങള്‍ക്ക് സുരക്ഷ നല്‍കാനാണ് 2000ല്‍ നിക്ഷേപഗ്യാരണ്ടി പദ്ധതി സര്‍ക്കാര്‍ കൊണ്ടു വന്നത്. എന്നാല്‍ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളെയും അംഗമാക്കുന്നതില്‍ സഹകരണ വകുപ്പ് പരാജയപ്പെട്ടു.
നിലവില്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപം വലിയ രീതിയില്‍ കുറഞ്ഞ് വരുന്നു. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുകള്‍ പുറത്തു വന്നതോടെയാണ് മറ്റ് സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെയും കാര്യമായി ബാധിച്ചത്. ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതിനാല്‍ സഹകരണ സംഘങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയായിരുന്നു.
പ്രളയവും കൊവിഡും സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. എന്നിട്ടും സര്‍ക്കാരിനെ സഹായിക്കാനായി നിരവധി തവണ സഹായഹസ്തവുമായി സഹകരണ സ്ഥാപനങ്ങള്‍ രംഗത്ത് വന്നു. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്ക്കുന്ന സ്ഥിതിയും.
സാധാരണക്കാരുടെ സഹായ ഹസ്തമായ സഹകരണ സ്ഥാപനങ്ങളെ കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. കൂടാതെ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന അരലക്ഷത്തോളം വരുന്ന ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തണമെന്നും സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: