കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ഗവര്‍ണര്‍ സ്റ്റേ ചെയ്തതിനെതിരെ ഉടന്‍ കോടതിയെ സമീപിക്കില്ല. ഗവര്‍ണറുടെ നപടിക്കെതിരെ സര്‍വ്വകലാശാല അല്ലെങ്കില്‍ പ്രിയ വര്‍ഗീസ് കോടതിയെ സമീപിക്കുമെന്നാണ് ആദ്യം പ്രതികരിച്ചത്.
നിയമനം മരവിപ്പിക്കാനുള്ള ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ആയി കണക്കാക്കാമോ എന്നതില്‍ നിയമോപദേശം തേടും. അതിനു ശേഷം മാത്രം കോടതിയെ സമീപിക്കാനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. ഇതുസംബന്ധിച്ച് പ്രിയ വര്‍ഗീസും തുടര്‍ നടപടി വ്യക്തമാക്കിയിട്ടില്ല.
പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടപടി മരവിപ്പിച്ചത്. വേണ്ടത്ര അധ്യാപകന യോഗ്യതയില്ലാത്ത ആള് നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താന്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ചാന്‍സലര്‍ എന്ന നിലയിലെ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നാണ് സര്‍വ്വകലാശ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ അറിയിച്ചത്. സര്‍വകലാശാലകള്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ തന്റെ ബാധ്യതയാണ്. ചട്ടപ്രകാരമുള്ള നടപടി മാത്രമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ സര്‍വകലാശാലയ്്ക്ക് നോട്ടീസും അയച്ചിട്ടുണ്ട്.
എന്നാല്‍ തന്റെ അധ്യാപന പരിചയ കാലാവധി യുജിസി നിബന്ധനകള്‍ക്ക് വിധേയമാണ്. ഇത് മറച്ചുവെച്ചാണ് ആരോപണവും പരാതിയും ഉന്നയിക്കുന്നതെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തിയാണ് തന്റെ ഉത്തരവ് മരവിപ്പിച്ചതിലൂടെ നടപ്പിലായത്. ഇതാണ് കെ.കെ. രാഗേഷിന്റെ ഭാര്യയെന്ന നിലയില്‍ ലഭിച്ച സവിശേഷ പരിഗണനയെന്നും പ്രിയ വര്‍ഗീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: